തിരുവനന്തപുരം: ബിഗ് ബോസ് സീസൺ ഫോറിൽ തന്റെ നിലപാടുകളുയർത്തി സീസണിലെ താരമായ ആളാണ് റിയാസ്. ഷോയിൽ വിന്നറാകാൻ കഴിഞ്ഞില്ലെങ്കിലും പൊളിറ്റിക്കൽ കറക്ടായ മറുപടികളും ലിംഗസമത്വപരമായ തന്റെ വാദമുഖങ്ങളും തഗ് മറുപടികളും കൊണ്ട് മലയാളിയുടെ മനസ് കീഴടങ്ങിയ വ്യക്തിയാണ് ഈ ചെറുപ്പക്കാരൻ. കേവലം പൈങ്കിളി പരുപാടിയായി സാധാരണക്കാരൻ കരുതിയിരുന്ന ബിഗ്ബോസിൽ എന്താണ് മനുഷ്യപക്ഷമെന്ന് ക്ലാസ് എടുത്ത് മലയാളിയെ പ്രബുദ്ധരാക്കിയ റിയാസിനിപ്പോ ബിഗ്ബോസിനെക്കാൾ ഫാൻസ് പവറാണ്.

റിയാസ് കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരിപാടിയായ കോമഡി സ്റ്റാർസിൽ അതിഥിയായി ദിൽഷയ്ക്കൊപ്പം എത്തിയിരുന്നു. ബോസ് വിശേഷങ്ങളും മറ്റും പങ്കുവെക്കുന്നതിനിടെ കോമഡി സ്റ്റാർസിലെ അവതാരിക മീര ചോദിച്ച ചില ചോദ്യങ്ങളും അതിന് റിയാസ് നൽകിയ മറുപടിയുമാണ് ഇപ്പോൾ വീണ്ടും റിയാസിനെ വൈറലാക്കുന്നത്. ഇങ്ങനെയായിരുന്നു മീരയുടെ ചോദ്യങ്ങളും റിയാസിന്റെ മറുപടിയും.

എന്റെ ജെന്റർ ഐഡന്റിറ്റി ഹി ഓർ ഹിമ്മ് എന്ന് ഞാൻ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അത് മീര കണ്ടിട്ടില്ലെങ്കിൽ അത് എന്റെ പ്രശ്നമല്ല. കണ്ടോണ്ടിരിക്കുന്ന മനുഷ്യന്മാർക്ക് പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാനുള്ള ബുദ്ധീം വിവരോം ഇല്ലെങ്കിൽ അതും എന്റെ പ്രശ്നമല്ല. ഇതിപ്പോ കേരളമായാലും ഇന്ത്യയായാലും ദ ഓൾ വേൾഡായാലും എല്ലാടത്തും നല്ല മനുഷ്യന്മാരുമുണ്ട്. ചീത്ത മനുഷ്യന്മാരുമുണ്ട്. എല്ലാടത്തും വിവരമുള്ള മനുഷ്യന്മാരുമുണ്ട്. വിവരമില്ലാത്ത മനുഷ്യന്മാരുമുണ്ട്.

ചില വിവരമില്ലാത്ത മനുഷ്യന്മാർക്ക് കുറേ കാര്യങ്ങൾ പഠിക്കണമെന്ന ആഗ്രഹമുണ്ടാവും. ചില മനുഷ്യന്മാർക്ക് എത്ര വിവരമില്ലെങ്കിലും ഇങ്ങനെ ജീവിച്ചാൽ മതി എന്ന തോന്നലാകും. അങ്ങനെയുള്ള ആൾക്കാര് ഇപ്പറഞ്ഞതുപോലെ പല കമന്റ്സും പല പേഴ്സണൽ ക്വസ്റ്റിയൻസും ചോദിക്കുമായിരിക്കാം. ലെറ്റ് ദെം ആസ്‌ക്ക്. എന്റെ പേഴ്സണൽ ലൈഫ് ഈസ് മൈൻ. ഓകെ. വിവരമില്ലാത്ത മനുഷ്യർ എവിടെയെങ്കിലും അത്തരം ചോദ്യങ്ങൾ ചോദിച്ചെന്നു കരുതി ഇവിടെ ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് ഞാൻ എന്റർടൈൻ ചെയ്യുന്നില്ല. എന്നായിരുന്നു ആണാണോ പെണ്ണാണോ എന്ന കമന്റുകൾക്കുള്ള മറുപടി ആരാഞ്ഞ വീണക്കുള്ള ഉത്തരം.

തനിക്കിട്ടാണ് റിയാസ് കൊട്ടിയത് എന്ന് മനസിലാക്കിയ മീര അടുത്ത ചൂണ്ട എറിഞ്ഞു.'റിയാസ് തന്നെ പറഞ്ഞിട്ടുണ്ട് ഒരുപാടു ചൂഷണങ്ങൾ ചെറിയ പ്രായത്തിൽ അനുഭവിച്ചിട്ടുണ്ട് എന്ന്. ചൂഷണം ചെയ്തവരിൽ കൂടുതലും ആണുങ്ങളാണോ പെണ്ണുങ്ങളാണോ?' ചൂഷണങ്ങൾ നേരിട്ടുവെന്ന് എടുത്ത് ഞാൻ പറഞ്ഞിട്ടില്ല. അനുഭവിച്ചത് സൈബർ ബുള്ളിയിങാണ്. ബുള്ളി ചെയ്തത് കൂടുതലും ആണുങ്ങളാണ്. ചൂണ്ടയിൽ കൊത്താതെ റിയാസിന്റെ മറുപടി. പറയാത്ത കാര്യങ്ങൾ പറയരുത് എന്നൊരു താക്കീതും.

പണി പാളുന്നല്ലോ എന്ന് തോന്നിയ മീര അടവ് ഒന്ന് മാറ്റി റിയാസിനെ സുഖിപ്പിക്കാൻ ഒരു ചോദ്യമിറക്കി

മീര: ഒരുപാട് ഗേൾസ് കമന്റ് ചെയ്തിട്ടുണ്ട്, ഫിസിക്കലി കാണാനായിട്ട് വളരെ അട്രാക്ടീവായിട്ടുള്ള ഒരു പയ്യനാണ് റിയാസ് എന്ന്. അതിന്റെ പേരിൽ പെൺകുട്ടികൾ അപ്രോച്ച് ചെയ്യാറുണ്ടോ? അതെങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്?

സുഖിപ്പിക്കൽ കയ്യിൽ വച്ചാൽ മതി എന്ന മട്ടിൽ ഉടനെ വന്നു മറുപടി

റിയാസ്: ദാറ്റ്‌സ് മൈ പേഴ്സണൽ ലൈഫ്. ഞാനത് പേഴ്‌സണലി ഹാൻഡിൽ ചെയ്യും. അത് ഈയൊരു ഷോയിൽ വന്ന് പറയേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

മീര : എങ്ങനെയുള്ള ഒരു കംപാനിയനെയാണ് ആഗ്രഹിക്കുന്നത്?

റിയാസ്: വിവരവും ബുദ്ധിയുമുണ്ടായിരിക്കണം. അത്യാവശ്യമൊരു പ്രോഗ്രസീവ് ചിന്താഗതിയുണ്ടായിരിക്കണം. നല്ലൊരു മനസ്സായിരിക്കണം. ദാറ്റ്‌സ് ഇറ്റ്.

മീര: അല്ല, മെയിലാണ് ഫീമെയിലാണ് കംപാനിയൻ വേണ്ടത്, അങ്ങനെയൊന്നുമില്ലാ?

റിയാസ്: നോ കമന്റ്‌സ്.

മീര: ഒരു പെൺകുട്ടിയെ കല്യാണം കഴിക്കുമോ?

റിയാസ്: ഒഫ്‌കോഴ്‌സ് കഴിക്കുമായിരിക്കാം. എന്താണ് മീരയ്ക്ക് വേണ്ടത്? ഞാനത് മീരയോടെന്തിന് പറയണം? ആർ യൂ മാരീഡ്?

മീര: യെസ് യെസ് അയാം മാരീഡ്'

റിയാസ്: ഡൂ യൂ വാണ്ട് ടു മാരി മീ?

മീര: ഇല്ല... ഇനി കെട്ട്യോൻ സമ്മയ്ക്കില്യ.

റിയാസ്: കെട്ട്യോനെ നമുക്ക് തൽക്കാലം മാറ്റിനിർത്താം. മീരയ്‌ക്കെന്നെ കല്യാണം കഴിക്കാൻ താൽപര്യമുണ്ടോ?

അവതാരക: എനിക്ക് റിയാസിനെ ഇപ്പോൾ പേഴ്‌സണലി അധികം അറിയത്തില്ല. അറിയാത്തൊരാളെ എങ്ങനെയാണ് കല്യാണം കഴിക്കാൻ പറ്റുന്നേ?
റിയാസ്: സോ, മീരയ്‌ക്കെന്നെ കല്യാണം കഴിക്കാൻ താൽപര്യമില്ലാത്തിടത്തോളം ഞാനിത്തരം ചോദ്യങ്ങൾക്ക് മീരയോട് ആൻസർ ചെയ്യേണ്ട കാര്യമില്ല. ഞാൻ നിങ്ങളോടത് ഷെയർ ചെയ്യാൻ കംഫർട്ടബിളല്ല. അതിന്റെ ആവശ്യവുമില്ല.

'യു ആർ സൊ ഗുഡ് അറ്റ് മേക്കിങ് പീപ്പിൾ ഇൻകംഫർട്ടബിൾ എന്ന് പറഞ്ഞു അവസാനത്തെ ആണി കൂടി അടിച്ചാണ് റിയാസ് നിർത്തുന്നത്.

മീരയുടെ ചോദ്യങ്ങളുടെ മുന ഒടിച്ച് റിയാസ് മുന്നേറുമ്പോ തഗിന്റെ ഉസ്താദായ രമേഷ് പിഷാരടി അടുത്ത് നിന്നിട്ടും മീരയെ രക്ഷിക്കാനുള്ള കച്ചിതുരുമ്പ് ഇട്ട് കൊടുത്തില്ല എന്നത് ശ്രദ്ധേയമാണ്. ഞാൻ ഒന്നുമറിഞ്ഞില്ലെ രാമനാരായണാ എന്നമട്ടിൽ നൈസായി രക്ഷ പെടുകയായിരുന്നു പിഷാരിടി. മറ്റോരു ജഡ്ജായ ഷാജോൺ ആകട്ടെ മീരക്കിട്ട് ഇടക്ക് കൊട്ടി ഓളത്തിനോപ്പം നിന്നു.