ബീജിങ്: മനുഷ്യർക്കു പകരമായി പല മേഖലകളിലും റോബോട്ടുകൾ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ പത്രപ്രവർത്തകർക്കു പകരമായും റോബോട്ടുകൾ സാന്നിധ്യം അറിയിച്ചു. ചൈനയിലാണു റോബോട്ട് മാദ്ധ്യമപ്രവർത്തകന്റെ ലേഖനം അച്ചടിച്ചു വന്നത്.

ചൈനയിലെ ഗ്യാങ്ഷൂ ആസ്ഥാനമായ സതേൺ മെട്രോ ദിനപ്പത്രത്തിലാണു സ്പ്രിങ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട തിരക്കിനെ കുറിച്ച് റോബോട്ട് വാർത്ത തയ്യാറാക്കിയത്. ലോകത്ത് ആദ്യമായാണ് റോബോട്ട് ജേർണലിസ്റ്റ് തയാറാക്കിയ വാർത്ത പത്രം പ്രസിദ്ധീകരിക്കുന്നത്.

ഷിയോ നാൻ എന്ന പേരിൽ അറിയപ്പെടുന്ന റോബോട്ട് ജേണലിസ്റ്റ് നിമിഷങ്ങൾ കൊണ്ടാണ് 300 വാക്കുകളുള്ള ലേഖനം തയ്യാറാക്കിയത്. മാദ്ധ്യമപ്രവർത്തകരെ അപേക്ഷിച്ച് വിവരങ്ങൾ അതിവേഗത്തിൽ വിശകലനം ചെയ്യാനും എഴുതാനും സാധിക്കും എന്നതാണ് ഷിയോ നാന്റെ പ്രധാന സവിശേഷത. ചെറിയ കുറിപ്പുകളും വലിയ ലേഖനങ്ങളും എഴുതാൻ ഷിയോയ്ക്ക് ഒരുപോലെ സാധിക്കുമെന്ന് പീക്കിങ് സർവകലാശാലയിലെ പ്രൊഫസർ വാൻ ഷോസൂൻ പറഞ്ഞു.

അതേസമയം, റോബോട്ടുകൾക്ക് മുഖാമുഖം നിന്നുള്ള അഭിമുഖങ്ങൾ നടത്താൻ കഴിയില്ല. അഭിമുഖം നടത്തുമ്പോൾ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള ചോദ്യങ്ങൾ മാത്രമാവും ചോദിക്കുക. സംഭാഷണങ്ങളുടെ ഇടയിൽ വാർത്താ പ്രധാന്യമുള്ള ചോദ്യങ്ങൾ ഉണ്ടാക്കി ചോദിക്കാനുള്ള കഴിവില്ല എന്നതാണ് പ്രധാന പോരായ്മ. പത്രങ്ങളിലോ മറ്റ് മീഡിയകളിലോ എഡിറ്റർമാരെയും റിപ്പോർട്ടർമാരെയും സഹായിക്കാൻ റോബോട്ടുകൾക്ക് സാധിക്കുമെന്നും പ്രൊഫസറായ വാൻ ഷോസൂൻ പറയുന്നു. മാദ്ധ്യമപ്രവർത്തകർക്ക് പകരം റോബോട്ടുകളെ വയ്ക്കാൻ പൂർണ്ണമായും കഴിയില്ല എന്നും ഭാവിയിൽ അത് സാധ്യമാവും എന്നുമാണ് കണക്കുകൂട്ടൽ. ഇതിനായുള്ള റോബോട്ടുകളെ സൃഷ്ടിക്കുന്നതിനുള്ള പരീക്ഷണങ്ങളിലാണു ശാസ്ത്രലോകം.