കിളിമാനൂർ: മുൻ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊന്ന കേസിലെ പ്രധാന പ്രതി അബ്ദുൾ സത്താറിനെ കേരളത്തിലെത്തിക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടി. സാമ്പത്തിക കേസുകാരണം യാത്രാവിലക്കുള്ള സത്താറിനെ വിട്ടുകൊടുക്കാൻ ഖത്തർ തയ്യാറല്ല. സത്താറിന്റെ മുൻ ഭാര്യയും നൃത്താധ്യാപികയുമായ രാജേഷിന്റെ പെൺസുഹൃത്തും പൊലീസുമായി ഇപ്പോൾ സഹകരിക്കുന്നില്ല. അതിനിടെ കേസിൽ അറസ്റ്റിലായ പ്രതികളെ മുഖംമൂടിയില്ലാതെ കൊലനടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയപ്പോൾ ജനക്കൂട്ടം ആക്രമിക്കാൻ ശ്രമിച്ചു. സത്താറിനേയും നൃത്താധ്യാപികയേയും നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ സജീവമല്ലെന്ന് ആരോപിച്ചായിരുന്നു ഇതിന് കാരണം.

സത്താറിനേയും നൃത്താധ്യാപികയേയും ചോദ്യം ചെയ്യാൻ പൊലീസ് ഖത്തറിലേക്ക് പോയേക്കും. സത്താറിനെ ഇന്റർപോളിനെ ഉപയോഗിച്ച് ഖത്തറിൽ അറസ്റ്റ് ചെയ്യിക്കാനുള്ള നീക്കവും നടക്കും. സത്താറിനെ നാട്ടിലെത്തിക്കാനായില്ലെങ്കിൽ അയാളെ ഒഴിവാക്കിയാകും കുറ്റപത്രം കോടതിയിൽ കൊടുക്കുക. എന്നാൽ കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്യും. കുറ്റപത്രം നിശ്ചിത സമയത്തിനുള്ളിൽ നൽകിയില്ലെങ്കിൽ അലിഭായി അടക്കമുള്ള മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടും. അതുണ്ടായാൽ അവർ രാജ്യം വിടുകയും ചെയ്യും. ഇതോടെ വിചാരണ തന്നെ അപ്രസക്തമാകും. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം.

പ്രതികളെ എത്തിക്കുന്നതറിഞ്ഞ് വൻ ജനക്കൂട്ടമാണ് സ്ഥലത്ത് എത്തിയത്. തെളിവെടുപ്പ് കഴിഞ്ഞ് പൊലീസ് വാഹനത്തിലേക്ക് കയറ്റാൻ ശ്രമിക്കുമ്പോഴാണ് ആക്രമിക്കാൻ ശ്രമിച്ചത്. രാജേഷ് വധത്തിൽ നേരിട്ട് ബന്ധമുള്ള രണ്ടാംപ്രതി അലിഭായ് എന്ന മുഹമ്മദ് സാലിഹ്, മൂന്നാം പ്രതി അപ്പുണ്ണി, നാലാംപ്രതി തൻസീർ എന്നിവരെയാണ് ഇന്നലെ രാവിലെ 11-20 ന് മടവൂരി ലെത്തിച്ചത്. കൊല നടന്ന രാജേഷിന്റെ സ്റ്റുഡിയോയിൽ എത്തിച്ച പ്രതികളുമായി സ്ഥാപനത്തിന് പുറത്തും അകത്തുമായി അരമണിക്കൂറോളം തെളിവെടുത്തു. സംഭവദിവസം വാഹനത്തിൽ വന്നിറങ്ങിയതു മുതൽ രാജേഷിനെ വാളിന് വെട്ടുന്നതുവരെയുള്ള കാര്യങ്ങൾ അന്വേഷണ സംഘം ചോദിച്ചറിഞ്ഞു. സത്താറിന്റെ ക്വട്ടേഷൻ ഏറ്റെടുത്തായിരുന്നു കൊല നടത്തിയത്. രാജേഷും നൃത്താധ്യാപികയും തമ്മിലെ അടുപ്പമായിരുന്നു ഇതിന് കാരണം.

പ്രതികളുമായെത്തിയ പൊലീസ് സംഘം രാജേഷിന്റെ സ്റ്റുഡിയോയുടെ താക്കോലെടുക്കാൻ മറന്നത് തെളിവെടുപ്പ് വൈകിച്ചു. പൊലീസുകാരെ പള്ളിക്കൽ സ്റ്റേഷനിൽ വിട്ട് താക്കോൽ എടുപ്പിക്കുകയായിരുന്നു. ലിഭായിയേയും തൻസീറിനെയും ഒരുമിച്ചും, അപ്പുണ്ണിയെ ഒറ്റയ്;ക്കും നേരത്തേ മടവൂരിലെത്തിച്ച് തെളിവെടുത്തിരുന്നു. തിരിച്ചറിയൽ പരേഡ് പൂർത്തിയാക്കാത്തതിനാൽ പ്രതികളെ മുഖം മറച്ചാണ് സ്ഥലത്തെത്തിച്ചത്. ഇതാണ് പ്രകോപനമായത്. ചീത്തവിളികളുമായി കാത്തിരുന്ന നാട്ടുകാർക്കിടയിലൂടെയാണ് രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ അലിഭായിയെയും അപ്പുണ്ണിയെയും തൻസീറിനെയും കൊലനടന്ന മടവൂരിലെ സ്റ്റുഡിയോയിലെത്തിച്ചത്.

രാജേഷ് കൊല്ലപ്പെടുന്നത് മാർച്ച് 27ന് പുലർച്ചെയാണ്. 26ന് വൈകിട്ട് മൂന്ന് മണിക്ക് അലിഭായിയും അപ്പുണ്ണിയും രാജേഷിനെ നേരിൽ കാണാനെത്തി. ആൽബം നിർമ്മാണത്തിന് സഹായിക്കണമെന്നാവശ്യപ്പെട്ടാണ് രാജേഷിനെ കണ്ടത്. കൊലപാതകത്തിന് മുൻപ് തിരിച്ചറിയാനായിരുന്നു ആ സന്ദർശനം. പിന്നീട് രാത്രി 12 മണിയോടെ മടവൂരിലെത്തി കാത്ത് കിടന്നു. രാജേഷെത്തി സ്റ്റുഡിയോയുടെ ഷട്ടർ തുറക്കുന്നത് കണ്ടതോടെ ഓടിയെത്തി വെട്ടിവീഴ്‌ത്തിയെന്നാണ് മൂവരും വിശദീകരിച്ചത്. സ്റ്റുഡിയോയിലെ തെളിവെടുപ്പോടെ കസ്റ്റഡി കാലാവധി പൂർത്തിയാക്കി പ്രതികളെ കോടതിയിൽ തിരികെ നൽകി. നേരത്തെ പ്രതികൾ ഒളിവിൽ കഴിഞ്ഞ ബെംഗളൂരുവിലും ചെന്നൈയിലും തിരുപ്പൂരിലുമെല്ലാമെത്തിച്ച് തെളിവുകൾ ശേഖരിച്ചിരുന്നു.

അതിനിടെ അലിഭായിയുടെ ചിക്കൻ പോക്‌സ് പൊലീസുകാർക്കും പിടിച്ചു. അലിഭായിയെ പിടിച്ച നാല് പൊലീസുകാരെ ചിക്കൻപോക്‌സ് കീഴടക്കി. അലിഭായിയെ അറസ്റ്റ് ചെയ്തപ്പോൾ ചിക്കൻപോക്‌സ് ബാധിച്ചിട്ടുണ്ടായിരുന്നു. പൊലീസുകാർക്കും ചിക്കൻ പോക്‌സ് പിടിപെടുമെന്ന് അന്ന് തന്നെ ആശങ്കയുണ്ടായിരുന്നു. ആ ആശങ്കയാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്. പള്ളിക്കൽ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ശ്യാംജി, സി.പി.ഒ രാജേഷ്, ഷാഡോ പൊലീസ് എസ്‌ഐ ഷിജു, സിവിൽ പൊലീസ് ഓഫീസർ ബിജുകുമാർ തുടങ്ങിയവർക്കാണ് ചിക്കൻ പോക്‌സ്. ഇവരാണ് അലിഭായിയെ അറസ്റ്റ് ചെയ്യാനും വിവിധയിടങ്ങളിലെ തെളിവെടുപ്പിനുമെല്ലാം നേതൃത്വം നൽകിയിരുന്നത്.

രാജേഷ് വധത്തിന്റെ ഗൂഢാലോചന നടക്കുമ്പോളാണ് ചിക്കൻപോക്‌സ് കടന്ന് വരുന്നത്. ആയുധം എത്തിക്കാനും ഒളിവിടം ഒരുക്കാനുമെല്ലാം അലിഭായിയും അപ്പുണ്ണിയും ആശ്രയിച്ച സ്വാതി സന്തോഷിൽ നിന്നാണ് ചിക്കൻ പോക്‌സിന് തുടക്കം. അത് പിന്നീട് അലിഭായിക്കും മറ്റൊരു പ്രതിയായ യാസിൻ അബൂബക്കറിനും പിടിപെട്ടു. കൊലനടത്തി ഖത്തറിൽ തിരികെയെത്തിയ ശേഷമാണ് അലിഭായിക്ക് ചിക്കൻ പോക്‌സ് സ്ഥിരീകരിക്കുന്നത്. ഖത്തറിൽ നിന്ന് വിളിച്ചുവരുത്തി തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്യാനൊരുങ്ങുമ്പോളാണ് അലിഭായിയുടെ ചിക്കൻപോക്‌സ് വിവരം പൊലീസ് അറിയുന്നത്.രോഗഭീഷണിയെ വെല്ലുവിളിച്ച് അലിഭായിയെ കസ്റ്റഡിയിലെടുത്തു.

ഒരു മടിയുമില്ലാതെ തെളിവെടുപ്പും ചോദ്യം ചെയ്യലുമെല്ലാം പൂർത്തിയായി. പൊലീസുകാരെ കൂടാതെ മറ്റ് മൂന്ന് പേർ കൂടി അലിഭായി മൂലം രോഗബാധിതരായെന്നും പൊലീസ് കണ്ടെത്തി. തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ അലിഭായിക്ക് ഒളിവിടം ഒരുക്കിയ മൂന്ന് പേർ ഇപ്പോൾ ചികിത്സയിലാണ്.