തലശ്ശേരി: ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ചമഞ്ഞ് മത്സ്യ വ്യാപാരിയുടെ വീട്ടിൽ പരിശോധനക്കെത്തി 25,000 രൂപ കവർന്ന സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. സംഘത്തിലെ അഞ്ച് പേർ കൂടി പൊലീസ് വലയിലായതായി വിവരം. കഴിഞ്ഞ സെപ്റ്റംബർ 20 ന് പുലർച്ചേ മൂന്ന് മണിയോടെയാണ് തലശ്ശേരി സെയ്ദാർപള്ളിക്കടുത്തുള്ള മത്സ്യവ്യാപാരി പി.പി. മജീദിന്റെ വീട്ടിൽ ആദായ നികുതി ഉദ്യോഗസ്ഥരും പൊലീസും ചമഞ്ഞ് കവർച്ച നടന്നത്. തൃശ്ശൂർ കൊടകര സ്വദേശികളായ പള്ളത്തേരി ദീപു(33), മാങ്കുളങ്ങര പ്രാണപ്രാവിൽ ബിനു(36), മലപ്പുറം അരീക്കോട്ടെ കെ.ലത്തീഫ്(42), കവർച്ചക്കിരയായ പി.പി. മജീദിന്റെ സുഹൃത്ത് പാലയാട് ചിറക്കുനിയിലെ പി.എ. നൗഫൽ (34), എന്നിവരെയാണ് എ.എസ്‌പി. ചൈത്ര തെരേസാ ജോണിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സിഐ. എംപി. ആസാദ്, തലശ്ശേരി കോസ്റ്റൽ പൊലീസ് എസ്‌ഐ. ബിജി. എന്നിവർ ചേർന്ന് പിടികൂടിയത്.

ദീപു, ബിനു, ലത്തീഫ് എന്നിവരെ പാലക്കാട് വാടക വീട്ടിൽ നിന്നാണ് പിടികൂടിയത്. ഇവരിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് നൗഫൽ പിടിയിലാവുകയായിരുന്നു. ഒട്ടേറെ കവർച്ചാ കേസുകളിലും കൊലപാതക കേസിലും ഉൾപ്പെട്ട തമിഴ്‌നാട് സ്വദേശികളായ അഞ്ച് പേർ കൂടി കേസിൽ പിടിയിലാവാനുണ്ടെന്ന് പൊലീസ് അറിയിച്ചു. 18 ാം തീയ്യതി കവർച്ച നടത്താൻ പദ്ധതി ആസൂത്രണം ചെയ്തെങ്കിലും അന്നത് കഴിയാത്തതിനാൽ പറശ്ശിനിക്കടവിലെത്തി താമസിച്ചു. സംഭവം നടത്തുന്നതിന് രണ്ടാഴ്ച മുമ്പ് പ്രതികൾ തലശ്ശേരിയിലെത്തി കവർച്ചക്കുള്ള റിഹേഴ്സൽ നടത്തുകയും ചെയ്തിരുന്നു. അടുത്തുള്ള സി.സി. ടി.വി. ദൃശ്യങ്ങളിൽ പെടാതിരിക്കാനും ശ്രദ്ധിച്ചു. അറസ്റ്റിലായ ബിനു തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ഊട്ടി-കൂനൂരിലെ ഫാം ഹൗസിലെ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തി കവർച്ച നടത്തിയ കേസിലെ പ്രതിയാണ്.

മലപ്പുറം സ്വദേശിയായ ലത്തീഫ് തലശ്ശേരി മത്സ്യമാർക്കറ്റിൽ ജോലിക്കെത്തിയപ്പോഴാണ് നൗഫലുമായി പരിചയപ്പെടുന്നതും അതു വഴി കവർച്ചക്കുള്ള തയ്യാറെടുപ്പ് നടത്തുന്നതും. വിദേശത്തും മറ്റും വ്യാപാരമുള്ള മജീദിന്റെ വീട്ടിൽ നല്ലപണം സൂക്ഷിച്ചിട്ടുണ്ടാകുമെന്ന് കരുതിയാണ് കവർച്ച നടത്തിയത്. പാലക്കാട്ടെ വാടക വീട് അവിടുത്തെ പൊലീസിന്റെ സഹായത്തോടെ വളഞ്ഞാണ് തലശ്ശേരി പൊലീസ് പിടികൂടിയത്. സ്പെഷൽ ബ്രാഞ്ച് എസ്‌ഐ. അജയകുമാർ, അസി. എസ്‌ഐ. ബിജുലാൽ, എ.എസ്. പി.യുടെ ക്രൈംസ്‌ക്വാഡിലുള്ള അംഗങ്ങൾ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളായ ദീപുവും ബിനുവിനും ലത്തീഫിനും സംസ്ഥാനത്തെ ഒട്ടനവധി പൊലീസ് സ്റ്റേഷനുകളിൽ കുഴൽ പണ വേട്ടക്കും കവർച്ചക്കും കേസുകളുണ്ട്. പ്രതികളെ ഇന്ന് തലശ്ശേരി ജുഡീഷ്യൽ മജിസ്്രേടട്ട് കോടതിയിൽ ഹാജരാക്കിയ ശേഷം തിരിച്ചറിയൽ പരേഡിന് വിധേയമാക്കി വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ ഹരജി സമർപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.