തിരുവനന്തപുരം: പൾസർ സുനിയാണെന്നു പറഞ്ഞ് സോഷ്യൽ മീഡിയയിൽ വാട്‌സാപ്പിലൂടെയും ഫേസ്‌ബുക്കിലൂടെയും പ്രചരിപ്പിക്കുന്നത് തന്റെ ചിത്രമെന്ന് റിയാസ് ഖാൻ. പ്രമുഖ നടനുമായി കേസിനെ ബന്ധപ്പെടുത്താനാണ് ആ നടന്റെ ഫാൻസ് അസോസിയേഷൻ ഭാരവാഹിയായ തന്റെ ചിത്രം തന്നെ ദുരുപയോഗം ചെയ്തതെന്ന് ഇദ്ദേഹം പറയുന്നു. ദിലീപ് ഫാൻസ് അസോസിയേഷന്റെ നേതാവാണ് റിയാസ് ഖാൻ.

പൾസർ സുനി എന്ന പേര് കേൾക്കുന്നത് തന്നെ പ്രമുഖ നടിയെ ആക്രമിച്ച വാർത്ത പുറത്തുവന്നപ്പോഴാണ്. പക്ഷേ ഇങ്ങനൊരു പണി എനിക്ക് കിട്ടുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. ദിലീപ് ഫാൻസിന്റെ യോഗം ആലപ്പുഴയിൽ നടന്നപ്പോൾ അതിന്റെ ഭാരവാഹികൾ ദിലീപേട്ടനൊപ്പം നിൽക്കുന്ന ചിത്രമാണ് പൾസർ സുനി എന്ന പേരിൽ എന്നെ മാർക്ക് പ്രചരിപ്പിച്ചത്. നടി പീഡിപ്പിക്കപ്പെട്ടു എന്നറിഞ്ഞതു മുതൽ നടൻ ദിലീപിനെ പ്രതിയാക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്.

അതിന്റെ ഭാഗമായാണ് ഞാൻ ദിലീപേട്ടനുമായി നിൽക്കുന്ന ഫോട്ടായും ചേർത്ത് നടക്കുന്ന അപവാദ പ്രചരണം. നിലവാരമില്ലാത്ത പല ഓൺലൈൻ പത്രങ്ങളും സത്യം അന്വേഷിക്കാതെ ഇത് ഏറ്റെടുത്ത് വാർത്തയാക്കി. ഫോട്ടോ എന്റെ ഫേസ്‌ബുക്കിൽ നിന്നും എടുത്തതാണ്. അപ്പോൾ അവർക്ക് അറിയാം ഞാൻ റിയാസ് ആണെന്ന്, മനഃപൂർവം എന്റെ ഫോട്ടോ എടുത്ത് പ്രചരിപ്പിച്ചു. ഇവരുടെ ലക്ഷ്യം എന്താണെന്നു ഏതൊരു സാധാരണക്കാരനും അറിയാം.. റിയാസ്ഖാൻ എന്ന ഞാനല്ല.. ഫാൻസ് അസോസിയേഷൻ എന്നുള്ളതിന്റെ മുമ്പിൽ 'ദിലീപ്' എന്നുള്ള പേര് ഉള്ളതുകൊണ്ടാണ്.

എനിക്ക് ഉണ്ടായ മാനഹാനിക്കും മനോവിഷമത്തിനും ഉത്തരവാദികളായവരെ സമൂഹത്തിന്റെ മുമ്പിൽ എത്തിക്കാൻ ഈ വിഷയത്തെ ഞാൻ നിയമപരമായി നേരിടാൻ തീരുമാനിച്ചിട്ടുണ്ട്. സൈബർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സത്യം എല്ലാവരും അറിയട്ടെ-റിയാസ് ഖാൻ പറയുന്നു.