- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തങ്ങൾക്ക് കോവാക്സിൻ കുത്തിവെക്കരുതെന്ന് രാം മനോഹർ ലോഹ്യ ആശുപത്രിയിലെ ഡോക്ടർമാർ; മൂന്നാം ഘട്ട ക്ലിനിക്കൽ പരിശോധനകൾ പൂർത്തിയാകാത്ത വാക്സിനെ കുറിച്ച് ആശങ്ക; മരുന്നിന്റെ ഫലപ്രാപ്തി ഇനിയും ഉറപ്പായിട്ടില്ലെന്ന് വ്യക്തമാക്കുന്ന കൺസെന്റ് ഫോം ഉണ്ടെന്നും റിപ്പോർട്ടുകൾ; രാജ്യം വാക്സിനേഷനിലേക്ക് കടന്നിട്ടും അടങ്ങാത്ത വിവാദങ്ങൾ ഇങ്ങനെ
ന്യൂഡൽഹി: ഭാരത് ബയോടെക് വാക്സിനായ കോവാക്സിൻ തങ്ങളിൽ കുത്തിവെക്കരുതെന്ന ആവശ്യവുമായി ഡൽഹിയിലെ രാം മനോഹർ ലോഹിയ (ആർഎംഎൽ) ആശുപത്രിയിലെ റെസിഡന്റ് ഡോക്ടർമാർ ആശുപത്രി സൂപ്രണ്ടിന് കത്ത് നൽകി. ഭാരത് ബയോടെക് വാക്സിൻ കോവാക്സിൻ തങ്ങൾക്ക് കുത്തിവെക്കാൻ ആഗ്രഹിക്കുന്നില്ലെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീൽഡ് വാക്സിൻ തന്നെ കുത്തിവെക്കണമെന്നുമാണ് ഡോക്ടർമാരുടെ ആവശ്യം.
ക്ലിനിക്കൽ പരിശോധനകൾ പൂർത്തിയാകാത്തതിനാൽ ഡോക്ടർമാർ കോവാക്സിനെ ഭയപ്പെടുന്നുവെന്ന് ആർഎംഎൽ ഹോസ്പിറ്റലിലെ റെസിഡന്റ് ഡോക്ടർമാരുടെ അസോസിയേഷൻ അറിയിച്ചു. "കോവാക്സിൻ പൂർണ്ണമായ പരീക്ഷണങ്ങളുടെ അഭാവത്തെക്കുറിച്ച് ഡോക്ടർമാർക്ക് അൽപ്പം ആശങ്കയുണ്ടെന്നും പ്രതിരോധ കുത്തിവയ്പ്പിൽ പങ്കെടുക്കില്ലെന്നും ഞങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ ആഗ്രഹിക്കുന്നു," ആർഎംഎൽ ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. പരീക്ഷണത്തിന്റെ എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കിയ കോവിഷീൽഡ് കുത്തിവയ്പ് നൽകാൻ ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു - കത്തിൽ പറയുന്നു.
അതേസമയം, ആർഎംഎൽ ഹോസ്പിറ്റലിലെ മെഡിക്കൽ സൂപ്രണ്ട് ഡോ. എ കെ സിങ് റാണയാണ് ഇന്ന് കോവാക്സിൻ ആദ്യ ഡോസ് എടുത്തത്. ഡൽഹിയിലെ 81 സർക്കാർ കേന്ദ്രങ്ങൾ വാക്സിനേഷൻ ഡ്രൈവ് നടത്തി. ആറ് കേന്ദ്ര സർക്കാർ ആശുപത്രികൾ - എയിംസ്, സഫ്ദർജംഗ് ഹോസ്പിറ്റൽ, ആർഎംഎൽ ഹോസ്പിറ്റൽ, കലാവതി സരൺ ചിൽഡ്രൻ ഹോസ്പിറ്റൽ, രണ്ട് ഇഎസ്ഐ ആശുപത്രികൾ എന്നിവ ഡൽഹിയിലെ വാക്സിനേഷൻ ഡ്രൈവിന്റെ ഭാഗമാണ്.
അതേസമയം, കോവാക്സിൻ എടുക്കുന്നവർക്ക് പ്രത്യേക സമ്മതപത്രം ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ക്ലിനിക്കൽ ട്രയലിന്റെ ആദ്യ രണ്ട് ഘട്ടങ്ങളിലും കോവാക്സിൻ കോവിഡിനെതിരെ ആന്റീബോഡികൾ നിർമ്മിക്കാനുള്ള കഴിവ് തെളിയിച്ചിട്ടുണ്ടെങ്കിലും മരുന്നിന്റെ ഫലപ്രാപ്തി ഇനിയും ഉറപ്പായിട്ടില്ലെന്നും ഇപ്പോഴും പരീക്ഷണഘട്ടത്തിലാണെന്നുമാണ് സമ്മതപത്രത്തിൽ പറഞ്ഞിരിക്കുന്നത്. വാക്സിൻ മൂന്നാം ഘട്ട പരീക്ഷണത്തിലാണെന്നും അതുകൊണ്ട് മരുന്ന് കുത്തിവച്ചതുകൊണ്ട് കോവിഡിനെതിരെയുള്ള മറ്റ് മുൻകരുതലുകൾ പാലിക്കണ്ടെന്ന് അർത്ഥമില്ലെന്നും സമ്മതപത്രത്തിൽ കൊടുത്തിട്ടുണ്ട്. വാക്സിനെടുക്കുന്നവർക്ക് എന്തെങ്കിലും ഗുരുതരാവസ്ഥ ഉണ്ടായാൽ ആരോഗ്യ കേന്ദ്രത്തിൽ മികച്ച പരിചരണം നൽകുമെന്നും ഇത്തരം അപകടഘട്ടത്തിൽ നഷ്ടപരിഹാരം ഭാരത് ബയോടെക് നൽകുമെന്നും കൺസെന്റ് ഫോമിൽ പറയുന്നു.
കോവാക്സിൻ, കോവിഷീൽഡ് എന്നിവയുടെ ഡോസുകൾ ഉപയോഗിച്ചാണ് വാക്സിൻ ആരംഭിച്ചതെന്ന് ആരോഗ്യമന്ത്രി ഹർഷ് വർധൻ പറഞ്ഞു, "ജനങ്ങളുടെ സുരക്ഷ എല്ലായ്പ്പോഴും പരമപ്രധാനമാണ്. കോവാക്സിനായുള്ള മൂന്നാം ഘട്ട പരീക്ഷണങ്ങൾ തുടരുകയാണ്. "ഫലങ്ങൾ കണ്ട ശേഷം വിദഗ്ദ്ധർ അംഗീകാരം നൽകി. ഭയപ്പെടേണ്ട ആവശ്യമില്ല. തികച്ചും നിർഭയരായിരിക്കണം, കൂടാതെ ഈ വാക്സിനുകളുടെ സുരക്ഷയെക്കുറിച്ച് ഉറപ്പുണ്ടായിരിക്കുകയും ക്ഷമയോടെ കാത്തിരിക്കുകയും വേണം, "ഹർഷ വർധൻ പറഞ്ഞു. രണ്ട് വാക്സിനുകളും തമ്മിൽ വ്യത്യാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടും ഒരുപോലെ സുരക്ഷിതവും ഫലപ്രദവുമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മറുനാടന് ഡെസ്ക്