നുഷ്യസമാനമായ യന്ത്രമനുഷ്യനാണ് രജനീകാന്തിന്റെ യന്തിരൻ എന്ന കഥാപാത്രം. കഥകളിലും സിനിമകളിലും മാത്രം കണ്ടിരുന്ന മനുഷ്യസമാനമായ യന്ത്രമനുഷ്യനെ യഥാർഥ ജീവിതത്തിലും ഇനി കണ്ടുമുട്ടാനാകും. മനുഷ്യൻ ചെയ്യുന്നതെല്ലാം ചെയ്യുന്ന, കാഴ്ചയിലും യഥാർഥ മനുഷ്യരെപ്പൊലീരിക്കുന്ന യന്ത്രമനുഷ്യൻ സിംഗപ്പുരിലാണ് പിറവിയെടുത്തിരിക്കുന്നത്.

നദീൻ എന്ന പെൺ റോബോട്ടാണ് ലോകത്തെ ആദ്യ മനുഷ്യ സമാന യന്ത്രമനുഷ്യൻ. സിംഗപ്പുരിലെ നാന്യാങ് ടെക്‌നോളജിക്കൽ സർവകലാശാലയിലെ ഗവേഷകരാണ് ഇതിനെ വികസിപ്പിച്ചത്. നദീനെപ്പോലുള്ള യന്ത്രമനുഷ്യർ സമീപഭാവിയിൽത്തന്നെ നമ്മുടെ തൊഴിലിടങ്ങളിൽ നമ്മളിലൊരാളായി ജോലി ചെയ്യുമെന്ന് ഗവേഷകർ പറയുന്നു.

പ്രൊഫസ്സർ നാദിയ തൽമാൻ എന്ന ഗവേഷകയാണ് നദീന്റെ സ്രഷ്ടാവ്. കാഴ്ചയിൽ നാദിയയെപ്പൊലീരിക്കുന്ന ഈ റോബോട്ട് ഇപ്പോൾത്തന്നെ സർകവലാശാലയിലെ മീഡിയ ഇന്നവേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ റിസപ്ഷനിസ്റ്റിന്റെ ജോലി ചെയ്യുന്നുണ്ട്. പുതിയതായി നിർമ്മിക്കുന്ന റോബോട്ടുകളെ കുട്ടികളെ പരിപാലിക്കുന്നതും ഒറ്റയ്ക്കായിപ്പോകുന്നവർക്ക് കൂട്ടുനൽകുന്നതും പോലുള്ള ജോലികൾ പഠിപ്പിക്കുകയാണ് ഗവേഷകർ.

മനുഷ്യന്റേതുപോലത്തെ തൊലിയാണ് ഈ റോബോട്ടിനുമുള്ളത്. ഇടതൂർന്ന മുടിയും മനുഷ്യന്റേതുപോലുള്ള ചലനങ്ങളും നദീനെ നാദിയയുടെ ഇരട്ട സഹോദരിയെപ്പോലെ തോന്നിപ്പിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ, നദീൻ ചിരിക്കുകയും കണ്ണിമ വെട്ടിക്കുകയും ആളുകൾക്ക് ഹസ്തദാനം നൽകുകയും ചെയ്യും. ഒരുവട്ടം പരിചയപ്പെട്ടവരെ പിന്നീട് ഓർമിച്ചെടുക്കാനും ഇതിനാവും.

സങ്കടവും സന്തോഷവും പോലുള്ള വികാരങ്ങളും നദീനുണ്ട്. സർവകലാശാലയിൽ എത്തുന്നവരുമായി നടത്തുന്ന സംസാരത്തിൽനിന്ന് വികാരം ഉദ്ദീപിപ്പിക്കുന്ന തരത്തിലാണ് നദീനെ രൂപപ്പെടുത്തിയിരിക്കുന്നത്. ആപ്പിളിന്റെ സിരി, മൈക്രോസോഫ്റ്റിന്റെ കോർട്ടാന പോലുള്ള ഇന്റലിജന്റ് സോഫ്റ്റ്‌വേറുകളാണ് ഇതിന് സഹായിക്കുന്നത്.