ഷാർജ: ഷാർജയിൽ ഷോപ്പിങ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ മലയാളീ കുടുംബത്തെ ആക്രമിച്ച് പണവും രേഖകളും കവർന്നു. കേഴിഞ്ഞ ദിവസം രാത്രി അൽ വഹ്ദ സബ്വേക്കുള്ളിലാണ് സംഭവം.തിരുവനന്തപുരം സ്വദേശി പ്രദീപും കുടുംബവുമാണ് കവർച്ചക്കിരയായത്. മൂന്നംഗ സംഘമാണ് കവർച്ച നടത്തിയത്. 4,000 ദിർഹം, രണ്ട് എമിറേറ്റ്സ് ഐ ഡി, ഇൻഷ്വറൻസ് കാർഡ് എന്നിവയാണ കുടുംബത്തിന്റെ കൈയിൽ നിന്നും മോഷടാക്കാൾ തട്ടയെടുത്തത്.

ഷോപ്പിങ് സെന്ററിൽ നിന്ന് ഷോപ്പിങ് കഴിഞ്ഞ് രാത്രി 11.45ഓടെ താമസ സ്ഥലത്തേക്ക് സബ്വേയിലൂടെ നടന്നു വരുന്നതിനിടെയായിരുന്നു അക്രമം. ഭാര്യയും മൂന്ന് വയസുള്ള മകനുമായിരുന്നു പ്രദീപിനോടൊപ്പമുണ്ടായിരുന്നത്.

സബ്വേക്കുള്ളിലെത്തിയപ്പോൾ രണ്ടു പേർ പിറക് വശത്തുനിന്നും ഒരാൾ എതിർവശത്തു നിന്നും ഇവരുടെ സമീപത്തെത്തി. ആഫ്രിക്കക്കാരായ സംഘം പെട്ടെന്ന് പ്രദീപിനെ മതിലിനോട് ചേർത്ത് നിർത്തി പാന്റ്സിന്റെ പോക്കറ്റിൽ കൈയിട്ടതായി പറയുന്നു. ഇതിനിടെ കുട്ടിയെ പ്രദീപ് കൈയിലെടുത്തതോടെ സംഘം കത്തിയെടുത്ത് ഇയാളുടെ കഴുത്തിൽ വെക്കുകയായിരുന്നു.

അപകടം മനസിലാക്കിയ പ്രദീപിന്റെ ഭാര്യ തന്റെ കൈവശമുണ്ടായിരുന്ന വാനിറ്റി ബാഗ് പതുക്കെ നീക്കിയപ്പോൾ തട്ടിപ്പറിച്ച് ബാഗുമായി സംഘം ഓടിരക്ഷപ്പെടുകയായിരുന്നുവത്രെ. ഇതിനിടയിൽ പ്രദീപിന്റെ കൈയിൽ മുറിവേറ്റു. കുട്ടിക്കും നിസാര പരുക്കുണ്ട്. ഉടൻ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് പ്രദീപ് കുവൈത്തി ആശുപത്രിയിൽ ചികിത്സ തേടി.

സംഭവം സംബന്ധിച്ച് അന്വേഷണം ആരംഭിച്ച പൊലീസ് പ്രദീപിൽ നിന്നും ഭാര്യയിൽ നിന്നും മൊഴിയെടുത്തു.