ദുബായ്: ഫാർമസികളിൽ മരുന്നു വിതരണത്തിന് ഇനി റോബോട്ടുകളും. ആദ്യമായി റോബോട്ടുകളെ ഫാർമസികളിൽ നിയമിച്ചിരിക്കുന്നത് റാഷിദ് ആശുപത്രിയാണ്. ഫാർമസിസ്റ്റുകളുടെ ജോലിഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് റോബോട്ടുകളെ വച്ചത്. സ്മാർട്ട് സംവിധാനത്തിൽ പ്രവർത്തിക്കുന്ന റാഷിദ് ആശുപത്രിയിലെ ഫാർമസിയിൽ പ്രിസ്‌ക്രിപ്ഷൻ സ്വീകരിക്കാനും മരുന്നുകൾ വിതരണം ചെയ്യാനും സാധിക്കും. 35000 മരുന്നു പായ്ക്കറ്റുകൾ സൂക്ഷിക്കാൻ ശേഷിയുള്ളതാണ് ഈ റോബോട്ടുകൾ. ഒരു മിനിട്ടിനുള്ളിൽ 12 മരുന്നുകുറിപ്പുകൾ പ്രകാരം മരുന്നു വിതരണം ചെയ്യാനും ഇവയ്ക്കു സാധിക്കും.

ഓരോ ഔഷധ പായ്ക്കറ്റുകളിലുമുള്ള ബാർകോഡ് അടിസ്ഥാനമാക്കിയാണ് അതിവേഗ മരുന്നുവിതരണം റോബട്ടിൽ ക്രമീകരിച്ചിട്ടുള്ളത്. മെഷീൻ ബട്ടൺ അമർത്തുന്നതോടെ ഡോക്ടറുടെ നിർദേശത്തിലുള്ള മരുന്നുകൾ ആവശ്യക്കാർക്കു ലഭിക്കും. ഔഷധങ്ങളുടെ പായ്ക്കറ്റുകൾ മുഴുവനായോ ഡോക്ടറുടെ നിർദ്ദേശം അനുസരിച്ച് ആവശ്യത്തിനുള്ളതു മാത്രമായോ ലഭ്യമാക്കാൻ യന്ത്രമനുഷ്യനു സാധിക്കുമെന്നു ഹെൽത്ത് അഥോറിറ്റി ചെയർമാൻ ഹുമൈദ് മുഹമ്മദ് അൽ ഖത്താമി വ്യക്തമാക്കി.

എല്ലാ എമിറേറ്റുകളിലും ഇത്തരത്തിൽ റോബോട്ടിക് ഫാർമസികൾ കൊണ്ടുവരാനാണ് അധികൃതരുടെ തീരുമാനം. ഇതോടെ ഫാർമസികളിൽ നീണ്ട ക്യൂ അപ്രത്യക്ഷമാകുമെന്നാണ് പ്രതീക്ഷ. മാത്രമല്ല, റോബോട്ടിക് സംവിധാനത്തിൽ ഇടപാടുകൾ കടലാസ് രഹിതമായിരിക്കും. രോഗിയെ ചികിത്സിക്കുന്ന ഡോക്ടർ ഓൺ വഴിയാണ് പ്രിസ്‌ക്രിപ്ഷൻ കൈമാറുന്നത്. ഉടൻ തന്നെ അതു ഫാർമസിയിൽ എത്തി വിതരണം ചെയ്യാനും സാധിക്കും. ജീവനക്കാരുടെ ജോലി ഭാരം കുറയ്ക്കുന്നതിന് പുറമേ തെറ്റുകൾ ഉണ്ടാകാനുള്ള സാധ്യതയും കുറവാണെന്നാണ് വിലയിരുത്തുന്നത്. നാളെ മുതൽ റോബോട്ടിക് ഫാർമസി പ്രവർത്തനം ആരംഭിക്കും.