- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരാണ് നന്മമരം സുരേഷ് കോടാലിപ്പറമ്പൻ? മായക്കൊട്ടാരത്തിലെ കഥാപാത്രത്തെ കുറിച്ച് വിശദമാക്കി റിയാസ് ഖാൻ
കെ.എൻ ബൈജുവിന്റെ സംവിധാനത്തിൽ റിയാസ് ഖാൻ നായകനാവുന്ന പുതിയ ചിത്രം മായക്കൊട്ടാരത്തിന്റെ പോസ്റ്റർ പുറത്തുവിട്ടതോടെ ചിത്രത്തെ സംബന്ധിച്ച ചർച്ചകളും സജീവമായി. ‘നന്മമരം' എന്നറിയപ്പെടുന്ന ‘സുരേഷ് കോടാലിപ്പറമ്പൻ' എന്ന കഥാപാത്രത്തെയാണ് റിയാസ് ഖാൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ‘ചെറ്റക്കണ്ടി വസന്തയുടെ പല്ല് മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി നിങ്ങൾ നൽകിയത് 17 മണിക്കൂറിൽ 3 കോടി 45 ലക്ഷത്തി 391 രൂപ 39 പൈസ, സഹായിച്ചവർക്കും സഹകരിച്ചവർക്കും നന്ദി' എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ വാചകം. വെള്ള ഷർട്ടും മുണ്ടും ധരിച്ചാണ് പോസ്റ്ററിൽ റിയാസ് ഖാൻ ഉള്ളത്. ചാരിറ്റിയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് ആക്ഷേപഹാസ്യത്തിൽ അവതരിപ്പിക്കുന്നതാണ് ചിത്രമെന്ന തരത്തിൽ പ്രചാരണം ശക്തമായിരുന്നു. എന്നാൽ, 'നന്മമരം സുരേഷ് കോടാലിപ്പറമ്പൻ ആരാണെന്ന് റിയാസ് ഖാൻ തന്നെ വ്യക്തമാക്കുകയാണ്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു താരത്തിന്റെ പ്രതികരണം.
"സിനിമയുടെ ഫോട്ടോഷൂട്ട് കഴിഞ്ഞതേയുള്ളൂ. തുടങ്ങാനിരിക്കുകയാണ്. ഒരു കോമഡി സബ്‍ജക്ട് ആണ്. ഒരു സ്പൂഫ് സിനിമയാണ് മായക്കൊട്ടാരം. എന്ത് വിഷയം കണ്ടാലും ചാടിക്കേറി അത് ഏൽക്കുന്ന ആളാണ് സുരേഷ് കോടാലിപ്പറമ്പൻ എന്ന നായക കഥാപാത്രം. എന്നിട്ട് അതിനുവേണ്ടി പണം സമാഹരിക്കും. പിന്നെ അതെടുത്ത് യുട്യൂബിൽ ഇടും. അങ്ങനെ ഒരു കഥാപാത്രം." നിലവിലുള്ള ചാരിറ്റി പ്രവർത്തകരിൽ ആരെയെങ്കിലും വ്യക്തിപരമായി ഉദ്ദേശിച്ചല്ല കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുന്നതെന്നും സ്‍പൂഫ് സിനിമയുടെ പോസ്റ്ററും സ്‍പൂഫ് രീതിയിൽ ചെയ്‍തതാണെന്നും റിയാസ് ഖാൻ പറയുന്നു. "ആ പോസ്റ്റർ കാണുമ്പോൾ ഇത് ചില ആളുകളെ ഉദ്ദേശിച്ചല്ലേ എന്ന് നമുക്ക് തോന്നും. അതേസമയം അങ്ങനെ ചിന്തിച്ചോട്ടെ എന്ന് കരുതിയുമാണ് ഇത്തരത്തിൽ ഒരു പോസ്റ്റർ ഇറക്കിയത്", റിയാസ് പറയുന്നു.
കഥാപാത്രത്തിന്റെ ഇമോഷണൽ ബ്ലോക്കിലേക്കും സിനിമ കടക്കുന്നുണ്ടെന്നും ആത്മാർഥമായി ഒരാളെ സഹായിക്കാൻ സിനിമയിൽ സുരേഷ് തീരുമാനമെടുക്കുന്നുണ്ടെന്നും റിയാസ് ഖാൻ പറയുന്നു. "പിന്നെ രണ്ടുതരം ആളുകൾ എല്ലാ മേഖലകളിലുമില്ലേ. പൊലീസുകാരിൽ ഇല്ലേ, നല്ല ആളുകളും ചീത്ത ആളുകളും. എല്ലാവരും മോശക്കാരാണെന്ന് പറയാൻ പറ്റില്ലല്ലോ. സിനിമയിൽ പലതും തൊട്ടും തൊടാതെയും പറഞ്ഞുപോകുന്നുണ്ട്", റിയാസ് ഖാൻ വിശദീകരിക്കുന്നു.
കെ.എൻ ബൈജു തന്നെയാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. കന്നഡ താരം ദിഷ പൂവയ്യയാണ് നായിക. മാമുക്കോയ, ജയൻ ചേർത്തല, സാജു കൊടിയൻ, കേശവദേവ്, കുളപ്പുള്ളി ലീല, നാരായണൻകുട്ടി, തമിഴ് നടൻ സമ്പത്ത് രാമൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. നവഗ്രഹ സിനി ആർട്‌സ്, ദേവ ക്രിയേഷൻസ് എന്നിവയുടെ ബാനറുകളിൽ എ.പി കേശവദേവ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വെങ്കിടാണ്. റഫീഖ് അഹമ്മദ്, രാജീവ് ആലുങ്കൽ, മുരുകൻ കാട്ടാക്കട എന്നിവരുടെ വരികൾക്ക് അജയ് സരിഗമ സംഗീതം പകരുന്നു. ബിജു നാരായണൻ, മധു ബാലകൃഷ്ണൻ, അനുരാധ ശ്രീറാം, മാതംഗി അജിത് കുമാർ എന്നിവരാണ് ഗായകർ. പെരുമ്പാവൂരും പാലക്കാടുമാണ് ലൊക്കേഷനുകൾ.
മറുനാടന് ഡെസ്ക്