ന്യൂഡൽ​ഹി: എൻഡിഎ ഘടകകക്ഷിയായ രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി മുന്നണി വിട്ടു. ഷാജഹാൻപൂർ - ഖേഡ അതിർത്തിയിലെ കർഷക റാലിയിൽ വച്ചാണ് സഖ്യത്തിൽ നിന്ന് പിന്മാറുന്നതായുള്ള പ്രഖ്യാപനം. കർഷകർക്ക് എതിരെ നിൽക്കുന്ന ആരുടെയും ഒപ്പമുണ്ടാകില്ലെന്ന് ആർഎൽപി അധ്യക്ഷൻ ഹനുമാൻ ബനിവാൾ അറിയിച്ചു. രാജസ്ഥാനിൽ മൂന്ന് എം എൽ എമാരും ലോക്സഭയിൽ ഒരു എംപിയുമാണ് പാർട്ടിക്ക് ഉള്ളത്.

2018-ലാണ് ബിജെപി വിട്ട് രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടിക്ക് ബെനിവാൾ രൂപം നൽകുന്നത്. 2019-ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യകക്ഷിയായി തിരഞ്ഞെടുപ്പിൽ മത്സരിച്ചു. രാജസ്ഥാനിലെ നഗൗറിൽ നിന്നുള്ള എംപിയാണ് ഹനുമാൻ ബെനിവാൾ. കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അകാലിദൾ നേരത്തേ മുന്നണി വിട്ടിരുന്നു.

അകാലിദളിന് ശേഷം പുതിയ കാർഷിക നിയമങ്ങളെച്ചൊല്ലി എൻഡിഎയിൽനിന്ന് പുറത്തുപോവുന്ന രണ്ടാമത്തെ ബിജെപി സഖ്യകക്ഷിയാണ് രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി. കോവിഡ് ബാധിതനായതിനാൽ കാർഷിക നിയമങ്ങൾ പാർലമെന്റിൽ പാസാക്കുമ്പോൾ തനിക്ക് പങ്കെടുക്കാനായില്ലെന്ന് ഹനുമാൻ ബനിവാൾ വ്യക്തമാക്കിയിരുന്നു. തന്റെ അഭാവത്തിലാണ് നിയമങ്ങൾ പാസാക്കിയത്. താൻ പാർലമെന്റിലുണ്ടാവുമായിരുന്നുവെങ്കിൽ അവ വലിച്ചുകീറി എറിയുമായിരുന്നു എന്നും അദ്ദേ​ഹം പറഞ്ഞു. ഡൽഹിയിൽ സമരം ചെയ്യുന്നതിനായി പോവണമെന്ന് രണ്ടുലക്ഷത്തോളം കർഷകരോട് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.

കർഷകരുടെ താൽപ്പര്യം മുൻനിർത്തി കേന്ദ്രസർക്കാർ ഉചിതമായ തീരുമാനം എടുത്തില്ലെങ്കിൽ മുന്നണിയുടെ കാര്യത്തിൽ പുനരാലോചന നടത്തുമെന്ന് ബേനിവാൾ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ആർഎൽപിയുടെ പ്രധാന വോട്ട് ബാങ്കാണ് കർഷകർ. അതുകൊണ്ടാണ് കർഷകർക്കൊപ്പം നിൽക്കുന്നത്. എൻഡിഎയിൽ അംഗമാണ് ആർഎൽപി. എന്നാൽ ഞങ്ങളുടെ ശക്തി കർഷകരും സൈനികരുമാണ്- ബേനിവാൾ പറഞ്ഞു.