സുഹോവു (ചൈന): ഫാക്ടറിയിലെ റോബോട്ടിന്റെ നിയന്ത്രണം താളം തെറ്റിയതോടെ 49 കാരനായ ജീവനക്കാരന് അനുഭവിക്കേണ്ടി വന്നത് നരകയാതന. ഇവിടത്തെ സുഹോവു എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന പോർസീലിയൻ കമ്പനിയിലാണ് യന്ത്രകൈകൾ കെണിയൊരുക്കിയത്. നെഞ്ചിലുൾപ്പടെ പത്ത് നീളൻ ആണികളാണ് യന്ത്രകൈകൾ തുളച്ചു കയറ്റിയത്.

വ്യാഴാഴ്‌ച്ചയായിരുന്നു സംഭവം. തുടർച്ചയായി പ്രർത്തിച്ചുകൊണ്ടിരുന്ന യന്ത്രത്തിന് സമീപത്തു കൂടി കടന്നു പോകുമ്പോൾ തന്റെ മുകളിലേക്ക് യന്ത്രം വീഴുകയായിരുന്നുവെന്ന് സൊഹു എന്ന തൊഴിലാളി പറയുന്നു. ഇദ്ദേഹം രാത്രി ഷിഫ്റ്റിലാണ് ജോലി ചെയ്ത് വന്നിരുന്നത്.

തോളിലും കൈകളിലും നെഞ്ചിലുമുൾപ്പടെ 10 ആണികളാണ് തുളഞ്ഞ് കയറിയത്. ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. എല്ലുകൾക്കിടയിലൂടെ സാരമായി ആണികൾ തുളഞ്ഞ് കയറിയതിനാൽ ഏറെ നേരം പണിപ്പെട്ടാണ് ഇത് ഊരിയെടുത്തതെന്നും ഡോക്ടർമാർ പറയുന്നു. നെഞ്ചിലൂടെ കയറിയ ആണികൾ പ്രധാന ഞരമ്പുകളെ മുറിപ്പെടുത്തിയിട്ടും ജീവൻ തിരികെ കിട്ടിയത് അത്ഭുതമാണെന്നും സർജന്മാർ വ്യക്തമാക്കി.

ഇദ്ദേഹം ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിൽ കിടക്കുന്ന ചിത്രങ്ങളും ഇതിനോടകം തന്നെ സമൂഹ മാധ്യമത്തിൽ പ്രചരിച്ചിരുന്നു. ഒട്ടേറെ ഫാക്ടറികൾ പ്രവർത്തിക്കുന്ന ചൈനയിൽ സമാനമായ രീതിയിൽ അപകടങ്ങൾ വർധിച്ച് വരികയാണ്. ഇവയ്ക്ക് കൃത്യമായ മുന്നൊരുക്കങ്ങൾ എടുത്ത് തങ്ങളുടെ സംരക്ഷണം ഉറപ്പാക്കണമെന്നും ജീവനക്കാർ പറയുന്നു.