പട്‌ന: ബിഹാറിൽ രാഷ്ട്രീയ പ്രതിസന്ധി അതിരൂക്ഷം. ഏതു സമയത്തും നിതീഷ് കുമാർ സർക്കാർ താഴെ വീഴാം. മധ്യപ്രദേശിലും മറ്റും ബിജെപി പുറത്തെടുത്ത തന്ത്രം ബീഹാറിൽ എൻഡിഎയെ തളർത്താൻ പ്രയോഗിക്കുകയാണ് പ്രതിപക്ഷം. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവിനെ പിളർത്താനാണ് തീരുമാനം. എങ്ങനേയും അധികാരത്തിൽ എത്താനാണ് ആർജെഡിയുടെ ശ്രമം. അതിന് വേണ്ടി ആവനാഴിയിലെ അസ്ത്രമെല്ലാം പ്രയോഗിക്കുകയാണ് ലാലു പ്രസാദ് യാദവിന്റെ മകൻ തേജസ്വി യാദവ്.

ജെഡിയുവിന്റെ 17 എംഎൽഎമാർ ആർജെഡിയുമായി ബന്ധപ്പെട്ടെന്നും ഉടൻ തന്നെ സർക്കാർ വീഴുമെന്നും ആർജെഡി അവകാശപ്പെട്ടതാണ് പുതിയ ഭീഷണി. ഇത് ഭരണ കക്ഷി നിഷേധിച്ചിട്ടുണ്ട്. എംഎൽഎമാർ പാർട്ടി വിടുമെന്ന വാദം തെറ്റാണെന്നു നിതീഷ് കുമാർ പ്രതികരിച്ചു. ജെഡിയുവിൽ ഭിന്നതകൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കാര്യങ്ങൾ അത്ര സുഖകരമല്ല. അരുണാചൽ പ്രദേശിൽ ജെഡിയുവിനെ ബിജെപി പിളർത്തിയിരുന്നു. അരുണാചലിൽ 7 എംഎൽഎമാരുണ്ടായിരുന്ന ജെഡിയുവിനെ പിളർത്തി ആറു പേരെ ബിജെപിയിലേക്കെടുത്തതും ബീഹാറിലെ രാഷ്ട്രീയത്തെ സ്വാധീനിച്ചിട്ടുണ്ട്.

അതുകൊണ്ട് തന്നെ ബിജെപി ബന്ധം ഉപേക്ഷിക്കണമെന്നാണ് ആർജെഡിയിലെ വലിയൊരു വിഭാഗം ആവശ്യപ്പെടുന്നത്. ബിഹാറിലെ എൻഡിഎയിലും കരുത്ത് ജെഡിയുവിനില്ല. ഇവിടേയും ഒന്നാം നമ്പർ പാർട്ടി ബിജെപിയാണ്. തെരഞ്ഞെടുപ്പിൽ ബിജെപിയുടെ രാഷ്ട്രീയനീക്കം വൻവിജയമാണ് ബിഹാറിൽ നേടിയത്. ഒപ്പംനിന്ന നിതീഷിനെപോലും അമ്പരപ്പിക്കുന്ന നീക്കത്തിലൂടെ ബിജെപി കൂടുതൽ സീറ്റുകൾ നേടി. മുഖ്യമന്ത്രി സ്ഥാനം നൽകിയെങ്കിലും പഴയ കരുത്ത് അവകാശപ്പെടാൻ നിതീഷിന് കഴിയുന്നില്ല. ഇത് ജെഡിയുവിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ട്.

ഇതോടെയാണ് ജെഡിയു എംഎൽഎമാർ ആർജെഡിയുമായി ബന്ധപ്പെടുന്നു എന്ന അവകാശവാദങ്ങൾ പുറത്തുവരുന്നത്. ബിഹാർ തിരഞ്ഞെടുപ്പിൽ കഷ്ടിച്ചു ഭൂരിപക്ഷമൊപ്പിച്ച് നിതീഷിന്റെ നേതൃത്വത്തിൽ തന്നെ സർക്കാരുണ്ടാക്കിയെങ്കിലും എൻഡിഎ അത്ര സുരക്ഷിതരല്ല. ഇതാണ് പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്. ചിരാഗ് പാസ്വാന്റെ എൽജെപിയെ ഇളക്കിവിട്ടതിനു പിന്നിൽ ബിജെപിക്കു പങ്കുണ്ടെന്നു തന്നെയാണു ജെഡിയു നേതാക്കൾ കരുതുന്നത്. അതുകൊണ്ട് തന്നെ ബിജെപിയെ ചതിയന്മാരായി ജെഡിയു കാണുന്നു.

അരുണാചലിൽ 7 എംഎൽഎമാരുണ്ടായിരുന്ന ജെഡിയുവിനെ പിളർത്തി ആറു പേരെ ബിജെപിയിലേക്കെടുത്തതും പാർട്ടിയെ ചൊടിപ്പിച്ചു. അരുണാചലിലെ സംഭവങ്ങൾക്കു തൊട്ടുപിന്നാലെ നിതീഷ്, പാർട്ടിയുടെ ദേശീയ പ്രസിഡന്റ് സ്ഥാനം രാജിവച്ച് വിശ്വസ്തനായ രാമചന്ദ്ര പ്രസാദ് സിങിനെ ചുമതലയേൽപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമായി നിതീഷിന് പഴയതു പോലെ ഇടപെടാനും കഴിയുന്നില്ല. ഇതും ജെഡിയുവിനെ വെട്ടിലാക്കുന്നുണ്ട്.

നിതീഷിനെ ബിഹാർ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കുശേഷം ബിജെപി നേതൃത്വം കാര്യമായി ഗൗനിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഇത് രണ്ടാം തവണയാണ് സർക്കാർ വീഴുമെന്ന് തേജസ്വി പറയുന്നത്. നേരത്തെ തിരഞ്ഞെടുപ്പിന് ഒരുങ്ങാനായി ആർജെഡിയോട് തേജസ്വി ആവശ്യപ്പെട്ടിരുന്നു. നിതീഷ് കുമാറിലുള്ള വിശ്വാസം പല എംഎൽഎമാർക്കും നഷ്ടപ്പെട്ടിരിക്കുകയാണ്. ബിജെപിക്ക് പൂർണമായും വഴങ്ങിയ ദുർബലനായ നിതീഷാണ് ഇപ്പോൾ ഉള്ളത്. ജെഡിയുവിൽ തുടരാൻ താൽപര്യമില്ലാത്തതിന്റെ കാരണവും ഇത് തന്നെ. മൂന്ന് സാധ്യതകളാണ് സർക്കാർ വീഴാനായി ഉള്ളത്.

17 എംഎൽഎമാർ ജെഡിയു ക്യാമ്പിൽ നിന്ന് ആർജെഡിയുമായി ബന്ധപ്പെട്ടിരിക്കുകയാണ്. ഇക്കാര്യം ആർജെഡി നേതാവ് ശ്യാം രജക്കാണ് പുറത്തുവിട്ടത്. അരുണാചൽ പ്രദേശിലെ ബഹുഭൂരിപക്ഷം എംഎൽഎമാരും കൂറുമാറാൻ കാരണം ദുർബലമായ നേതൃത്വമാണ്. പുതിയ അധ്യക്ഷനായി ആർസിപി സിങ് വന്നത് പ്രശ്നങ്ങൾ വലുതാക്കുന്നു. സിങ് നേതാക്കളുമായി ആഴത്തിലുള്ള ബന്ധമുള്ള നേതാവില്ല. ജെഡിയുവിന്റെ മുഖം നിതീഷ് കുമാറാണ്. ബാക്കി നേതാക്കളൊന്നും അതിന്റെ പകുതി പോലും പോപ്പുലറല്ല. നിതീഷ് ഇപ്പോൾ ദുർബലനാണ്. മറ്റൊന്ന് ബിജെപി അധികാരം നേടിയതാണ്. നിതീഷാണ് ഭരിക്കുന്നതെങ്കിലും നിയന്ത്രിക്കുന്നത് ബിജെപിയാണ്.

ബിജെപിയും ജെഡിയുവും ചേർന്നാൽ ഭൂരിപക്ഷമായ 122 കടക്കില്ല. ഹിന്ദുസ്ഥാൻ അവാം മോർച്ചയും വിഐപിയും ചേർന്ന് നൽകിയ എട്ട് സീറ്റാണ് ഭൂരിപക്ഷം ഉറപ്പിച്ചത്. ഇവർ പോയാൽ സർക്കാർ അപ്പോൾ വീഴും. നിതീഷിന്റെ പാർട്ടിയിൽ നിന്ന് 17 പേർ ആർജെഡിയിലേക്ക് വന്നാൽ അത് പകുതിയിൽ താഴെ മാത്രമേയാവൂ. അത് കൂറുമാറ്റ ചട്ടത്തിന്റെ പരിധിയിൽ വരും. ഇവരെ ജയിപ്പിക്കേണ്ട കടമ ആർജെഡിയുടെ തലയിൽ വരും. ഇതൊഴിവാക്കാൻ പകുതി എംഎൽഎമാരെ തന്നെ തേജസ്വി ലക്ഷ്യമിടുന്നുണ്ട്. ഇത് മനസ്സിലാക്കി ബിജെപിയും കളികൾ തുടങ്ങിയിട്ടുണ്ട്.

കോൺഗ്രസ് കനത്ത ജാഗ്രതയിലാണ്. 19 എംഎൽഎമാരെയും ചാക്കിട്ട് പിടിക്കാനാണ് ബിജെപിയുടെ പ്ലാൻ. ജെഡിയുവും ഇതിന് പിന്നിലുണ്ട്. ഇവരുടെ കാര്യത്തിൽ ആർജെഡി കൃത്യമായ നിരീക്ഷണം നടത്തുന്നുണ്ട്.