- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാസ്കും വേണ്ട; സാമൂഹിക അകലവുമില്ല; ഇവൻ എനിക്കും പ്രിയപ്പെട്ടവൻ! ചോദിച്ചതെല്ലാം വാരിക്കോരിക്കൊടുത്ത് കേന്ദ്രമന്ത്രി; പിണറായിയുടെ മരുമകനെ മകനെ പോലെ കണ്ട് നിതിൻ ഗഡ്ഗരി; ഡൽഹി കോൺഫിഡൻഷ്യലിലെ കോക്കനട്ട് ഓഫർ വെറുതെയായില്ല; ഇനി റോഡ് വികസനം അതിവേഗം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായുള്ള സൗഹൃദം രാഷ്ട്രീയങ്ങൾക്കപ്പുറമാണ്. കേരള സന്ദർശനത്തിനെത്തുമ്പോഴെല്ലാം ക്‌ളിഫ് ഹൗസിൽ എത്തി പിണറായിക്കൊപ്പം സമയം ചെലവഴിച്ചതിനു ശേഷമേ ഗഡ്കരി മടങ്ങുകയുള്ളൂ. ഡൽഹിയിലും ചർച്ചകൾ. ബിജെപിക്കാർക്ക് പോലും ഈ ബന്ധത്തിന്റെ ഇഴയടുപ്പം ഞെട്ടലാണ്. പിണറായിയുടെ മരുമകൻ ഗഡ്കകരിക്ക് സ്വന്തം മകനെ പോലെയാണ്. കുതിരാനിലെ ആ തെറ്റിധാരണകളും മാറി. കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെ വാൽസല്യത്തോടെ അടുത്തേക്ക് ഇരുത്തുകയാണ് ഗഡ്ഗരി.
സംസ്ഥാനത്തെ റോഡ് വികസനം, ദേശീയപാതാ വികസനം തുടങ്ങിയ കാര്യങ്ങളിൽ കേന്ദ്രമന്ത്രിയുമായി നടത്തിയ ചർച്ച ഏറെ ഫലപ്രദമായിരുന്നുവെന്ന് റിയാസ് വ്യക്തമാക്കുന്നു. ഉന്നയിച്ച ആവശ്യങ്ങൾക്കെല്ലാം സഹായം നൽകാമെന്ന് സംസ്ഥാനത്തിന് ഗഡ്കരി ഉറപ്പുനൽകിയാതായും റിയാസ് വ്യക്തമാക്കുന്നു. ഇവർ തമ്മിലെ ചിത്രം അടുപ്പത്തിന് തെളിവുമാണ്. മാസ്‌കില്ലാതെയാണ് റിയാസുമായി കോവിഡു കാലത്ത് ഗഡ്ഗരി ചർച്ച നടത്തുന്നത്. തന്നോട് ചേർത്തിരുത്തിയുള്ള കാര്യകാരണങ്ങൾ തേടൽ. ഇവിടെ സാമൂഹിക അകലവും പാലിക്കുന്നില്ല. ഇതിനെല്ലാം കാരണം പിണറായിയോട് ഗഡ്ഗരിക്കുള്ള ഇഷ്ടക്കൂടുതലാണ്. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ ഗഡ്ഗരിയുടെ ഇടപെടലിനെ റിസായും പുകഴ്‌ത്തുന്നു.
മഖ്യമന്ത്രി പിണറായി വിജയനും ഗഡ്ഗരിയും തമ്മിൽ അടുത്ത ബന്ധമാണുള്ളത്. കേന്ദ്രമന്ത്രിയെ കാണാനെത്തിയപ്പോൾ മുറി അടച്ചിരുന്ന് മുഖ്യമന്ത്രിയുമായി സംസാരിച്ചത് ഏറെ വാർത്തയുമായി. പിണറായി ആവശ്യപ്പെട്ടതെല്ലാം അന്ന് അനുവദിക്കുകയും ചെയ്തു. അന്ന് പിണറായി വിജയൻ മുറിയിലേക്ക് കടന്നു വരുന്നത് കണ്ട കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി തന്റെ ഓഫീസിലുണ്ടായിരുന്ന എല്ലാവരോടും പുറത്തു പോകാൻ നിർദ്ദേശിക്കുകയായിരുന്നു. കേന്ദ്ര-കേരള ഉദ്യോഗസ്ഥർക്ക് ഇതുമൂലം പുറത്തു പോകേണ്ടി വന്നു. അതിന് ശേഷം മുറിയിൽ ഉണ്ടായിരുന്നത് ഗഡ്ഗരിയും പിണറായിയും പിന്നെ രാജ്യസഭാ അംഗവുമായ ജോൺ ബ്രിട്ടാസും മാത്രമായിരുന്നു. ഏറെ നേരം ചർച്ചകൾ നടന്നു. അതിന് ശേഷമായിരുന്നു ഔദ്യോഗിക ചർച്ചയ്ക്ക് ഉദ്യോഗസ്ഥരെ മുറിയിലേക്ക് കേറ്റിയത്.
കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യ രഹസ്യങ്ങളായിരുന്നു കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയും സംസാരിച്ചതെന്നാണ് ഇന്ത്യൻ എക്സ്‌പ്രസ് ചില കേന്ദ്രങ്ങളെ ഉദ്ദരിച്ച് അന്ന് റിപ്പോർട്ട് ചെയ്തത്. നാഗ്പൂരിലെ നാട്ടു മരുന്നുകളിൽ വിദഗ്ധനായ ഡോക്ടർ തന്നോട് ഓറഞ്ച് ജ്യൂസും കരിക്കിൻ വെള്ളവും ചേർത്തു കുടിച്ചാൽ കോവിഡിൽ നിന്ന് അതിവേഗ മുക്തിയുണ്ടാകുമെന്ന് പറഞ്ഞതായി പിണറായിയോട് ഗഡ്കരി പറഞ്ഞുവത്രേ. ദിവസം രണ്ടു നേരം താൻ കരിക്കിൻ വെള്ളം കുടിക്കാറുണ്ടെന്നായിരുന്നു പിണറായിയുടെ മറുപടി. ശുദ്ധമായ കരിക്ക് കേരളത്തിൽ എന്ന് എത്തിക്കാമെന്ന് കേന്ദ്രമന്ത്രിക്ക് പിണറായി ഉറപ്പു നൽകിയെന്നും ഇന്ത്യൻ എക്സ്‌പ്രസ് വാർത്തയിലുണ്ട്. ഡൽഹി കോൺഫിഡൻഷ്യൽ എന്ന പംക്തിയിൽ രസകരമായാണ് ഈ കോക്കനട്ട് ഓഫറിനെ ഇന്ത്യൻ എക്സ്‌പ്രസ് അവതരിപ്പിച്ചത്.
ഗഡ്ഗരി കൂടിക്കാഴ്ചയിൽ റിയാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-'ഡൽഹിയിൽ കേന്ദ്ര റോഡ് ഗതാഗത ഹൈവെ വകുപ്പ് മന്ത്രി ശ്രീ. നിതിൻ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ച വളരെ ഫലപ്രദമായിരുന്നു. റോഡ് വികസനം, ദേശീയപാതാ വികസനം തുടങ്ങിയ കാര്യങ്ങളിൽ അദ്ദേഹവുമായി ചർച്ച നടത്തി. സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെടുത്തി. വളരെ അനുഭാവപൂർണമായ സമീപനമാണ് അദ്ദേഹത്തിൽ നിന്നും ഉണ്ടായത്.
കേരളത്തിലെ പോർട്ടുകളുമായി ബന്ധിപ്പിക്കാവുന്ന റോഡുകൾക്ക് കേന്ദ്ര ധനസഹായം നൽകാമെന്ന് മന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം ഇത് സംബന്ധിച്ച പ്രൊപ്പോസൽ വേഗത്തിൽ തന്നെ സമർപ്പിക്കും. സംസ്ഥാനത്തെ ദേശീയ പാതകളിൽ 1233 കി.മീ. വരുന്ന ഭൂരിഭാഗവും പാതകളും കേരള സർക്കാർ നാഷണൽ ഹൈവേ അഥോറിറ്റി ഒഫ് ഇന്ത്യയ്ക്ക് കൈമാറിയിട്ടുള്ളതിനാൽ ഇവയുടെ അറ്റകുറ്റപ്പണികൾ ചെയ്യാൻ കഴിയാത്ത സാഹചര്യം നിലവിലുണ്ടെന്നും ഇക്കാര്യത്തിൽ ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ അടിയന്തിര നടപടി ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നൽകി.
അറ്റകുറ്റപ്പണികൾക്കായി ഒരു സ്ഥിരം സംവിധാനം ഏർപ്പെടുത്തുന്ന കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പരിഗണിക്കാമെന്ന് ഉറപ്പുനൽകി. അതിനായി ഒരു ഉദ്യോഗസ്ഥനെ അടിയന്തിരമായി ചുമതലപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം പാരിപ്പള്ളി മുതൽ വിഴിഞ്ഞം വരെ 80 കി.മീ. ഔട്ടർ റിങ് റോഡ് നിർമ്മാണം സംബന്ധിച്ചും ചർച്ച നടത്തി. ഇതിന് പ്രിൻസിപ്പൽ അംഗീകാരം ലഭിച്ചു കഴിഞ്ഞതാണ്. 4500 കോടി രൂപയാണ് പദ്ധതി തുക. തിരുവനന്തപുരം നഗരത്തിന്റെ വളർച്ചയ്ക്ക് നിർണായകമാകുന്നതാണ് ഈ പദ്ധതി.
കേരളത്തിന് പുതുതായി അനുവദിച്ച 12 നാഷണൽ ഹൈവേ പദ്ധതികൾക്ക് പ്രിൻസിപ്പൽ അംഗീകാരം കാലതാമസമില്ലാതെ ലഭ്യമാക്കിയതിൽ പ്രത്യേകം നന്ദി അറിയിച്ചു. അതുപോലെ തന്നെ കണ്ണൂർ വിമാനത്താവളം വഴിയുള്ള ചൊവ്വ മട്ടന്നൂർ കുട്ടുംപുഴ വളവുപാറ മാക്കൂട്ടം വിരാജ്പേട്ട മടിക്കേരി മൈസൂർ വരെയുള്ള റോഡിന്റെ സ്ട്രെച്ചിൽ നിന്ന് പ്രധാന പട്ടണമായ തലശ്ശേരി ഒഴിവായത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഭാരത് മാല രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി അനുവദിച്ച റോഡുകളിൽ ചിലത് ഗതി ശക്തി പദ്ധതിയിൽ ഉൾപ്പെടുത്തി വേഗത്തിൽ പൂർത്തിയിക്കാനുള്ള സാദ്ധ്യത പരിശോധിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി'.
മറുനാടന് മലയാളി ബ്യൂറോ