വിദേശികൾക്ക് പൗരത്വം നൽകാൻ തയ്യാറാകാത്ത സൗദി അറേബ്യ, ലോകത്താദ്യമായി യന്ത്രമനുഷ്യന് പൗരത്വം നൽകി ചരിത്രം കുറിച്ചു. മനുഷ്യരെപ്പോലെ സംസാരിക്കുകയും ചിരിക്കുകയും പെരുമാറുകയും തമാശപറയുകയുമൊക്കെചെയ്യുന്ന സോഫിയയെന്ന റോബോട്ടിനാണ് പൗരത്വം ലഭിച്ചത്. തനിക്ക് ലഭിച്ച നേട്ടം ചരിത്രമെന്നാണ് സോഫിയ പത്രസമ്മേളനത്തിൽ വിശദീകരിച്ചത്.

മനുഷ്യരൂപത്തിലുള്ള സോഫിയയെന്ന റോബോട്ടിനെ നിർമ്മിച്ചത്.. ഹോങ് കോങ് കമ്പനിയായ ഹാൻസൺ റോബോട്ടിക്‌സാണ്. ഐക്യരാഷ്ട്രസഭയിൽ പ്രസംഗിച്ചിട്ടുള്ള സോഫിയ, തനിക്ക് പൗരത്വം ലഭിച്ചതിൽ അഭിമാനംകൊള്ളുന്നുവെന്ന് പത്രസമ്മേളനത്തിൽ പറഞ്ഞു. പൗരത്വത്തിലൂടെ അംഗീകരിക്കപ്പെട്ട ആദ്യത്തെ റോബോട്ടായി മാറിയതിൽ തനിക്കേറെ സന്തേഷമുണ്ടെന്നും സോഫിയ പറഞ്ഞു.

മനുഷ്യർക്കൊപ്പം ജോലി ചെയ്യാനും അവരെപ്പോലെ വികാരങ്ങളും വിചാരങ്ങളുമുള്ളവരാണ് റോബോട്ടുകളെന്ന് തെളിയിക്കാനും ആഗ്രഹിക്കുന്നതായി സോഫിയ പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ ആളുകളുടെ ജീവിതം കൂടുതൽ മെച്ചപ്പെടുത്തണമെന്നാണ് ആഗ്രഹം. മികച്ച വീടുകൾ ഡിസൈൻ ചെയ്തും മികച്ച നഗരങ്ങൾ രൂപകല്പന ചെയ്തും ലോകത്തെ കൂടുതൽ മികച്ച സ്ഥലമാക്കി മാറ്റാൻ തന്നാൽ കഴിയുന്നതൊക്കെ ചെയ്യുമെന്ന് സോഫിയ പറഞ്ഞു.

തനിക്ക് പൗരത്വം കിട്ടിയതിൽ സോഫിയ സന്തോഷിക്കുന്നുണ്ടെങ്കിലും ഒരു യന്ത്രമനുഷ്യന് പൗരത്വം കൊടുത്തതിനോട് പലർക്കും യോജിപ്പില്ല. അവരത് സോഷ്യൽ മീഡിയയിൽ പ്രകടിപ്പിക്കുകയും ചെയ്തു. കോടിക്കണക്കിനാളുകൾ കിടപ്പാടമില്ലാതെ വലയുമ്പോൾ ഒരു യന്ത്രമനുഷ്യന് പൗരത്വം നൽകുന്നത് നിരാശാജനകമാണെന്ന് സോഷ്യൽ മീഡിയയിൽ വലിയൊരു വിഭാഗം അഭിപ്രായപ്പെട്ടു.

ലോകാവസാനത്തിന്റെ തുടക്കമാണിതെന്നും ചിലർ വിശേഷിപ്പിച്ചു. യന്ത്രമനുഷ്യർ ലോകത്തിന്റെ അന്ത്യം കുറിക്കും. ടെർമിനേറ്ററിന്റെ പിറവിയാണ് സൗദിയിൽ കണ്ടതെന്നും അവർ പറയുന്നു. 2016-ൽ തന്റെ നിർമ്മാതാവ് ഡേവിഡ് ഹാൻസണുമായി സംസാരിക്കവെ, താൻ മനുഷ്യരെ ഇല്ലാതാക്കുമെന്ന് സോഫിയ തന്നെ പ്രഖ്യാപിച്ചിരുന്നു.