ന്യൂഡൽഹി: കഴിഞ്ഞ വർഷം റോഡ് അപകടങ്ങളിൽ 23,483 കാൽനടക്കാർ മരിച്ചതായി ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയെ അറിയിച്ചു. മുൻ വർഷത്തേക്കാൾ കുറവാണ് ഇതെന്നു ഗഡ്കരി പറഞ്ഞു. 2019ൽ 25,858 കാൽനടക്കാരാണ് റോഡ് അപകടങ്ങളിൽ മരിച്ചത്.

കഴിഞ്ഞ വർഷം ആകെ 1,31,714 പേരാണ് റോഡ് അപകടങ്ങളിൽ കൊല്ലപ്പെട്ടത്. 2019ൽ ഇത് 1,51,113 ആയിരുന്നു. സംസ്ഥാന പൊലീസിൽ നിന്നു ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തിലുള്ള വിവരമാണ് ഇതെന്ന് ഗതാഗത മന്ത്രി പറഞ്ഞു.

റോഡ് അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മോട്ടോർ വാഹന നിയമ ഭേദഗതി കൊണ്ടുവന്നത്. ഗതാഗതത്തെ ഇലക്ടോണിക് നിരീക്ഷണത്തിനു വിധേയമാക്കുക, ഗതാഗത ലംഘനത്തിന് പിഴ കൂട്ടുക തുടങ്ങിയ നിർദേശങ്ങൾ ഈ ലക്ഷ്യത്തോടെ ആയിരുന്നെന്ന് മന്ത്രി വിശദീകരിച്ചു.

മോട്ടോർ വാഹന അപകടങ്ങളിൽ കാൽനടക്കാർ മരിക്കുന്നത് അശ്രദ്ധമായ യാത്ര മൂലവും ആകാമെന്ന് മന്ത്രി പറഞ്ഞു.