- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടിപിയുടെ ചോരയുടെ ബലത്തിലാണ് വടകരയിൽ നിന്ന് ജയിച്ചതെന്ന കാര്യം മുല്ലപ്പള്ളി മറക്കരുത്; കെപിസിസി പ്രസിഡന്റ് ഞങ്ങളോട് ചെയ്ത് വഞ്ചന; കല്ലാമല തർക്കം തദ്ദേശതെരഞ്ഞെടുപ്പിൽ തിരിച്ചടിയായി; പാർട്ടിക്ക് കിട്ടേണ്ട നിരവധി സീറ്റുകൾ ഇതുവഴി നഷ്ടമായി; ജനകീയ മുന്നണിക്കെതിരെ ഒരു വിഭാഗം കോൺഗ്രസുകാർ പ്രവർത്തിച്ചു; മുല്ലപ്പള്ളിക്കെതിരെ രൂക്ഷവിമർശനവുമായി ആർഎംപി
വടകര: തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി ആർഎംപി. . മുല്ലപ്പള്ളി വഞ്ചന കാട്ടിയെന്നും കല്ലാമല തർക്കം തദ്ദേശതെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും ആർഎംപി സംസ്ഥാന സെക്രട്ടറി എൻ.വേണു പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിയാണ് വേണു ഇക്കാര്യം വ്യക്തമാക്കിയത്.
കല്ലാമല തർക്കം തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണുണ്ടാക്കിയത്. പാർട്ടിക്ക് കിട്ടേണ്ട നിരവധി സീറ്റുകൾ ഇതുവഴി നഷ്ടമായി. ടി.പി ചന്ദ്രശേഖരന്റെ ചോരയുടെ ബലത്തിലാണ് വടകരയിൽ നിന്ന് ജയിച്ചതെന്ന കാര്യം മുല്ലപ്പള്ളി രാമചന്ദ്രൻ മറക്കരുത്. ടിപി ചന്ദ്രശേഖരന്റെ വധം ഉയർത്തി കൊണ്ടു വന്ന അക്രമവിരുദ്ധ രാഷ്ട്രീയത്തിനെതിരായ വികാരമാണ് 2009-ലും 2014-ലും മുല്ലപ്പള്ളിയേയും 2019-ൽ കെ മുരളീധരനേയും വടകരയിൽ ജയിപ്പിച്ചത്. ടിപി ചന്ദ്രശേഖരന്റെ ചോരയുടെ ബലമാണ് ഇതെല്ലാം.
ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും വടകര മുൻസിപ്പാലിറ്റിയിലും മുല്ലപ്പള്ളി എടുത്ത നിലപാട് കാരണം ജനകീയ മുന്നണിക്ക് തിരിച്ചടിയായി. മുല്ലപ്പള്ളി നാടായ അഴിയൂർ പഞ്ചായത്തിൽ നാല് സീറ്റെങ്കിലും നഷ്ടപ്പെട്ടു. വടകര ബ്ലോക്ക് പഞ്ചായത്തിലെ നാല് ഡിവിഷനിലെ തോൽവിക്കും അനാവശ്യവിവാദം കാരണമായി. ജനകീയ മുന്നണിയെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ അട്ടിമറിച്ചു. സ്ഥാനാർത്ഥിത്വം റദ്ദാക്കിയിട്ടും കല്ലാമലയിൽ ജയകുമാറിനായി കോൺഗ്രസ് പ്രവർത്തിക്കുന്ന അവസ്ഥയുണ്ടായി. തദ്ദേശതെരഞ്ഞെടുപ്പിൽ ജയകുമാറിന് 387 വോട്ടുകൾ എങ്ങനെ കിട്ടിയെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും എൻ.വേണു പറഞ്ഞു.
ആർഎംപി പ്രഭാവം ഇത്തവണ മങ്ങുന്ന കാഴ്ചയാണ് ഒഞ്ചിയം മേഖലയിൽ പൊതുവെ കാണാൻ കഴിഞ്ഞത്. എവിടെയും അവർക്ക് കഴിഞ്ഞ തവണത്തെ അത്ര എത്താൻ കഴിയില്ല. ഇതിനെല്ലാം ഇടയാക്കിയത് കല്ലാമലയിലെ തർക്കമായിരുന്നു. ഇവിടെ ആർഎംപിയും കോൺഗ്രസും ഉൾപ്പെട്ട ജനകീയ മുന്നണിക്ക് സീറ്റ് നൽകാതെ ഒരു കോൺഗ്രസുകാരന് മുല്ലപ്പള്ളി കൈപ്പത്തി ചിഹ്നം അനുവദിക്കയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് കെ മുരളീധരൻ എം പി അടക്കമുള്ളവർ ഇത്തവണ വടകരയിൽ പ്രചാരണത്തിന് ഇല്ലെന്ന് പ്രഖ്യാപിക്കയായിരുന്നു. ഇതേതുടർന്ന് അവസാന തർക്കങ്ങളിൽപെട്ട് അവസാന നിമിഷമാണ് സ്ഥാനാർത്ഥിയെ മരവിപ്പിച്ചത്. ഇതോടെ ബാലറ്റിൽ കൈപ്പത്തി ചിഹ്നം ഉണ്ടായിട്ടും അതിന് വോട്ട് ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു കല്ലാമലക്കാർ. മുല്ലപ്പള്ളി വോട്ട് ചെയ്തതും ഇവിടെയായിരുന്നു.
മറുനാടന് ഡെസ്ക്