കുവൈറ്റ് സിറ്റി: ജിസിസി അംഗരാജ്യങ്ങളിൽ ആകമാനം റോമിങ് നിരക്ക് 40 ശതമാനമായി കുറയ്ക്കാൻ തീരുമാനം. ഏപ്രിൽ ഒന്നു മുതൽ കുറഞ്ഞ നിരക്ക് പ്രാബല്യത്തിലാക്കാനാണ് നീക്കം. ഇൻകമിങ്, ഔട്ട്‌ഗോയിങ് വോയ്‌സ് സർവീസ് ചാർജുകൾക്കും എസ്എംഎസ്, ഡേറ്റ് എന്നിവയ്‌ക്കെല്ലാം നിരക്ക് വെട്ടിച്ചുരുക്കൽ ബാധകമായിരിക്കും.

എല്ലാ സെൽഫോൺ റോമിങ് സർവീസുകൾക്കും ഇതു ബാധകമാണെന്ന് ജിസിസി ജനറൽ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് സെക്രട്ടറി ജനറൽ അബ്ദുള്ള ബിൻ ഷിബ്ലി വ്യക്തമാക്കി. എസ്എംഎസ് സൗജന്യമായി ലഭിക്കുന്ന സേവനം തുടരുമെന്നും ഇതിലൂടെ ജിസിസി മൊബൈൽ ഉപയോക്താക്കൾക്ക് 113 കോടി ഡോളർ ലാഭിക്കാനാകുമെന്നും അൽ ഷിബ്ലി വെളിപ്പെടുത്തി.

ഘട്ടം ഘട്ടമായാണ് നിരക്കുകളിൽ കുറവു വരുത്തുന്നത്. ജിസിസി ടെക്‌നിക്കൽ ടീമുകൾ തുടർച്ചയായി നിരീക്ഷിച്ച ശേഷം ജിസിസി തപാൽ, ടെലികോം, ഐടി മന്ത്രിതല സമിതിക്കു റിപ്പോർട്ട് നൽകും. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടർ നടപടികൾ സ്വീകരിക്കുക. ഫോൺ, എസ്എംഎസ് നിരക്കുകൾ മൂന്നു വർഷം കൊണ്ടും ഡേറ്റാ നിരക്കുകൾ അഞ്ചു വർഷം കൊണ്ടും കുറച്ചുവരാനായിരുന്നു ജിസിസി മന്ത്രിതല തീരുമാനം.