തിരുവനന്തപുരം: സംസ്ഥാനത്തെ റെസ്റ്റ് ഹൗസുകളിൽ പൊതുജനങ്ങൾക്ക് ഓൺലൈനായി ബുക്കുചെയ്യാൻ സൗകര്യം വന്നതോടെ വരുമാനം വർധിച്ചു. ഓൺലൈൻ ബുക്കിങ് ആരംഭിച്ച നവംബർ ഒന്നുമുതൽ 30 വരെ 27.84 ലക്ഷം രൂപയാണ് വരുമാനമുണ്ടായത്. 4604 പേർ റെസ്റ്റ്ഹൗസ് സൗകര്യം ഉപയോഗപ്പെടുത്തി.

റെസ്റ്റ് ഹൗസുകളിൽ ഉദ്യോഗസ്ഥർക്കുള്ള റിസർവേഷൻ നിലനിർത്തിക്കൊണ്ട് ബാക്കിയുള്ള ഇടങ്ങൾ പൊതുജനങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ലഭ്യമാക്കുവാനുള്ള സാഹചര്യം ഒരുക്കുക എന്ന തീരുമാനത്തിന്റെ ഭാഗമായാണ് ഓൺലൈൻ ബുക്കിങ് സൗകര്യം. 1161 മുറികളാണ് സംസ്ഥാനത്താകെയുള്ളതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസുകളെ പൊതുജനങ്ങളുടെ റെസ്റ്റ്ഹൗസാക്കും. എല്ലാ റെസ്റ്റ് ഹൗസുകളിലും ശുചിത്വവും ഭക്ഷണവും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

കൂടുതൽ വരുമാനം ലക്ഷ്യമിടുന്നതിന്റെ ജില്ലയിലുൾപ്പടെ 32 റെസ്റ്റ് ഹൗസുകൾ നവീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള വിശ്രമ മന്ദിരങ്ങളുടെ പരിസരങ്ങൾ മനോഹരമായും ഹരിതാഭമായും പരിപാലിക്കും. പൊതുജന പങ്കാളിത്തത്തോടെ വിശ്രമമന്ദിരങ്ങളെ വൃത്തിയായും മനോഹരമായും പരിപാലിക്കുകയെന്ന പദ്ധതി കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പു തൊഴിലാളികൾ എന്നിവരുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്.

ഹരിതാഭമാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ 14 വിശ്രമ കേന്ദ്രങ്ങളാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ആകെ 156 വിശ്രമമന്ദിരങ്ങളാണ് പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ളത്. ഘട്ടംഘട്ടമായി എല്ലാ മന്ദിരങ്ങളിലും ഓൺലൈൻ റിസർവേഷൻ പദ്ധതി നടപ്പിലാക്കും. ചൂറ്റും വേപ്പ്, ജാതിക്ക, ലക്ഷ്മിതരു തുടങ്ങിയ ഔഷധ സസ്യങ്ങളും മറ്റ് ഫലവൃക്ഷങ്ങളും നടുവാനാണ് പദ്ധതി.