ജയ്പുർ: ജയ്പൂരിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയിൽ നിന്നും രണ്ടു കോടി രൂപ വിലവരുന്ന ആഭരണങ്ങളും പണവും മോഷണം പോയെന്ന് പരാതി. വിവാഹത്തിൽ പങ്കെടുക്കാനെത്തിയവരുടെ ആഭരണങ്ങളും പണവുമാണ് നഷ്ടപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. മുംബൈയിലെ വ്യവസായി രാഹുൽ ഭാട്ടിയയുടെ മകളുടെ വിവാഹം സംഘടിപ്പിച്ച ജയ്പുരിലെ ഹോട്ടൽ ക്ലാർക് അമേറിൽ വ്യാഴാഴ്ചയാണ് മോഷണം നടന്നത്.

ഭാട്ടിയയുടെ കുടുംബവും ഹോട്ടലിന്റെ ഏഴാം നിലയിലാണ് താമസിച്ചിരുന്നത്. രണ്ടു കോടി രൂപയുടെ ഡയമണ്ട് ആഭരണങ്ങളും 95,000 രൂപയുമാണ് ഇവർ താമസിച്ചിരുന്ന ഒരു മുറിയിൽ നിന്ന് നഷ്ടപ്പെട്ടത്.

ഹോട്ടൽ ജീവനക്കാരുടെ ഒത്താശയോടെയാണ് മോഷണം നടന്നതെന്ന് രാഹുൽ ഭാട്ടിയ തന്റെ പരാതിയിൽ ആരോപിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. ഹോട്ടൽ മാനേജ്മെന്റിനേയും ജീവനക്കാരേയും ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് അറിയിച്ചു. മോഷണം സംബന്ധിച്ച് ഹോട്ടൽ അധികൃതർ പ്രതികരണത്തിന് തയ്യാറായിട്ടില്ല.