ചിറകൊടിഞ്ഞ മാലാഖമാർ

**************************
കുറേ ദിവസങ്ങളായി നാട്ടിൽ നഴ്സുമാരുടെ സമരം തുടങ്ങിയിട്ട്.നമ്മുടെ യുകെ യിൽ നിന്ന് ഒരുപാട് നല്ല പ്രതികരണങ്ങളും പിന്തുണയും ഒക്കെ കണ്ടു,ഒരുപാട് സന്തോഷം.
എനിക്ക് അടുത്തറിയാവുന്ന ചില കാര്യങ്ങൾ പിന്നെ അവിടെ ജോലി ചെയ്യുന്ന ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞറിവുള്ള കാര്യങ്ങൾ നിങ്ങളുമായി പങ്കു വെക്കണമെന്ന് തോന്നി.കോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്തു തിരുനക്കര തേവരുടെ അടുത്താണ് ഭാരത് എന്ന ആശുപത്രി സ്ഥിതിചെയ്യുന്നത്.നാട്ടിൽ പോകുമ്പോഴൊക്കെ എന്തെങ്കിലും അസുഖം വന്നാൽ, പോകാനുള്ള സൗകര്യം കൊണ്ടും പരിചയമുള്ള ഡോക്ട്‌ടേഴ്സും നഴ്‌സുമാരും ഉള്ളതുകൊണ്ടും ഭാരതിലേക്കാണ് പോകുക.

പല ഡോക്ട്‌ടേഴ്സും നഴ്‌സുമാരും മാനേജ്‌മെന്റിന്റെ ഹിറ്റ്‌ലർ നയത്തിൽ പ്രതിഷേധിച്ചു പിരിഞ്ഞുപോയിട്ടുണ്ട്.അവിടുത്തെ നിയമങ്ങൾ കേട്ടാൽ ദേഷ്യത്തോടൊപ്പം ചിരിയും വന്നു പോകും. ഇന്റെർവ്യൂവിന് ചെല്ലുമ്പോൾ തന്നെ 100 രൂപയുടെ മുദ്രപ്പത്രം ഒപ്പിട്ടു വാങ്ങും എന്തിനെന്നു ചോദിച്ചാൽ മറുപടി കിട്ടുമെന്ന് പ്രതീക്ഷിക്കരുത് . ആദ്യ ശമ്പളം 8500 രൂപ മൂന്നു മാസത്തിനു ശേഷം 11000.( അതായത് ഏകദേശം 366 രൂപ ദിവസക്കൂലി) എന്നാൽ ഒരു ദിവസം അവധി എടുത്താൽ 1000 രൂപ ശമ്പളത്തിൽ കുറയ്ക്കും.അപ്പോൾ ഒരാഴ്ച അവധി എടുക്കേണ്ടി വന്നാൽ പിന്നെ ശമ്പളം ഒന്നും ഉണ്ടാവില്ല എന്ന് സാരം.

ദോഷം പറയരുതല്ലോ ജോലി സമയം ഏറെ നാളത്തെ മുറവിളികൾക്കു ശേഷം 8 മണിക്കൂറാക്കി കൊടുത്തു. അതും കിട്ടിയത് എട്ടിന്റെ പണി.രാവിലെ 8 മണിമുതൽ വൈകുന്നേരം 4 മണിവരെ ഫസ്റ്റ് ഷിഫ്റ്റ് ,വൈകുന്നേരം 4 മുതൽ അർദ്ധരാത്രി 12 വരെ സെക്കൻഡ് ഷിഫ്റ്റ്,നൈറ്റ് ഡ്യൂട്ടി തുടങ്ങുന്നത് കൃത്യം 12 മണിക്ക് അത് പിറ്റേന്ന് രാവിലെ 8 നു അവസാനിക്കും.(ഇത് ബോംബെയോ ഗൾഫ് നാടോ യുകെ യോ ഒന്നുമല്ല നമ്മുടെ കൊച്ചു കേരളത്തിലെ, അതെ ഒറ്റയ്ക്ക് പോകാൻ സ്ത്രീകൾ ഭയക്കുന്ന കേരളത്തിലെ നഴ്‌സുമാരുടെ അവസ്ഥയാണ്.പാല് കുടിക്കുന്ന പിഞ്ചു കുഞ്ഞുങ്ങൾ മുതൽ പ്രായമായി വയ്യാതെ കിടക്കുന്ന മാതാപിതാക്കൾ വരെ ഉള്ള വീടുകളിൽ നിന്ന് വരുന്ന നഴ്‌സുമാർ.രാത്രി ഒരു മണിക്കും ഒന്നരയ്ക്കും ഒക്കെ പിഞ്ചു കുഞ്ഞുങ്ങളുമായി ഭാര്യമാരെ കൂട്ടിക്കൊണ്ടു പോകാൻ എത്തുന്ന ഭർത്താക്കന്മാർ ഭാരത് ഹോസ്പിറ്റലിലെ സാധാരണ കാഴ്ചകളിലൊന്നാണ്

ഡ്യൂട്ടി കഴിഞ്ഞു ഹാൻഡ് ഓവറിനു ശേഷവും ക്രിട്ടിക്കൽ ICU വിൽ നിന്നും 2C ,3C പോലെയുള്ള ചില വാർഡുകളിൽ നിന്നും നഴ്‌സുമാരെ പോകാൻ അനുവദിക്കാറില്ല.നിനക്കൊക്കെ വീട്ടിൽ ചെന്നിട്ടു എന്താണ് പണിയെന്നു ജൂനിയർ നഴ്‌സുമാരോട് പലപ്പോഴും ചോദിക്കുന്ന അജിത ഉണ്ണിയെന്ന ക്രിട്ടിക്കൽ ICU ഇൻചാർജ് 18 മാസത്തെ വെറും ഓക്‌സിലറി നഴ്‌സിങ് സർട്ടിഫിക്കറ്റിന്റെ ബലത്തിലാണ് ഒരു ICU ഇൻചാർജ് ആയി വിലസുന്നത്.ICU മാത്രമല്ല Casualty പോലെയുള്ള പ്രധാനപ്പെട്ട എല്ലാ ഡിപ്പാർട്‌മെന്റുകളും കൈകാര്യം ചെയ്യുന്നത് ജനറൽ നഴ്‌സിങ് പോലും പാസ്സാകാത്തവരാണ്.

നഴ്‌സിങ് സൂപ്രണ്ട് മിനി ബിജുകുമാർ ജനറൽ നഴ്‌സിങ് മാത്രം പാസ്സായ നേഴ്‌സ് ആണ്.തങ്ങളുടെ ആവശ്യവുമായി സൂപ്രണ്ടിന്റെ മുറിയിൽ ചെന്ന വിജിത എന്ന സ്റ്റാഫിനെ മുറിക്കു പുറത്തേക്കു പിടിച്ചു തള്ളിയതും നഴ്‌സിന്റെ കുപ്പായമിട്ട ഈ കരങ്ങൾ തന്നെയെന്നോർക്കണം . ജോലിക്ക് കയറുന്നതിനു മുൻപും പിൻപും ശരീര പരിശോധനയും ബാഗ് പരിശോധനയും ഉണ്ടായിരിക്കും.ചുരിദാറിന്റെ ഷാൾ വരെ മാറ്റിയാണ് പരിശോധന.കയ്യിലുള്ള ക്യാഷ് 100 രൂപയിൽ കൂടുതലാണെങ്കിൽ പരിശോധിക്കുന്ന ആളുടെ കയ്യിൽ കൊടുക്കണം തിരിച്ചു ഡ്യൂട്ടി കഴിഞ്ഞു വരുമ്പോൾ ആള് മാറിയിട്ടുണ്ടാകും ബാഗിന്റെ ഏതെങ്കിലും അറയിൽ ശ്രദ്ധിക്കാതെ കിടക്കുന്ന കാശ് ഇവർ കണ്ടു പിടിച്ചാൽ പിന്നീട് ആ കാശിനെ കുറിച്ച് മറന്നാൽ മതി.പിടിച്ചു വാങ്ങി അവിടെ വെക്കും.

.ശമ്പള ദിവസം ചൊവ്വയോ വെള്ളിയോ ആണോ ?എന്നാൽ തീർന്നു കഥ. പിന്നെ ആശുപത്രി ഉടമ ഡോക്ടർ വിശ്വനാഥന്റെ ഭാര്യ രേണുക മാഡം രാഹുവും ഗുളികനും ഒക്കെ നോക്കിവന്നു കഴിഞ്ഞു നല്ല സമയത്തേ ശമ്പളം കിട്ടൂ. ആശുപത്രിയിൽ ഇടയ്ക്കിടയ്ക്ക് ഗ്ലൗസ് അടക്കമുള്ള ആവശ്യസാധനങ്ങൾ പണിമുടക്കും .നിങ്ങളുടെ അച്ഛന്റെയോ അമ്മയുടേയോ മുറിവ് വെച്ച് കെട്ടാനോ വിസർജ്യങ്ങൾ വൃത്തിയാക്കാനോ ഗ്ലൗസ് ഇടുമോ ഞാൻ ഇടില്ല നിങ്ങളും അങ്ങനെ കരുതുക എന്ന് പറയുന്ന ആശുപത്രി ഉടമയോടു എന്ത് പറയാൻ ?

ഭക്ഷണം കഴിക്കുന്നിടത്തും വസ്ത്രം മാറുന്നിടത്തും വരെ CCTV വെച്ചിട്ടുണ്ടെന്നു കേട്ടപ്പോൾ ഞാൻ അക്ഷരാത്ഥത്തിൽ ഞെട്ടിപ്പോയി.ഇന്നു ചാനലിലും ഇതിനെപ്പറ്റി പറയുന്നത് കേട്ടു.നമ്മുടെ നാട്ടിൽ എന്തൊക്കെയാണ് നടക്കുന്നത്. എന്റെ ബന്ധുക്കളും സുഹൃത്തുക്കളും അടക്കം പലരും ഭാരത് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നുണ്ട് .എന്താകും ഈ സമരത്തിന്റെ അവസ്ഥ.പിടിച്ചു നിൽക്കാൻ ആകാതെ അവർ തോറ്റുപോയാൽ അത് നമ്മുടെ കൂടി തോൽവിയാണ് .അങ്ങനെ ഉണ്ടാകാതിരിക്കട്ടെ.അതിനു മുന്നേ സർക്കാറിന്റെ ഭാഗത്തു നിന്നും ഒരിടപെടൽ ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം .
ശമ്പള പരിഷ്‌ക്കരണത്തോടൊപ്പം മാറേണ്ട പല കാര്യങ്ങളുമാണ് ഞാൻ നിങ്ങളുമായി പങ്കു വച്ചത് .ഇതൊന്നും എന്റെ ഭാവനയിൽ വിരിഞ്ഞതല്ല .അവിടെ ജോലിചെയ്യുന്ന പ്രിയ നേഴ്‌സ് സഹോദരങ്ങൾ പറഞ്ഞ സത്യസന്ധമായ കാര്യങ്ങൾ ആണ്.

നിങ്ങൾക്കോരോരുത്തർക്കും ശക്തമായ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് സ്‌നേഹപൂർവ്വം ........

രശ്മി പ്രകാശ്