തിരുവനന്തപുരം: ഹൈവേയിൽ കാറിലിരിക്കുന്ന യുവതി യുവാക്കൾ അടക്കമുള്ള യാത്രക്കാരെ ലക്ഷ്യം വച്ച് കവർച്ച നടത്തിയരുന്ന സംഘം പിടിയിലായതോടെ പുറത്ത വരുന്നത് മാസങ്ങളായി നടത്തി വന്ന കവർച്ചയുടെ കഥ. യാത്രക്കാരെ ഭീഷണിപ്പെടുത്തി പണവും മൊബൈലും സ്വർണവും കവർന്ന സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് വെയിലൂർ ചെമ്പകമംഗലം രാഗം കല്യാണമണ്ഡപത്തിനു സമീപം വിളയിൽ വീട്ടിൽ വിപിൻ എന്ന മനു (36), മണക്കാട് കുര്യാത്തി ആറ്റുകാൽക്ഷേത്രത്തിനു സമീപം എംഎസ്‌കെ നഗറിൽ ടിസി 41/1441-ൽ അനീഷ് (24) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

തിരുവല്ലം- കഴക്കൂട്ടം ബൈപാസിലായിരുന്നു പ്രതികളുടെ സ്ഥിരം ഓപ്പറേഷൻ. ഇവിടെ തിരക്കൊഴിഞ്ഞ സ്ഥലത്ത് കാർ പാർക്ക് ചെയ്താൽ ഇവരുടെ നോട്ടപ്പുള്ളികളായി മാറും പിന്നീട് കാറിനടുത്തെത്തി ഭീഷണിപ്പെടുത്തി പണവും സ്വർണവും കവരും. യുവതീ യുവാക്കളായിരുന്നു ഇവുടെ സ്ഥിരം ഇരകൾ. പകലും രാത്രിയും ഇവർ മോഷണ പരമ്പരകൾ നടത്തിയിരുന്നു. കഴിഞ്ഞ കുറേ മാസങ്ങൾക്കിടെ 20ൽ അധികം മോഷണങ്ങളാണ് ഇവർ നടത്തി വന്നിരുന്നത്.

ഇവർ മോഷണം നടത്തുന്ന രീതി കേട്ട് അന്വേഷണ ഉദ്യോഗസ്ഥരും അമ്പരന്നിരുന്നു. വാട്‌സാപ്പിന്റെ കൂടി സഹായത്തോടെയാണ് ഇവർ മോഷണം നടത്തിയിരുന്നത്. റോഡിൽ ആളൊഴിഞ്ഞ സ്ഥലത്ത് പാർക്ക് ചെയ്യുന്ന വാഹനത്തിന്റെ നമ്പറും കൃത്യമായ ലൊക്കേഷനും വിപിൻ അനീഷിന് അയച്ച് കൊടുക്കുകയും സ്ഥലത്ത് ഓട്ടോറിക്ഷയിലെത്തുന്ന വിപിൻ യാത്രക്കാരെ ചോദ്യം ചെയ്ത് പണം തട്ടാൻ ശ്രമിക്കുകയുമായിരുന്നു പതിവ്.

നാട്ടുകാരെയും പൊലീസിനെയും വിളിച്ച് കൂട്ടുമെന്ന് ഭീഷണിപ്പെടുത്തി പണവും സ്വർണവും മൊബൈലും കവർച്ച ചെയ്ത് രക്ഷപെടുകയായിരുന്നു ഇവരുടെ രീതി. പണം കയ്യിലില്ലാത്തവരുടെ എടിഎം കാർഡ് വാങ്ങി പണം പിൻവലിച്ച് കാർഡ് തിരികെ നൽകും.ഇതിനു വഴങ്ങിയില്ലെങ്കിൽ ഇവരുടെ ഫോട്ടോ മൊബൈലിൽ പകർത്തും.

ഫോൺ നമ്പർ വാങ്ങിയതിനു ശേഷം തട്ടിയെടുത്ത മൊബൈൽ ഫോണുകളിലൂടെ ഭീഷണിപ്പെടുത്തി പണം വാങ്ങും. മാസങ്ങളേറെയായിട്ടും ഇവർക്കെതിരെ ആരും പരാതി നൽകിയിട്ടില്ല. അതിനാൽ തന്നെ ഇവർ ഏകദേശം 20 മോഷണ പരമ്പരകൾ നടത്തിയിട്ടുണ്ടെന്നാണ് സൂചന.

പൊലീസ് വേഷം മാറിയെത്തിയപ്പോൾ പ്രതികൾ പിടിയിൽ !

അടിക്കടി സിം മാറ്റുന്നത് പ്രതികളുടെ പതിവ് രീതിയായിരുന്നു. അതിനാൽ തന്നെ പൊലീസിന് ഇവരെ പെട്ടന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.  ഇരകളിൽനിന്നു ലഭിക്കുന്ന സിംകാർഡുകളാണ് ഇവർ കൂടുതൽ ഉപയോഗിച്ചിരുന്നത്. പൊലീസ് അനീഷിനെ പിടികൂടിയതിനു പിന്നാലെയാണ് വിപിനും പിടിയിലായത്. ആനയറയിലെ സ്വകാര്യആശുപത്രിയുടെ സമീപം സമാനപിടിച്ചുപറി നടത്താനായി കാത്തുനിന്ന അനീഷിനെ വേഷം മാറിയെത്തിയ പൊലീസ് പിടികൂടുകയായിരുന്നു.

ഇയാളിൽനിന്ന് 15 മെമ്മറി കാർഡുകൾ, 30 സിംകാർഡുകൾ, നാലു മൊബൈൽ ഫോണുകൾ എന്നിവ കണ്ടെടുത്തു. വിപിന് കഴക്കൂട്ടം, മംഗലാപുരം സ്റ്റേഷനുകളിൽ കേസുകളുണ്ട്. വാമനപുരം, കഴക്കൂട്ടം എക്‌സൈസ് സർക്കിളിലും അബ്കാരി കേസുകൾ നിലവിലുണ്ട്. ശംഖുമുഖം എസി ഷാനിഹാൻ, പേട്ട സ്റ്റേഷൻ ഹൗസ് ഓഫിസർ സജുകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.