ഡബ്ലിൻ: മുൻ വർഷങ്ങളെ അപേക്ഷിച്ച് റോഡ് അപകടമരണ നിരക്കിൽ 18 ശതമാനത്തോളം കുറവുണ്ടെന്ന് റോഡ് സേഫ്റ്റി അഥോറിറ്റി. ക്രിസ്മസ് തിരക്കിനോട് അനുബന്ധിച്ച് നടത്തിയ റിവ്യൂ മീറ്റിംഗിലാണ് ഗാർഡ തലവൻ ഇക്കാര്യം വ്യക്തമാക്കിയത്.

ക്രിസ്മസ് ആഴ്ചയിൽ തിരക്കുകൾ വർധിച്ചു വരികയാണെന്നും വാഹനാപകടങ്ങൾ സാധാരണയായി ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങളോടനുബന്ധിച്ച് വർധിക്കാറുണ്ടെന്നും ഗാർഡ വ്യക്തമാക്കി. വാഹനങ്ങളുമായി പുറത്തിറങ്ങുന്നവർ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിച്ചിരിക്കണമെന്നും കാലാവസ്ഥ മോശമായതിനാൽ റോഡിന്റെ അവസ്ഥ കൂടി മനസിലാക്കി വേണം യാത്ര ചെയ്യാനെന്നും ഓർമപ്പെടുത്തി.

2020-ഓടെ റോഡ് അപകട നിരക്ക് കുറച്ചുകൊണ്ടുവരികയെന്നതാണ്  ലക്ഷ്യമെന്നും റോഡ് സേഫ്റ്റി അഥോറിറ്റി വ്യക്തമാക്കി. ഇന്നലെ വരെയുണ്ടായ 149 അപകടങ്ങളിൽ 156 പേരുടെ ജീവനാണ് പൊലിഞ്ഞിരിക്കുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കിയിരിക്കുന്നത്. ഇതേ കാലയളവിൽ മുൻ വർഷത്തെക്കാൾ 35 എണ്ണം കുറവാണിത്. 70 ഡ്രൈവർമാർ, 26 യാത്രക്കാർ, 31 കാൽനടക്കാർ, 20 ഇരുചക്രവാഹനയാത്രക്കാർ, ഒമ്പത് സൈക്കിൾ യാത്രക്കാർ എന്നിവരാണ് ഈ അപകടങ്ങളിൽ മരിച്ചിട്ടുള്ളത്.

ജനുവരിക്കും നവംബർ ഒന്നിനും മധ്യേ ട്രാഫിക് അമിത വേഗത്തിൽ വാഹനം ഓടിച്ച 188,194 പേർക്ക് നോട്ടീസുകൾ നൽകിയിട്ടുണ്ടെന്നും കണക്കുകൾ ചൂണ്ടിക്കാട്ടി. ഇതേകാലയളവിൽ തന്നെ വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് 25,133 പേർക്കെതിരേയും സീറ്റ് ബെൽറ്റ് ഇടാത്തതിന് 9,547 പേർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിച്ച 7,000 ഡ്രൈവർമാരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. മദ്യപിച്ച് വാഹനമോടിച്ചതിന് ഡിസംബർ ഒന്നു മുതൽ ഇന്നലെ വരെ മറ്റൊരു 381 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.