കോട്ടയം : അപസ്മാരം വന്ന് കുഴഞ്ഞ വീണ യുവാവ് ബസ് കയറി മരിച്ചു. കോട്ടയം നഗരമധ്യത്തിൽ ചന്തക്കവലക്ക് സമീപമാണ് സംഭവം. ചന്തക്കടവിൽ തടത്തിപ്പറമ്പ് ഭാഗത്ത് ബേബിയുടെ മകൻ രാജേഷാണ് (കുഞ്ഞു കൊച്ച് - 35) മരിച്ചത്.

ബസിനടിയിലേക്കു കുഴഞ്ഞു വീണ രാജേഷിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങിയായിരുന്നു. അപസ്മാര രോഗബാധിതനായ രാജേഷിന് കടുത്ത പ്രമേഹവും ഉണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെ ഒൻപതു മണിയോടെ ചന്തക്കവലയിൽ എം.എൽ റോഡിലെ ഷാപ്പിനു മുന്നിലെ കടത്തിണ്ണയിൽ ഇരിക്കുകയായിരുന്നു രാജേഷ്. കടത്തിണ്ണയിൽ നിന്നു മുന്നോട്ട് എഴുന്നേറ്റ രാജേഷ് നടക്കാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി, റോഡരികിലേയ്ക്കു വീഴുകയായിരുന്നു.

ഈ സമയം ഇതുവഴി എത്തിയ കോട്ടയം- കോളനി റൂട്ടിലോടുന്ന ബസിന്റെ അടിയിലേയ്ക്കാണ് രാജേഷ് വീണത്. രാജേഷ് വീഴുന്നത് കണ്ട് നാട്ടുകാർ ബഹളം വച്ചെങ്കിലും ബസ്സിന്റെ പിൻചക്രങ്ങൾ ഇയാളുടെ ശരീരത്തിലൂടെ കയറിയിറങ്ങിയിരുന്നു. ബസ് നിർത്തിയെങ്കിലും രാജേഷ് മരിച്ചിരുന്നു.

രാജേഷ് മാർക്കറ്റ് റോഡിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നത് പതിവാണെന്നു പൊലീസ് അറിയിച്ചു. മരണ ശേഷം ഇയാൾക്ക് കോവിഡ് സ്ഥീരീകരിച്ചു.മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.