തൃശൂർ: കൊടുങ്ങല്ലൂർ ഏറിയാട് യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങി മരിച്ച നിലയിൽ. കൊടുങ്ങല്ലൂർ സ്വദേശി റിയാസ് ആണ് മരിച്ചത്. ഏറിയാട്ടെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ഏറിയാട്ട് സ്വദേശി റിൻസിയെ കൊലപ്പെടുത്തിയ സ്ഥലത്തിന് സമീപത്തു തന്നെയുള്ള പറമ്പിലാണ് റിയാസിന്റെ മൃതദേഹവും കണ്ടെത്തിയത്.

വ്യാഴാഴ്ച രാത്രി കടപൂട്ടി പോകുകയായിരുന്ന വസ്ത്രവ്യാപാരിയായ റിൻസി(30)യെയാണ് പ്രതി റിയാസ് വെട്ടി പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ റിൻസി ഇന്നലെ രാവിലെ മരിച്ചു. റിൻസിയുടെ കടയിലെ മുൻ ജീവനക്കാരനാണ് റിയാസ്. ആളൊഴിഞ്ഞ സ്ഥലത്ത് മറഞ്ഞുനിന്ന പ്രതി പെടുന്നനെ അക്രമം നടത്തുകയായിരുന്നു.അതുവഴി വന്ന ബൈക്ക് യാത്രികർ ബഹളം വെച്ചതിനെ തുടർന്ന് റിയാസ് സ്ഥലംവിട്ടു.

റിൻസിയുടെ ശരീരത്തിൽ 30-ഓളം തവണ വെട്ടേറ്റിട്ടുണ്ട്. ആക്രമണം തടുക്കാൻ ശ്രമിക്കുന്നതിനിടെ നാല് കൈവിരലുകളും അറ്റുപോയി. ഗുരുതരമായി പരിക്കേറ്റ് തൃശ്ശൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന റിൻസി വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. റിൻസിയെ വെട്ടാൻ ഉപയോഗിച്ചതെന്ന് കരുതുന്ന വലിയ കൊടുവാൾ സമീപത്തെ പറമ്പിൽനിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. റിയാസിന്റെ വീട്ടിൽനിന്ന് രക്തം പുരണ്ട ചെരിപ്പും മൊബൈൽ ഫോണും കണ്ടെടുത്തു. ഇയാൾ ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന ബൈക്കും അതിൽനിന്ന് ഒരു കത്തിയും പൊലീസിന് ലഭിച്ചിട്ടുണ്ട്.

റിൻസിയും ഭർത്താവും ചേർന്ന് നടത്തുന്ന വസ്ത്രവ്യാപാരസ്ഥാപനത്തിലെ മുൻ ജീവനക്കാരനായിരുന്നു ഇവരുടെ അയൽവാസിയായ റിയാസ്. അടുത്തിടെ റിയാസ് ഇവരുമായി തെറ്റിയിരുന്നു. നാലുമാസംമുമ്പ് റിയാസ് ഇവരുടെ വീട്ടിലെത്തി അക്രമം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനെത്തുടർന്ന് റിൻസി പൊലീസിൽ പരാതി നൽകിയിരുന്നു.

റിൻസിയുടെ വീട്ടിൽനിന്ന് നൂറുമീറ്റർ മാത്രം അകലെയാണ് റിയാസിന്റെ വീട്. ദിവസവും റിൻസിയുടെ വീടിനു മുന്നിലൂടെയാണ് ഇയാളുടെ വരവും പോക്കും. ദിവസങ്ങളോളം നടത്തിയ ആലോചനകൾക്കും തയ്യാറെടുപ്പുകൾക്കും ശേഷമാണ് റിയാസ് റിൻസിയെ കൊലപ്പെടുത്തിയതെന്നാണ് സൂചന. കൊലപാതകത്തിന് ഏതാനും മണിക്കൂറുകൾക്കു മുമ്പ് റിയാസ് ഫെയ്‌സ് ബുക്കിൽ സന്ദേശമിട്ടിരുന്നു. ഇതിൽ അക്രമവുമായി ബന്ധപ്പെട്ട സൂചനകൾ നൽകിയിരുന്നു. റിയാസിനെതിരേ റിൻസി പൊലീസിൽ പരാതിനൽകിയതിലുള്ള വൈരാഗ്യവും സംഭവത്തിന് പിന്നിലുണ്ടെന്നാണ് സൂചന.

ദിവസവും രാത്രി എട്ടോടെ ഒന്നര കിലോമീറ്റർ അകലെയുള്ള എറിയാട് സ്‌കൂളിന് സമീപത്തുള്ള കട പൂട്ടി റിൻസിയും ഭർത്താവും മടങ്ങുന്നത് ഇയാൾ നിരീക്ഷിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കാറിലും ബൈക്കിലും മറ്റുമായി മാറിമാറിയാണ് ഇവർ ഓരോ ദിവസവും കടയിൽനിന്ന് വീട്ടിലേക്ക് മടങ്ങിയിരുന്നത്. വ്യാഴാഴ്ച വൈകീട്ട് കുട്ടികൾ കടയിലെത്തിയതിനാൽ എട്ടോടെ അവരെയും കൊണ്ട് റിൻസി സ്‌കൂട്ടറിൽ ആദ്യം വീട്ടിലേക്ക് മടങ്ങി.

ഇതു കണ്ട റിയാസ് ബൈക്കിൽ ഇവരെ പിന്തുടരുകയായിരുന്നു. വീണയുടനെ റിൻസിയെ തലങ്ങും വിലങ്ങും ഇയാൾ വെട്ടി. സംഭവങ്ങളെല്ലാം തൊട്ടടുത്ത വീട്ടിലെ നിരീക്ഷണക്യാമറയിൽ പതിഞ്ഞിരിക്കാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് കരുതുന്നത്.