- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഷ്ടിച്ച ബൈക്കുകൾ ഉപയോഗിച്ച് രാത്രിയിൽ നൈറ്റ ഔട്ട്; വീട്ടുകാർ ഉറങ്ങിയതിന് ശേഷം വീടുവിട്ടിറങ്ങുകയും വീട്ടുകാർ ഉണരുന്നതിന് മുമ്പ് തന്നെ വീടുകളിൽ തിരിച്ചെത്തുന്ന പാവങ്ങൾ; കോഴിക്കോട് നൂറിലേറെ കടകളിൽ മോഷണം നടത്തിയ നാലംഗ സംഘം പിടിയിൽ
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത രണ്ട് പേർ ഉൾപ്പെടെ നാല് പേരടങ്ങുന്ന മോഷണ സംഘം അറസ്റ്റിലായതോടെ കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലായി നടന്ന നൂറിലധികം മോഷണക്കേസുകൾക്കാണ് തുമ്പുണ്ടായത്. കക്കോടി മക്കട യോഗി മഠത്തിൽ ജിഷ്ണു(18), ബദിരൂർ ചെമ്പോളി പറമ്പിൽ ധ്രുവൻ(19) പ്രായപൂർത്തിയാകാത്ത രണ്ട് പേർ എന്നിവരെ ഇന്നലെയാണ് കോഴിക്കോട് ഡപ്യൂട്ടി കമ്മിഷണർ സ്വപ്നിൽ മഹാജന്റെ നേതൃത്വത്തിൽ സിറ്റി ക്രൈം സ്ക്വാഡും ചേവായൂർ പൊലീസും ചേർന്ന് പിടികൂടിയത്.
പ്രായപൂർത്തിയാകാത്ത രണ്ട് പേരെ രക്ഷിതാക്കൾക്കൊപ്പം വിളിച്ചുവരുത്തുകയാണ് ചെയ്തത്. ഇവർ പിടിയിലായതോടെ കോഴിക്കോട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകൾക്ക് കീഴിൽ നടന്ന നിരവധി മോഷണക്കേസുകൾക്ക് തുമ്പുണ്ടായി. ബാലുശ്ശേരി ഭാഗത്തെ 8 കടകൾ, ചേളന്നൂർ അമ്പലത്തുകുളങ്ങര, കുമാരസ്വാമി എന്നിവിടങ്ങളിലെ 10 കടകൾ, കുന്നമംഗലം, ചാത്തമംഗലം, കാരന്തൂർ ഭാഗങ്ങളിലെ 20 കടകൾ, മാവൂർ, കുറ്റിക്കാട്ടൂർ, കായലം, പൂവാട്ടുപറമ്പ് ഭാഗങ്ങളിലെ 10 കടകൾ, പുതിയങ്ങാടി, വെസ്റ്റ്ഹിൽ, കാരപ്പറമ്പ് ഭാഗങ്ങളിൽ 13 കടകൾ, അത്തോളി, പറമ്പത്ത് ഭാഗങ്ങളിലെ 5 കടകൾ, തൊണ്ടയാട്, പാലാഴി ഭാഗങ്ങളിലെ 5 കടകൾ കക്കോടി, ചെറുകുളം, മക്കട ഭാഗങ്ങളിലെ 7 കടകൾ,കുറ്റിക്കാട്ടൂരിലെ എം.എ.ചിക്കൻ സ്റ്റാൾ, ഭട്ട് റോഡിലെ പലചരക്ക് കട, കുന്നമംഗലം ഗാലക്സി ഗ്ലാസ് ഷോപ്പ്, എൻപി ചിക്കൻ സ്റ്റാൾ, പടനിലത്തെ ആരാമ്പ്രം മെഡിക്കൽ ഷോപ്പ്, കുറ്റിക്കാട്ടൂരിലെ എം.എ.ചിക്കൻ സ്റ്റാൾ എന്നിവിടങ്ങളിൽ നടന്നിട്ടുള്ള മോഷണങ്ങൾക്ക് പിന്നിൽ കൗമാരക്കാരുടെ ഈ സംഘമാണ് തെളിഞ്ഞു. വിവിധ മോഷണക്കേസുകളിൽ എലത്തൂർ, കോഴിക്കോട് ടൗൺ, കാക്കൂർ പൊലീസ് സ്റ്റേഷനുകളിൽ ഇവർ പിടിയിലായിരുന്നെങ്കിലും വിട്ടയക്കുകയായിരുന്നു. ഇതാണ് സംഘത്തെ വീണ്ടും മോഷണം നടത്താൻ പ്രേരിപ്പിച്ചത്.
അടുത്ത കാലത്തായി കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലായി നടന്ന മോഷണങ്ങളിലെല്ലാം കുട്ടികളുടെ പങ്ക് കൂടുതലായി ഉണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് പൊലീസ് ഈ സംഘത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചത്. മോഷണ സംഭവങ്ങളിൽ ജില്ലയിൽ നരത്തെ അറസ്റ്റിലായവരുടെ ലിസ്റ്റിൽ നിന്നാണ് ഈ സംഘത്തിന്റെ വിവിരം പൊലീസിന് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഈ സംഘം ഇപ്പോഴും മോഷണം തുടരുന്നതായി കണ്ടെത്തുകയായിരുന്നു. നൂറിലേറെ കടകളിൽ ഈ സംഘം ഇതിനോടകം മോഷണം നടത്തിയിട്ടുണ്ട്. ഇതിന് പുറമെ നിരവധി ബൈക്കുകളും ഈ സംഘം മോഷ്ടിച്ചിട്ടുണ്ട്.
മോഷ്ടിച്ച ബൈക്കുകൾ ഉപയോഗിച്ചാണ് ഈ സംഘം രാത്രിയിൽ നൈറ്റ ഔട്ട് എന്ന പേരിൽ വീടുകളിൽ നിന്ന് രാത്രിയിൽ കടകളിലെ മോഷണത്തിനായി പുറത്തിറങ്ങിയിരുന്നത്. വീട്ടുകാർ ഉറങ്ങിയതിന് ശേഷം വീടുവിട്ടിറങ്ങുകയും വീട്ടുകാർ ഉണരുന്നതിന് മുമ്പ് തന്നെ വീടുകളിൽ തിരിച്ചെത്തുന്നതുമായിരുന്നു ഇവരുടെ പതിവ് രീതി. ചേവായൂർ, മാവൂർ, നടക്കാവ്, കൊയിലാണ്ടി, തേഞ്ഞിപ്പലം എന്നിവിടങ്ങളിൽ നിന്നു മോഷ്ടിച്ച ഇരുചക്ര വാഹനങ്ങൾ, പുല്ലാളൂരിലെ മൊബൈൽ കടയിൽ നിന്നു കവർന്ന മൊബൈൽ ഫോണുകളും പൊലീസ് സംഘത്തിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇവയിൽ പലതിലും പരാതി ലഭിച്ചിട്ടില്ല. പരാതി ലഭിച്ച പല കേസുകളും പൊലീസ് അന്വേഷിക്കാത്തതുമുണ്ട്. ഇവരുടെ അറസ്റ്റോടെ ഈ കേസുകൾക്കെല്ലാമാണ് തുമ്പുണ്ടായിരിക്കുന്നത്. ഇപ്പോൾ അറസ്റ്റിലായ നാലംഗ സംഘത്തിൽ നിന്ന് നഗരത്തിലും സമീപ പ്രദേശങ്ങളിലും ഇത്തരത്തിൽ മോഷണം നടത്തുന്ന വിവിധ സംഘങ്ങളെ കുറിച്ചുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
മോഷ്ടിച്ച വാഹനങ്ങൽ നമ്പർ പ്ലേറ്റ് മാറ്റിയാണ് സംഘം ഉപയോഗിച്ചിരുന്നത്. വാഹനത്തിന്റെ ബോഡി പാർട്ടുകളിൽ മാറ്റം വരുത്തിയും ഉപയോഗിച്ചിരുന്നു. വർക് ഷോപ്പുകളിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ നിന്നാണ് പകരം ഉപയോഗിക്കാനുള്ള നമ്പർ പ്ലേറ്റുകൾ അഴിച്ചെടുത്തിരുന്നത്. മോഷണത്തിനായി പുറത്തിറങ്ങുന്നതിനിടയിൽ പൊലീസിന്റെ ശ്രദ്ധയിൽപെട്ടാൽ അമിത വേഗത്തിൽ ബൈക്കുകൾക്ക് പോകാൻ കഴിയുന്ന ഇടവഴികളിലൂടെ രക്ഷപ്പെടുകയോ ബൈക്ക് ഉപേക്ഷിച്ച് കടന്നുകളയുകയോ ചെയ്യും. പിന്നീട് ഉപേക്ഷിക്കപ്പെട്ട ബൈക്കിന്റെ നമ്പർ തപ്പിയെടുത്ത് പൊലീസ് ഉടമയെ വിളിക്കുമ്പോഴാണ് പലപ്പോഴും ബൈക്ക് മോഷണം പോയ കാര്യം പുറത്തറിയുക. കടകളിലെ മോഷണം കഴിഞ്ഞാൽ ബൈക്കുകൾ ആളൊഴിഞ്ഞ പ്രദേശങ്ങളിൽ ഉപേക്ഷക്കുകയാണ് പതിവ്.
പിന്നീട് പുതിയ മോഷണത്തിന് പുതിയ വാഹനവും മോഷ്ടിക്കും. കോഴിക്കടകളിലാണ് സംഘം കൂടുതലായും മോഷണം നടത്തിയിരുന്നത്. പൂട്ട് പൊളിക്കുന്നതിനുള്ള ആയുധങ്ങൾ സംഘം എപ്പോഴും കൈയിൽ കരുതുമായിരുന്നു. മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണർ എൻ.മുരളീധരന്റെ നേതൃത്വത്തിൽ ചേവായൂർ ഇൻസ്പെക്ടർ സി.വിജയകുമാരനും സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് തെളിവെടുപ്പു നടത്തി. ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ.മോഹൻദാസ്, എം.ഷാലു, ഹാദിൽ കുന്നുമ്മൽ, പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത്, ശ്രീജിത്ത് പടിയാത്ത്, സഹീർ പെരുമണ്ണ, എ.വി.സുമേഷ്, ചേവായൂർ എസ്ഐ എൻ.അജീഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ റിജേഷ് പ്രമോദ്, രാജീവ് കുമാർ പാലത്ത്, സിപിഒ പ്രസീദ്, ശ്രീരാഗ് എന്നിവരും തെളിവെടുപ്പ് സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ