- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഷ്ടിച്ച ലോറിയിൽ രാഷ്ട്രദീപിക പത്രത്തിന്റെ ഓഫീസിലെത്തി അടിച്ചുമാറ്റിയത് ഒരു ടണ്ണിലധികം പത്രക്കെട്ടുകൾ; വിറ്റത് ആക്രി കടയിൽ; കോഴിക്കോട് പിടിയിലായത് നിരവധി മോഷണ കേസുകളിലെ പ്രതി
കോഴിക്കോട് :നിരവധി മോഷണ കേസുകളിൽ പ്രതിയായ കോഴിക്കോട് നെല്ലിക്കോട് പറയരുക്കണ്ടി സ്വദേശി അനീഷ് പിടിയിൽ .നോർത്ത് അസിസ്റ്റന്റ് കമ്മീഷണർ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡും നടക്കാവ് സബ്ബ് ഇൻസ്‌പെക്ടർസി.പി ഭാസ്‌കരനും ചേർന്നാണ് മോഷ്ടാവിനെ പിടികൂടിയത്.
ജനുവരി ആദ്യ ആഴ്ചയിൽ തന്നെ നടക്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിലെ എരഞ്ഞിപ്പാലം രാഷ്ട്രദീപിക പത്രത്തിന്റെ പഴയ ഓഫീസായ ജ്യോതിസ് കോംപ്ലസിൽ സൂക്ഷിച്ചു വെച്ച ഒരു ടണ്ണിലധികം ദീപിക,രാഷ്ട്ര ദീപിക പത്രക്കെട്ടുകൾ മോഷണം നടത്തിയ കേസിലെ പ്രതിയാണ് പിടിയിലായ അനീഷ്.
നിരവധി വാഹന മോഷണ കേസുകളിലും പ്രതിയായ അനീഷ് തൊണ്ടയാട് പാലത്തിനടിയിൽ നിന്നും രാത്രി ലോറി മോഷണം നടത്തിയ ശേഷം എരഞ്ഞിപ്പാലത്ത് എത്തുകയും ഗോഡൗണിന്റെ ഷട്ടർ പൊളിച്ച് അകത്ത് കടന്ന് സൂക്ഷിച്ചു വെച്ചിരുന്ന പത്ര കെട്ടുകൾ വാഹനത്തിൽ സ്വന്തമായി കയറ്റുകയും പിന്നീട് വെങ്ങളത്തുള്ള ആക്രിക്കടയിൽ വില്പന നടത്തിയ ശേഷം മോഷ്ടിച്ച ലോറി തൊണ്ടയാട് തന്നെ തിരിച്ചു കൊണ്ട് വെക്കുകയും ചെയ്തു.വില്പന നടത്തിയ പത്രക്കെട്ടുകൾ ആക്രി കടയിൽ നിന്നും പൊലീസ് കണ്ടെടുത്തു.
മോഷണം നടന്ന പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും മോഷണം നടത്തിയത് അനീഷ് ആണെന്ന കൃത്യമായ സൂചന പൊലീസിന് ലഭിച്ചിരുന്നു. ഇതിനെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി വയനാട്, കർണ്ണാടക ഭാഗങ്ങളിൽ ബൈക്കിൽ കറങ്ങിനടക്കുകയാണെന്ന് പൊലീസ് മനസ്സിലാക്കിയിരുന്നു.
പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും കോഴിക്കോട് നഗരത്തിലെ പത്തോളം മോഷണകേസുകൾക്ക് തുമ്പുണ്ടായെന്ന് പൊലീസ് പറഞ്ഞു.പ്രതിയുടെ പേരിൽ മെഡിക്കൽ കോളേജ്, നടക്കാവ്,വടകര, തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷനുകളിലും മോഷണ കേസുകളുണ്ട്.
നടക്കാവ് ജി-ടെക്ക് സെന്ററിൽ നിന്നും ഇൻവെർട്ടർ ബാറ്ററി മോഷണം നടത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി തുടർന്നും മോഷണം നടത്തി വരികയായിരുന്നു.
നടക്കാവ് പൊലീസ് സബ്ബ് ഇൻസ്‌പെക്ടർ ദിനേശൻ, കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഒ.മോഹൻദാസ്,എം.ഷാലു, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, എ.വി സുമേഷ്,ഷഹീർ പെരുമണ്ണ,എ പ്രശാന്ത് കുമാർ,ഷാഫി പറമ്പത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത്.കോവിഡ് പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.