പട്‌ന: ബിജെപിയെ എതിരിടാൻ ബിഹാറിൽ ത്രികക്ഷി സഖ്യമൊരുങ്ങുന്നു. നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡ് (ജെഡിയു), ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദൾ (ആർജെഡി), കോൺഗ്രസ് എന്നിവയാണ് സഖ്യമുണ്ടാക്കിയത്.

സീറ്റ് വിഭജന ചർച്ചകൾ മൂന്നു കക്ഷികളും പൂർത്തിയാക്കി. 243 അംഗ നിയമസഭയിൽ ജെഡിയു, ആർജെഡി പാർട്ടികൾ 100 സീറ്റുകളിൽ വീതം മൽസരിക്കുമെന്നാണു മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചത്. 40 സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്തും.

141 സീറ്റുകളിലാണ് 2010 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ജെഡിയു മൽസരിച്ചിരുന്നത്. അന്നു ബിജെപിയുമായായിരുന്നു സഖ്യം. അന്നു 102 സീറ്റിൽ ജെഡിയു വിജയിക്കുകയും ചെയ്തു. എന്നാൽ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് 2013ൽ സഖ്യത്തിൽ നിന്ന് വേർപിരിഞ്ഞു.

ഇപ്പോൾ ലാലുപ്രസാദ് യാദവിന്റെ ആർജെഡിയുമായും കൈകോർത്താണ് ജെഡിയു എത്തിയിരിക്കുന്നത്. ജനതാ പരിവാർ ലയനവുമായി ബന്ധപ്പെട്ട് നിതീഷിനും ലാലുവിനും ഇടയിൽ ഉടലെടുത്ത അകൽച്ച കൂടിയാണ് ഇതോടെ ഇല്ലാതാകുന്നത്. നേരത്തെ ഡൽഹിയിൽ നടന്ന ജനതാ പരിവാർ ലയനചർച്ചയിൽ തലസ്ഥാനത്ത് ഉണ്ടായിട്ടും നിതീഷ് കുമാർ പങ്കെടുത്തിരുന്നില്ല. ബിഹാറിൽ ലാലുവിനൊപ്പം പങ്കെടുക്കേണ്ടിയിരുന്ന ചടങ്ങിൽനിന്നും മുഖ്യമന്ത്രി നിതീഷ് കുമാർ വിട്ടുനിന്നിരുന്നു. ഇതെതുടർന്നാണ് നിതീഷും ലാലുവും തമ്മിൽ ഭിന്നതകളെന്ന വാർത്ത പുറത്തുവന്നത്. എന്നാൽ, ഇതെല്ലാം ഇല്ലാതാക്കിയിരിക്കുകയാണ് പുതിയ സഖ്യ വാർത്തകൾ.