കോഴിക്കോട്: മലപ്പുറത്ത് ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ഫ്‌ളാഷ്‌മോബിൽ ജിമിക്കി കമ്മൽ പാട്ടിന് തട്ടമിട്ട പെൺകുട്ടികൾ ചുവടുവച്ചതിന്റെ അലയൊലികൾ തീരുന്നില്ല. റേഡിയോ മലയാളം എന്ന എഫ് എം ചാനലിൽ ദോഹ ജംഗ്ഷൻ എന്ന പരിപാടി അവതരിപ്പിച്ചുവന്ന സൂരജിനെ നൃത്തത്തെ അനുകൂലിച്ചതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വളഞ്ഞിട്ടാക്രമിച്ചു. ഇതോടെ ഇതിന്റെ പേരിൽ താൻ ജോലി ചെയ്യുന്ന ചാനലിനെതിരെ പ്രചാരണം നടത്തരുതെന്നും അതിനാൽ റേഡിയോ മലയാളത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നും പറഞ്ഞ് സൂരജ് രംഗത്തുവരികയും ചെയ്തു. താനൊരു കമ്മ്യൂണിസ്റ്റ് അനുഭാവിയാണെന്ന് പറഞ്ഞ് സൂരജ് പോസ്റ്റിട്ടതോടെ സോഷ്യൽ മീഡിയയിൽ സൂരജിന് എതിരായ ആക്രമണത്തിൽ അത് 'സുഡാപ്പി-സംഘി' കൈകോർക്കലിലേക്ക് എത്തി. വാഴപ്പിണ്ടി നട്ടെല്ലുമായി സൂരജ് മാപ്പുപറഞ്ഞെന്നും മറ്റുമായി പ്രചാരണം.എന്നാൽ ഇതിനെല്ലാം ചുട്ട മറുപടിയുമായി വന്നിരിക്കുകയാണ് സൂരജ് വീണ്ടും.

24 മണിക്കൂറുകൾക്ക് മുൻപ് ഞാനൊരു ഹിന്ദുത്വ അജണ്ട നടപ്പാക്കാൻ വന്ന ഭീകരനായിരുന്നു. 24 മണിക്കൂറിന് ശേഷം ഞാനൊരു മതേതരനാണ്. 24 മണിക്കൂറുകൾക്ക് മുൻപ് എന്റെ ഇൻബോക്‌സിലേക്ക് വന്ന മെസ്സേജുകൾ ഐ ഹേറ്റ് സൂരജ് എന്നായിരുന്നു. 24 മണിക്കൂറുകൾക്ക് ശേഷം അത് ഐ സപ്പോർട്ട് സൂരജ് എന്നും തിരികെ ജോലിക്ക് കയറണം എന്നുമായി മാറി.എന്താണ് ഈ 24 മണിക്കൂറിനുള്ളിൽ സംഭവിച്ചത് എന്ന് വ്യക്തമാക്കി പറയാനുള്ളതെല്ലാം പറഞ്ഞുകൊണ്ട് വീഡിയോ നൽകിയിരിക്കുകയാണ് സൂരജ്.

മലപ്പുറത്ത് മിടുക്കികൾക്ക് അഭിനന്ദനങ്ങൾ, ആശംസകൾ എന്നു പറഞ്ഞായിരുന്നു ഫ്ളാഷ് മോബിനെ പിന്തുണച്ച് സൂരജിന്റെ വീഡിയോ. ആ പെൺകുട്ടികളെ അസഭ്യം പറഞ്ഞവരേയും ഉപദേശിച്ചവരേയും സൂരജ് ശക്തമായ ഭാഷയിൽ വിമർശിച്ചു. സദുദ്ദേശപരമായ ആ ഫ്‌ളാഷ് മോബിനെ അഭിനന്ദിക്കുന്നതിന് പകരം- നിങ്ങൾക്കിതൊന്നും പറഞ്ഞിട്ടില്ല മോളേ, നിങ്ങൾ വീട്ടിൽ ഒതുങ്ങിക്കഴിയേണ്ടവരാണ് മോളേ, നിങ്ങൾ നരകത്തിലെ വിറകുകൊള്ളിയായി മാറും മോളേ.. എന്നൊക്കെ പറഞ്ഞ് കുറേ പേർ പാട്ടും പ്രസ്താവനകളും ഒക്കെ ആയി ഇറങ്ങിയിട്ടുണ്ട് എന്നുപറഞ്ഞാണ് സൂരജ് പെൺകുട്ടികളെ വിമർശിക്കുന്നവർക്ക് എതിരെ രംഗത്തെത്തിയത്.

ഞാൻ ഒരു ആർഎസ്എസുകാരനോ സംഘിയോ ഒന്നുമല്ല. ഒരു കമ്മ്യൂണിസ്റ്റ് അനുഭാവി മാത്രമാണ്. ഒരു മതത്തേയും വേർതിരിച്ചു കാണുന്നില്ല. ഇപ്പോൾ ഞാൻ അറിവില്ലായ്മ കൊണ്ട് പോസ്റ്റ് ചെയ്ത വീഡിയോയുടെ പേരിൽ ചേരി തിരിഞ്ഞ് നടക്കുന്ന ആക്രമണം ദയവ് ചെയ്ത് അവസാനിപ്പിക്കണം. ഞാൻ ജോലി നോക്കിയിരുന്ന റേഡിയോ മലയാളം എന്ന എഫ് എം ചാനലിനെ ആക്രമിക്കരുതെന്നും സൂരജ് അഭ്യർത്ഥിച്ചു. റേഡിയോ മലയാളം എഫ് എമ്മിലെ ദോഹ ജംഗ്ഷൻ എന്ന പരിപാടിയായിരുന്നു സൂരജ് അവതരിപ്പിച്ചിരുന്നത്. ഇനി മുതൽ ആ പരിപാടി അവതരിപ്പിക്കില്ലന്നും മാനേജ്മെന്റ് തീരുമാനിക്കട്ടെ എന്നും സൂരജ് പറഞ്ഞിരുന്നു. ഇതോടെ സോഷ്യൽ മീഡിയയിൽ സൂരജിനെ ആക്രമിക്കാൻ നിരവധി പേർ എത്തി. ഇതോടെ നട്ടെല്ല് വാഴപ്പിണ്ടിയായ കമ്മി എന്ന തരത്തിൽ സംഘപരിവാർ അനുകൂലികളും മതത്തെ തൊട്ടുകളിച്ച സൂരജിനെക്കൊണ്ട് മാപ്പ് പറയിച്ചു എന്ന് ആഘോഷിച്ച് എസ്ഡിപിഐ അനുകൂലികളും രംഗത്തെത്തി.

എന്നാൽ പേടിച്ചോടിയില്ലെന്നും ആരും സന്തോഷിക്കേണ്ടെന്നും വ്യക്തമാക്കി സൂരജ് ഉശിരൻ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. എ ഹേറ്റ് സൂരജ് ക്യാംപെയ്‌നിൽ നിന്നും ഐ സപ്പോർട്ട് സൂരജ് ക്യാംപെയ്‌നിലേക്ക് കാര്യങ്ങൾ മാറിമറിഞ്ഞത് 24 മണിക്കൂറിനുള്ളിലായിരുന്നു. ഈ 24 മണിക്കൂറിൽ എന്താണ് സംഭവിച്ചതെന്നാണ് ആർജെ സൂരജ് പുതിയ വീഡിയോയിൽ പറയുന്നത്. ഇനി എനിക്ക് സംസാരിക്കാമല്ലോ എന്ന മുഖവുരയോടെയാണ് സൂരജ് എഫ്ബിയിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സൂരജിന്റെ മറുപടി ഇങ്ങനെ: മലപ്പുറത്തെ ഫ്‌ളാഷ് മോബ് കളിച്ച പെൺകുട്ടികളെ അശ്ലീലം പറഞ്ഞ് നിരവധി പേർ രംഗത്ത് വന്നിരുന്നു. അവരെ പുച്ഛിച്ചുകൊണ്ടും അവർക്കെതിരായ രോഷം രേഖപ്പെടുത്തിക്കൊണ്ടും ഞാനൊരു വീഡിയോ നൽകി. അത് ഒരുപാട് തലങ്ങളിൽ ചർച്ചയായി. മതത്തെ അധിക്ഷേപിച്ചു എന്ന തരത്തിലൊക്കെ മാറി. അതിന് മറുപടികളുണ്ടായി. അത് ഒരുപാട് പേരിൽ തെറ്റിദ്ധാരണകളുണ്ടാക്കി. എനിക്കെതിരെ ശക്തമായുള്ള ക്യാംപെയ്‌നുണ്ടായി. 250 പേരുള്ള രണ്ട് വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ നടത്തിയ ക്യാംപെയ്ൻ ഒരു സമൂഹത്തെ മുഴുവൻ തെറ്റിദ്ധരിപ്പിക്കുകയുണ്ടായി. ആ സമൂഹം മുഴുവൻ എനിക്കെതിരെ തിരിഞ്ഞു. ജോലി ചെയ്യുന്ന റേഡിയോ സ്റ്റേഷന്റെ റേറ്റിങ് തന്നെ ഇടിച്ച് താഴ്‌ത്തി. മുസ്ലിം രാജ്യത്തെ നിയമത്തിന് എതിരായി സംസാരിച്ചുവെന്ന് പരാതികൾ പോയി. ഒരു മാസം മുൻപ് തുടങ്ങിയ ആ സ്ഥാപനം പൂട്ടുമെന്നും പതിനഞ്ചോളം ചെറുപ്പക്കാരുടെ ജോലി പോകുമെന്നുമുള്ള സ്ഥിതിയുണ്ടായി. അതോടെ മാപ്പ് പറഞ്ഞ് ഞാൻ പ്രശ്‌നം പരിഹരിച്ചു.

ഇപ്പോഴും മലപ്പുറത്തെ വിഷയത്തിലെ നിലപാടിൽ യാതൊരു മാറ്റവുമില്ല. താൻ മാപ്പ് പറഞ്ഞതിൽ വിഷമിക്കുന്നവർ തനിക്കെതിരെ ക്യാംപെയ്ൻ നടന്നപ്പോൾ എവിടെയായിരുന്നു. ചില തീവ്രഹിന്ദുക്കൾ നാണമില്ലേ എന്ന് ചോദിച്ച് രംഗത്ത് വരുന്നുണ്ട്. അത് എന്നോടുള്ള സ്‌നേഹം കൊണ്ടല്ല. നേരത്തെ അവരെ വിമർശിച്ചതിലുള്ള ദേഷ്യം തീർക്കുകയാണ്. വിമർശിക്കുമ്പോൾ മതം പഠിച്ചിട്ട് വാ എന്നാണ് ചിലർ പറയുന്നത്.
ഞാനേതായാലും മതം പഠിക്കാൻ ഉദ്ദേശിക്കുന്നില്ല. ഒരു മതത്തിലും താൽപര്യവുമില്ല. മതം പഠിച്ചെന്ന് പറയുന്നവർ വിളിക്കുന്നത് പരനാറി എന്നൊക്കെയാണ്. ഇത് ഇസ്ലാം മതത്തിൽ മാത്രമല്ല, ഹിന്ദുമതത്തിലും മറ്റ് മതത്തിലുമുണ്ട്. ഏല്ലാ മതത്തിലും രണ്ട് ശതമാനം അടിയുറച്ച വിശ്വാസികളുണ്ട്. അവർ ഇത്തരം കാര്യത്തിന് പോവില്ല. മതമെന്ന ലഹരിയാണോ വിശ്വാസമാണോ ജീവിതരീതിയാണോ വേണ്ടതെന്ന് ഓരോ വ്യക്തിയും തീരുമാനിക്കണം.

ഇസ്ലാം മതം സമാധാനത്തിന്റെയും ക്ഷമയുടേയും മതമാണെന്നാണ് പറയുന്നത്. വേശ്യാ സ്ത്രീ പട്ടിക്ക് വെള്ളം കൊടുക്കുന്നത് കണ്ട് അവരുടെ പാപം ദൈവം പൊറുത്തുവെന്നാണ് കഥ. അത്തരത്തിൽ ക്ഷമയും സഹനവും പഠിപ്പിക്കുന്ന, നന്മയുള്ള മതത്തിന്റെ ആൾക്കാരാണോ മൂന്ന് പെൺകുട്ടികളുടെ ഡാൻസിന്റെ പേരിൽ ഇത്രയധികം കോലാഹലമുണ്ടാക്കുന്നത്. എല്ലാ മതത്തിലും രണ്ട് ശതമാനം തീവ്രവാദികളുമുണ്ട്. ലോകം മുഴുവൻ ഒരു മതംമാക്കിയാൽ എല്ലാവർക്കും ഭക്ഷണവും മെച്ചപ്പെട്ട ജീവിതവും ലഭിക്കുമെന്ന് കരുതുന്നുണ്ടോ. എന്ത് നേട്ടത്തിന് വേണ്ടിയാണ് ഈ അസഹിഷ്ണുത.

രണ്ട് ശതമാനം വരുന്ന വിശ്വാസികളെക്കൂടി കരിവാരിത്തേച്ച് കൊണ്ടാണ് ബാക്കിയുള്ളവർ ഇങ്ങനെയൊക്കെ കാണിച്ചത്. ഒരു സമുദായത്തെ മൊത്തം മോശം പറയിച്ചത്. ഇംഗ്ലീഷ് മാധ്യമങ്ങൾ പോലുമിത് വാർത്തയാക്കി. തനിക്ക് ലഭിച്ചത് അത്രയധികം കോളുകളാണ്. വാളുമായി നിൽക്കുന്നവർക്കിടയിലേക്കാണ് വെട്ടിക്കൊള്ളൂ എന്ന് പറഞ്ഞ് ഇറങ്ങിച്ചെന്നത്. തെറ്റിദ്ധരിക്കപ്പെട്ടവരാണ് അത്തരമൊരു അവസരമുണ്ടാക്കിയത്.

24 മണിക്കൂറിന് ശേഷം വിശ്വാസികളായിട്ടുള്ളവർ ക്ലിയറായിട്ടുള്ള ഒരു പിക്ചർ കൊടുത്തു. അതോടെ ബാക്കി 96 ശതമാനവും തെറ്റ് തിരുത്തി പിന്തുണയുമായി വന്നു. ഇത്രയേ ഉള്ളൂ കാര്യം. ഇത്തരം വിഷയങ്ങളിൽ ആ മതത്തിന് ഉള്ളിൽ നിന്നുകൊണ്ട് തന്നെ വിവരമുള്ളവർ പറഞ്ഞ് കൊടുക്കണം. ആ തിരുത്തൽ വലിയ തിരുത്തലായിരിക്കും. തീവ്രചിന്താഗതിക്കാരാണ് മതത്തെ നശിപ്പിക്കുന്നത്. ജോലി നശിപ്പിച്ചു എന്നുള്ള പ്രചാരണം വെറുതേയാണ്.

റേഡിയോയിലെ ജോലിയും സ്റ്റേജ് ആങ്കറിംഗും പാഷൻ മാത്രമാണ്. വൈകുന്നേരത്തെ ദോഹ ജംഗ്ഷൻ എന്ന പരിപാടി മാത്രമാണ് ചെയ്യുന്നത്. അതിനിടെയാണ് തനിക്കും റേഡിയോയ്ക്കും എതിരെ ക്യാംപെയ്ൻ നടക്കുന്നത്. എന്നെ വേണ്ടെങ്കിൽ എനിക്കും വേണ്ട എന്ന് തോന്നി സ്വയം മാറി നിന്നതാണ്. ഞാൻ തിരിച്ച് പോകും. വാഴപ്പിണ്ടി നട്ടെല്ലാണ് എന്ന് പറയുന്ന പരിഹാസമൊക്കെ കണ്ടു. പറയുന്നവർ ഈ ഒരു വിഷയത്തിലൂടെ കടന്ന് പോയാൽ മതി. നിസ്സാരമാണെന്ന് മനസ്സിലാകും.

മതത്തിലെ തീവ്രചിന്താഗതിക്കാരെ കണ്ടാണ് മതവിശ്വാസം ഇല്ലാതായത്. എല്ലാവരേയും മനുഷ്യനായി കാണുക എന്നതേ ഉള്ളൂ. ഞാൻ തകർന്നടിഞ്ഞ് നിൽക്കുന്ന ആളല്ല. അങ്ങനെ തകരുന്ന ആളല്ല ഞാൻ. ഞാൻ കാരണം സ്ഥാപനം ബുദ്ധിമുട്ടുന്നുവെങ്കിൽ അത് പരിഹരിക്കണം എന്ന് പറഞ്ഞത് അച്ഛനാണ്. അതാണ് അത്തരമൊരു വീഡിയോ പുറത്തിറക്കിയത്. മതത്തെ വക്രീകരിക്കുന്നത് അതിനുള്ളിലുള്ളവർ തന്നെയാണ്. അത് മനസ്സിലാക്കുന്നതും തിരുത്തുന്നതും നന്നായിരിക്കും. - സൂരജ് വീഡിയോയിൽ പറയുന്നു.