മനാമ: ഏറ്റവും കൂടുതൽ അപകടങ്ങൾ വരുത്തിവയ്ക്കുന്നത് പ്രവാസികളാണെന്ന പൊതുധാരണ തെറ്റാണെന്ന് തെളിയിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പുതിയ വിവരങ്ങൾ അനുസരിച്ച് ബഹ്‌റൈനികൾ ഒന്നാം സ്ഥാനത്തും ഇന്ത്യക്കാർക്ക് ഇതിന്റെ തൊട്ടുപിന്നിലുമാണ്. എങ്കിലും റോഡപകടങ്ങളിൽ വരുത്തിവയ്ക്കുന്നതിൽ രണ്ടാംസ്ഥാനത്തുള്ള ഇന്ത്യ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് വ്യക്തമാക്കുന്ന കണക്കുകൾ കൂടിയാണിത്.

രാജ്യത്തെ 66.5 ശതമാനം അപകടങ്ങൾക്കും കാരണമാവുന്നത് ബഹ്‌റൈനികൾ തന്നെയാണ്. 1686 അപകടങ്ങളാണ് ഇവരുണ്ടാക്കിയത്. 253 അപകടങ്ങളാണ് ഇന്ത്യക്കാർ വരുത്തിവച്ചത്. അതായത് 9.97 ശതമാനം. പാക്കിസ്ഥാൻ 167 (5.32ശതമാനം) അപകടങ്ങളും ബംഗ്ലാദേശികൾ 135 (6.58 ശതമാനം) അപകടങ്ങളും സൗദി 87(3.43ശതമാനം) അപകടങ്ങളുമാണ് വരുത്തിവച്ചത്. മറ്റു രാഷ്ട്രങ്ങളിലെ പൗരന്മാർ 210 അപകടങ്ങൾ മാത്രമാണ് ഉണ്ടാക്കിയത്.

കൂടാതെ അപകടങ്ങൾ സംഭവിക്കുന്നതിൽ പുരുഷന്മാർക്ക് സ്ത്രീകളുടെയത്രയും കാര്യക്ഷമതയില്ലെന്നതും കണക്കുകൾ വ്യക്തമാക്കുന്നു. കാരണം, മൊത്തം അപകടങ്ങളിൽ 25 ശതമാനത്തിൽ മാത്രമേ സ്ത്രീകൾ ഉൾപ്പെട്ടിട്ടുള്ളൂ. കഴിഞ്ഞ വർഷത്തെ കണക്കിലും വാഹനമോടിച്ചിരുന്നവരിൽ 809 പേർ പുരുഷന്മാരും 267 പേർ സ്ത്രീകളുമായിരുന്നു.

ട്രാഫിക് നിയമലംഘനങ്ങൾ തിരിച്ചറിയുന്ന അത്യാധുനിക ഓട്ടോമാറ്റിക് കാമറകൾ സ്ഥാപിച്ചത് വൻ വിജയമായെന്നാണ് അധികൃതരുടെ വിലയിരുത്തൽ. അമിത വേഗത, ഡ്രൈവിങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗം എന്നിവ ഈ കാമറകൾ വഴി എളുപ്പത്തിൽ തിരിച്ചറിയാനാകുന്നതും അപകടത്തിന്റെ തോത് കുറച്ചു. കാമറകൾ സ്ഥാപിച്ച ശേഷം ഒരു മാസത്തിനകം അമിതവേഗതയുടെ പേരിൽ 66 കേസുകളാണ് ലഭിച്ചത്.

മറ്റ് നിയമങ്ങൾ ലംഘിച്ചവരുടെ വിവരങ്ങൾ ട്രാഫിക് നിയമലംഘന വിഭാഗത്തിലേക്ക് നിയമനടപടിൾ സ്വീകരിക്കുന്നതിനായി കൈമാറി. തുടർച്ചായി നിയമം ലംഘിക്കുന്നവർക്കെതിരായ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. ട്രാഫിക് നിയമ ബോധവത്കരണത്തിനായി നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇത് ഫലം കാണുമെന്നാണ് പ്രതീക്ഷ. ഉർദു, ഹിന്ദി, ബംഗാളി, മലയാളം ഭാഷകളിലുള്ള ട്രാഫിക് ബോധവത്കരണ കാമ്പയിൻ നടത്താനും പദ്ധതിയുണ്ട്.