- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാല് വയസ്സുള്ള മകനെ സ്കൂളിൽ ചേർക്കുമ്പോൾ അച്ഛന്റെ പേര് രേഖപെടുത്തുന്നതിന് വിവാഹം അനിവാര്യമെന്ന് ഇര; വിവാഹത്തിന് ജാമ്യം അനുവദിക്കണമെന്ന് കുറ്റവാളിയും; കൊട്ടിയൂർ കേസിൽ റോബിൻ വടക്കുംചേരിയും ജയിൽ മോചനത്തിന് കല്യാണ അപേക്ഷയുമായി സുപ്രീംകോടതിയിൽ
ന്യൂഡൽഹി: കൊട്ടിയൂർ പീഡന കേസിൽ ശിക്ഷ അനുഭവിക്കുന്ന മുൻ വൈദികൻ റോബിൻ വടക്കുംചേരി ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയിൽ. ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കുന്നതിനാണ് ജാമ്യം അനുവദിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത്. ഹർജി ജസ്റ്റിസ്മാരായ വിനീത് ശരൺ, ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് നാളെ പരിഗണിക്കും.
റോബിൻ വടക്കുംചേരിയെ വിവാഹം കഴിക്കാൻ അനുമതി തേടി ഇരയും സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മുൻ വൈദികന്റെ നീക്കം. പ്രായപൂർത്തിയായവർ തമ്മിൽ വിവാഹത്തിന് നിയമം അനുവാദം നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇരയും മുൻ വൈദികനും തമ്മിലെ വിവാഹം നടക്കുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട ഹർജിയിൽ സുപ്രീംകോടതി എടുക്കുന്ന നിലപാട് പോക്സോ കേസുകളിലും നിർണ്ണായകമാകും.
നാല് വയസ്സുള്ള മകനെ സ്കൂളിൽ ചേർക്കുമ്പോൾ അച്ഛന്റെ പേര് രേഖപെടുത്തുന്നതിന് വിവാഹം അനിവാര്യമാണെന്ന് വ്യക്തമാക്കിയാണ് ഇര സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഈ ഹർജിയും നാളെ പരിഗണിക്കുന്ന കേസുകളുടെ ലിസ്റ്റിൽ സുപ്രീം കോടതി ഉൾപ്പെടുത്തിയിട്ടുണ്ട്. പോക്സോ കേസ് പ്രതി ഇരയെ വിവാഹം ചെയ്താലും കേസിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല. ഇരയുടെ പ്രായക്കുറവ് പ്രശ്നമായി മാറും. പ്രായപൂർത്തിയാകാത്തവരുമായുള്ള ലൈംഗിക ബന്ധം കുറ്റകരമായതു കൊണ്ടാണ് ഇത്.
വിവാഹത്തിനായി ജാമ്യം അനുവദിക്കണമെന്ന റോബിൻ വടക്കുംചേരിയുടെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യം അനുവദിക്കുന്നത് വിവാഹത്തിന് നേരിട്ടോ അല്ലാതെയോ നിയമാനുമതി നൽകുന്നതുപോലെയാകുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അതിനാൽ, ഈ വിഷയത്തിൽ അഭിപ്രായമൊന്നും രേഖപ്പെടുത്താതെ അകന്നു നിൽക്കുയാണെന്നാണ് ഹൈക്കോടതി ജാമ്യ അപേക്ഷ തള്ളിക്കൊണ്ട് വ്യക്തമാക്കിയിരുന്നത്.
ഇതിന് എതിരെയാണ് റോബിൻ വടക്കുംചേരി സുപ്രീം കോടതിയെ സമീപിച്ചത്. ഇവിടെ ഇരയും ഹർജിയുമായി എത്തിയെന്നതാണ് ശ്രദ്ധേയം. കൊട്ടിയൂർ പീഡന കേസിൽ റോബിൻ വടക്കുംചേരിക്ക് മൂന്ന് വകുപ്പുകളിലായി അറുപത് വർഷത്തെ കഠിനതടവ് ആണ് തലശേരി പോക്സോ കോടതി വിധിച്ചത്. എന്നാൽ മൂന്ന് ശിക്ഷയും ഒരുമിച്ച് 20 വർഷത്തെ കഠിന തടവ് അനുഭവിച്ചാൽ മതി. 2016 ലായിരുന്നു കേസിനാസ്പദമായ സംഭവം.
കൊട്ടിയൂർ നീണ്ടുനോക്കി സെയിന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ആയിരുന്ന റോബിൻ വടക്കുംചേരി പള്ളിമേടയിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്. 2017 ഫെബ്രുവരിയിൽ പെൺകുട്ടി ഒരു കുഞ്ഞിന് ജന്മംനൽകിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ