പ്പൺ സർജറിയെന്നു കേട്ടാൽ പേടിക്കാത്തവർ ആരുമുണ്ടാവില്ല. ജീവിതത്തിന്റെ അപകടരമായ ഒരറ്റത്ത് എത്തിയതു പോലെ ഒരു തോന്നലുണ്ടാവുക സ്വാഭാവികം. സർജറിക്ക് വിധേയരാകുന്നവർക്കും ഉറ്റവർക്കും ഉടയോർക്കുമെല്ലാം ഉത്കണ്ഠയും അമ്പരമ്പുമുണ്ടാകും. എങ്ങിനെയാണ് ശാന്തമായിരിക്കുമെന്ന് ചോദിക്കുന്നവർക്കായി ഒരേയൊരു മറുപടിയുണ്ട്. റോബോട്ടിക്‌സ്. അമേരിക്കയിലും യുകെയിലുമൊക്കെ വലിയ പ്രചാരമുള്ളതും ഇന്ത്യയിലുണ്ടെങ്കിലും തെറ്റിദ്ധാരണകളാൽ പലരും ചെയ്യാൻ മടിക്കുന്നതുമായ റോബോട്ടിക് സർജറി. ഒരു യെന്തിരൻ ശസ്ത്രക്രിയ എന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം. ഓപ്പറേഷൻ ടേബിളിൽ റോബോട്ടിന് നമ്മെ ഏൽപ്പിച്ചു കൊടുക്കലല്ല റോബോട്ടിക് സർജറി. സർജറി ചെയ്യേണ്ട ഡോക്ടറുടെ കയ്യിലെ പ്രധാന ഉപകരണമായി റോബോട്ട് മാറുന്നുവെന്നു മാത്രം.

ഇനി ഒരു സംഭവ കഥയിലേക്ക് വരാം.. തുടർച്ചയായി സിഗററ്റ് വലിക്കുന്ന കൂലിപ്പണി ചെയ്യുന്ന ഗോപിക്ക് അമ്പത് വയസ്സായപ്പോഴാണ് വിട്ടു മാറാത്ത ചുമ വന്നത്. ആദ്യം കാര്യമായെടുത്തില്ലെങ്കിലും പിന്നീട് രക്തം കണ്ടതോടെ ഡോക്ടറെ കാണാൻ തീരുമാനിച്ചു. എക്‌സ്‌റേ എടുത്തു നോക്കിയപ്പോൾ വലതു ശ്വാസകോശത്തിലെ വലിയ മുഴ കണ്ടെത്തി. ഇത് നീക്കം ചെയ്യാൻ മേജർ സർജറിയിലൂടെ മാത്രമേ കഴിയൂ. അപകട സാദ്ധ്യതയും സർജറിക്കു ശേഷമുള്ള നീണ്ട വിശ്രമവും വേദനയും കണക്കിലെടുത്ത് പലരും ഇത് ഒഴിവാക്കുകയാണ് ചെയ്യുന്നത്.

സാധാരണക്കാരനായ ഗോപി പിന്നീട് അമൃത ഹോസ്പിറ്റലിലെ റോബോട്ടിക് കാർഡിയാക് തൊറാസിക് സർജൻ ഡോ. കെ ആർ ബാലസുബ്രഹ്മണ്യത്തെ സമീപിച്ചു. ദക്ഷിണേന്ത്യയിലെ തന്നെ ആദ്യത്തെ വിദഗ്ധ റോബോട്ടിക് തൊറാസിക് സർജനാണ് അദ്ദേഹം. സർജറിയിലൂടെ ഗോപിയുടെ ജീവൻ രക്ഷപ്പെട്ടെന്നു മാത്രമല്ല, രണ്ടാഴ്ചയ്ക്കുള്ളിൽ പൂർണ്ണ സുഖം പ്രാപിച്ച് പഴയതു പോലെ ജോലിക്ക് പോയി തുടങ്ങി. ഗോപിയെ കൂടാതെ എഴുപത് വയസ്സ് കഴിഞ്ഞ പ്രധാനദ്ധ്യാപിക ശ്യാമള, ഗൾഫിലേക്കുള്ള വൈദ്യപരിശോധനയിൽ വാരിയെല്ലിനു താഴെ അർബുദം കണ്ടെത്തിയ 28 വയസ്സുള്ള ശങ്കർ തുടങ്ങിയവരൊക്കെ റോബോട്ടിക്‌സിലൂടെ മേജർ ശ്വാസകോശ ശസ്ത്രക്രിയ നടത്തിയ ശേഷം സാധാരണ ജീവിതത്തിലേക്ക് പ്രവേശിച്ചവരാണ്.

തൊറാസിക് സർജറി

നെഞ്ചിനുള്ളിലെ അവയവങ്ങളിൽ നടത്തുന്ന ശസ്ത്രക്രിയകളാണ് തൊറാസിക് സർജറി എന്നറിയപ്പെടുന്നത്. ഇവ പ്രധാനമായും രണ്ടായി തരംതിരിച്ചിരിക്കുന്നു. ഹൃദയവും അയാർട്ടയും ഉൾപ്പെടുന്നത് കാർഡിയോ വാസ്‌കുലാർ സർജറിയും നെഞ്ചിനകത്ത് വരുന്ന മറ്റ് അവയവങ്ങളെല്ലാം തൊറാസിക് സർജറിയിലും വരുന്നു. ശ്വാസകോശ കാൻസർ, ക്ഷയം മൂലം ശ്വാസകോശത്തിന് ഉണ്ടാകുന്ന കേടുപാടുകൾ, ന്യൂമോണിയ മൂലം ശ്വാസകോശത്തിൽ കെട്ടിക്കിടക്കുന്ന ഫ്ളായിഡ് നീക്കം ചെയ്യൽ എന്നിവയെല്ലാം തൊറാസിക് സർജറിയിൽ ചെയ്യുന്നുണ്ട്. ശ്വാസകോശത്തിലെ അർബുദം മാത്രമല്ല, നെഞ്ചിനുള്ളിൽ ഹൃദയവും അയാർട്ടയും അല്ലാതെ ഏതു അവയവങ്ങൾക്കും അർബുദം ബാധിച്ചാലും തൊറാസിക് സർജറിയിലൂടെയാണ് നീക്കം ചെയ്യുന്നത്. വേറിട്ട സ്‌പെഷ്യാലിറ്റി വിഭാഗമായി തൊറാസിക് സർജറി വളർന്നു കൊണ്ടിരിക്കുകയാണിപ്പോൾ.

ആദ്യത്തെ റോബോട്ടിക് തൊറാസിക് സർജറി

2016 മാർച്ചിൽ കേരളത്തിലെ തന്നെ ആദ്യത്തെ തൊറാസിക് റോബോട്ടിക് സർജറി നടന്നത് അമൃത ആശുപത്രിയിലാണ്. ഇതിനകം 110 റോബോട്ടിക് തൊറാസിക് സർജറി ഇവിടെ പൂർത്തിയായി കഴിഞ്ഞു. ഡോ. കെ ആർ ബാലസുബ്രഹ്ണ്യമാണ് തൊറാസിക് റോബോട്ടിക്‌സിന് നേതൃത്വം നൽകുന്നത്. തുടർച്ചയായ പുകവലി മൂലം ശ്വാസകോശ കാൻസർ ബാധിച്ചവർ, ക്ഷയം രോഗം ബാധിച്ച് ശ്വാസകോശത്തിന് കേടുപാടു സംഭവിച്ചവർ എന്നിവരൊക്കെയാണ് ഒപിയിൽ നിത്യവും വരുന്നതെന്ന് ഡോ. ബാലസുബ്രഹ്മണ്യം പറയുന്നു. തുടക്കത്തിൽ തന്നെ ശ്വാസകോശത്തിലെ കാൻസർ ബാധ കണ്ടെത്തുകയാണെങ്കിൽ രോഗിയെ സർജറിയിലൂടെ പൂർണ്ണമായും സുഖപ്പെടുത്താനുമാവും. വിപ്ലകരമായ മാറ്റമാണ് റോബോട്ടിക് സർജറിയിലൂടെ നമ്മുടെ നാട്ടിലെത്തിയിരിക്കുന്നതെന്നും ഡോ. ബാലസുബ്രഹ്മണ്യം പറഞ്ഞു.

എന്താണ് റോബോട്ടിക് സർജറി

പ്പൺ സർജറിയായി ചെയ്യുന്ന ഏതൊരു സർജറിയും റോബോട്ടിക് സർജറിയായി ചെയ്യാനാവും. കുറഞ്ഞ വേദനയോടെ ചെറിയ മുറിവുകൾ (എട്ടു മില്ലീമീറ്റർ) മാത്രമായി കൃത്യതയോടെ ചെയ്യാൻ കഴിയുമെന്നതാണ് റോബോട്ടിക്‌സിന്റെ പ്രത്യേകത. ശസ്ത്രക്രിയ രംഗത്ത് വിപ്ലവകരമായ കുതിച്ചുചാട്ടത്തിന് തുടക്കമിട്ട റോബോട്ടിക് സർജറി പത്തുവർഷമായി പ്രചാരത്തിലുണ്ട്.

റോബോട്ടിക് സർജറിക്കു വേണ്ടി എട്ടു മില്ലീമീറ്റർ വലുപ്പത്തിൽ മൂന്നോ നാലോ ദ്വാരങ്ങളാണ് ഉണ്ടാക്കുക. ഈ ദ്വാരങ്ങളിലൂടെ ട്യൂബുകൾ ഇട്ടശേഷം ആദ്യം 3 ഡി ക്യാമറ ശരീരത്തിലേക്ക് കടത്തി വിടുന്നു. ഇതിനു ശേഷമാണ് റോബോട്ടിനെ സർജറി ടേബിളിനടുത്തേക്ക് കൊണ്ടുവന്ന് നേരത്തെ സ്ഥാപിച്ച ട്യൂബിലൂടെ സർജറിക്കുള്ള റോബോട്ടിക് ഇൻസ്ട്രുമെന്റ് കടത്തിവിടുന്നത്. തൊട്ടടുത്ത കൺസോളിൽ ഇരിക്കുന്ന ഡോക്ടറുടെ വിരലുകളുടെ ചലനം അനുസരിച്ചായിരിക്കും റോബോട്ടിന്റെ ഓരോ ചലനവൂം. കൺസോളിലേക്ക് ഡോക്ടർ പ്രവേശിച്ചാലെ റോബോട്ട് പ്രവർത്തനക്ഷമമാകൂ. കൺസോളിൽ നിന്നും തല പിൻവലിച്ചാൽ റോബോട്ട് നിശ്ചലമാകുകയും ചെയ്യും. കൺസോളിലെ ഇൻഫ്രാറെഡ് രശ്മികളിലൂടെയാണ് ഇത് സാദ്ധ്യമാക്കുന്നത്. ഡോക്ടറുടെ കൈ ചലനമല്ലാതെ റോബോട്ടിന് സ്വന്തമായി ചലനങ്ങളൊന്നും തന്നെയില്ല.

7 തരത്തിൽ 360 ഡിഗ്രിയിലുള്ള (എൻഡോറിസ്റ്റ് ടെക്‌നോളജി) ചലനങ്ങളാണ് ശരീരത്തിനുള്ളിൽ എത്തുന്ന റോബോട്ടിന്റെ ഇൻസ്ട്രുമെൻസുകൾക്ക് ചെയ്യാനാവുക. സ്വന്തം നിലയിൽ എന്തെങ്കിലും ചെയ്യാൻ റോബോട്ടിന് നിർമ്മിത ബുദ്ധിയോ കൃത്രിമ തലച്ചോറോ ഒന്നുമില്ല. ഡോക്ടറുടെ കൈയടക്കവും അനുഭവ സമ്പത്തുമാണ് റോബോട്ടിന്റെയും കരുത്ത്. സാങ്കേതികമായി റോബോട്ട് ഡോക്ടറുടെ കയ്യിലെ വെറും ഒരു ഉപകരണം മാത്രമാണ്. കൺസോളിലിരിക്കുന്ന ഡോക്ടർക്കു പുറമേ മറ്റു ഓപ്പൺ സർജറികളെന്നപ്പോലെ മറ്റു ഡോക്ടർമാരും രോഗിയുടെ സമീപത്തുണ്ടാവും.

റോബോട്ടിക് സർജറിയിലെ നേട്ടങ്ങൾ

സാധാരണ തൊറാസിക് സർജറിയിൽ ക്യാമറ സ്‌ക്രീനിൽ നോക്കി വിപരീദ ദിശയിലാണ് ഡോക്ടർ കൈകൾ ചലിപ്പിക്കുക. എന്നാൽ റോബോട്ടിക്‌സിൽ റോബോട്ടിന്റെ കൈകൾ ചലിക്കേണ്ട ദിശയിൽ തന്നെയാണ് ഡോക്ടറുടേയും കൈകൾ ചലിപ്പിക്കുന്നത്. തൊറാസിക് സർജറിയിൽ ഉപയോഗിക്കുന്ന 2 ഡി ക്യാമറയിലൂടെ രണ്ടര മടങ്ങ് വലുപ്പത്തിലാണ് കാണുന്നത്. എന്നാൽ റോബോട്ടിക് തൊറാസിക് സർജറിയിൽ 3 ഡി ക്യാമറയിലൂടെ പത്തു മടങ്ങ് വലുപ്പത്തിൽ ഡോക്ടർക്ക് ദൃശ്യങ്ങൾ കാണാനാവും. സർജറി ചെയ്യുന്ന അവയവങ്ങളുടെ ഏതു ഭാഗത്തു നിന്നുള്ള ദൃശ്യവും വ്യക്തമായി കാണിക്കാൻ ഇതുപകരിക്കും. ഈ വ്യക്തതയ്യാർന്ന ദൃശ്യങ്ങളാണ് സർജറിക്ക് കൃത്യതയും സൂക്ഷ്മതയും നൽകുന്നത്.

റോബോട്ട് സർജറിയിലുള്ള ഫയർഫ്‌ളൈ ടെക്‌നോളജി ഉപയോഗിച്ച് കാൻസർ ബാധിച്ച കഴലുകൾ പൂർണ്ണമായും കണ്ടുപിടിക്കാൻ സാധിക്കും. മനുഷ്യന്റെ കണ്ണുകൾ കൊണ്ട് കാണാൻ സാധിക്കാൻ കഴിയാത്തതാണ് ഇത്. പൂർണ്ണസൗഖ്യം ലഭിക്കാനും അർബുദം ബാധിച്ച ഭാഗം കൃത്യമായി മുറിച്ചു മാറ്റുന്നതിനും ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണിത്. റോബോട്ടിക്‌സിൽ അർബുദം ബാധിച്ച ഭാഗം പൂർണ്ണമായും മാറ്റിക്കഴിഞ്ഞാൽ പിന്നീട് റേഡിയേഷൻ വേണ്ടി വരാറില്ല. സർജറിയിലൂടെ നീക്കം ചെയ്യുന്ന ഭാഗങ്ങൾ ചെറിയ സഞ്ചിയിലാക്കിയാണ് (എൻഡോബാഗ്) പുറത്തേക്ക് എടുക്കുക. ഇക്കാരണത്താൽ അർബുദം ബാധിച്ച കോശങ്ങളുടെ ചെറിയ പൊടിപോലും ശരീരത്തിനുള്ളിൽ അവശേഷിക്കില്ലെന്നർത്ഥം.

സാധാരണ ഓപ്പൺ തൊറാസിക് സർജറികളിൽ വലിയ തോതിൽ മുറിവുകളുണ്ടാക്കുമ്പോൾ വാരിയെല്ലുകൾക്കിടയിൽ ക്ഷതം ഉണ്ടാകുന്നതിനാൽ വേദനയും കൂടുതലായിരിക്കും. എന്നാൽ റോബോട്ടിക് സർജറിയിൽ വാരിയെല്ലുകൾക്കിടയിലെ സൂക്ഷ്മ നാഡികൾക്കു പോലും ക്ഷതം ഏൽപ്പിക്കാത്തതിനാൽ വേദനയും നന്നായി കുറയും. ഗൈനക്കൊളജി, യൂറോളജി, സർജിക്കൽ ഗസ്സ്‌ട്രോ എൻട്രോളജി, ഹെഡ് ആൻഡ് നെക്ക് വിഭാഗങ്ങളിലും റോബോട്ടിക് സർജറി സാദ്ധ്യമാണ്.

രക്തസ്രാവം നിയന്തിക്കാം

ർജറിക്കിടെ രക്തസ്രാവം ഉണ്ടായാൽ പോലും പെട്ടെന്നു തന്നെ തടയാനും നിയന്ത്രിച്ചു നിർത്താനുമൊക്കെ റോബോട്ടിന്റെ കൈകൾക്ക് കഴിയും. മറ്റു സർജറികളിൽ ബ്ലീഡിങ് ഉണ്ടായാൽ ചെയ്യുന്ന പരിഹാരമാർഗ്ഗങ്ങളേക്കാൾ ഏറെ കൃത്യയാർന്ന സംവിധാനമാണ് റോബോട്ടിക്‌സിലുള്ളത്. സർജറി നിർത്തിവെച്ച് റോബോട്ടിന്റെ കൈകൾ ബ്ലീഡിങ് വരുന്ന ഭാഗത്ത് വച്ചാണ് രക്തസ്രാവം തടയുക. എത്ര സമയം വേണമെങ്കിലും ആ റോബോട്ടിക് കൈകൾ അവിടെയിരിക്കുമെന്നു മാത്രമല്ല, ഡോക്ടർ കൈ ചലിപ്പിക്കാതെ അവിടെ നിന്നും അനങ്ങുകയുമില്ല. മൂന്നു കൈകൾ ഉപയോഗിക്കുന്ന സർജറിയാണെങ്കിൽ ഒരു കൈ കൊണ്ട് രക്തസ്രാവം തടഞ്ഞു നിർത്താനും മറ്റു രണ്ടു കൈകൾ കൊണ്ട് സർജറി നടത്താനുമാവും. മറ്റു സർജറികളിലെപ്പോലെ കാര്യമായ രക്തനഷ്ടം റോബോട്ടിക് സർജറിക്കുണ്ടാവില്ല. 200 മുതൽ 300 മില്ലി രക്തം വരെ സാധാരണയായി നഷ്ടപ്പെടാറുണ്ട്. എന്നാൽ റോബോട്ടിക്‌സിൽ രക്തനഷ്ടം വെറും 50 മില്ലിയേക്കാൾ കുറവുമാണ്.

അണുബാധയെ പേടിക്കേണ്ട

ർജറിക്കു ശേഷം അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് അണുബാധ. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്താലും പലരും പോകാൻ മടിക്കുന്നത് അണുബാധയെ പേടിച്ചാണ്. ചിലപ്പോഴെല്ലാം സർജറിക്കു ശേഷം വീട്ടിലെത്തിയാലും അണുബാധ മൂലം ആശുപത്രിയിൽ വീണ്ടും അഡ്‌മിറ്റാകേണ്ട സാഹചര്യമുണ്ടാവും. ഈ ഭീഷണിയെ നേരിടാനുള്ള ഏറ്റവും നല്ല വഴി റോബോട്ടിക്‌സാണ്. ചെറിയ മുറിവുകളായതിനാൽ ഉണങ്ങാൻ എളുപ്പമാണെന്നു മാത്രമല്ല, അണുബാധയ്ക്കുള്ള സാദ്ധ്യത കുറയുകയും ചെയ്യും.

ഡിസ്ചാർജ്ജ് വേഗത്തിൽ, പാടുകൾ അവശേഷിക്കില്ല

ചെറിയ മുറിവുകൾ മാത്രം അവശേഷിക്കുന്ന ഈ സർജറി കഴിഞ്ഞ് രണ്ടു ദിവസത്തിനുള്ളിൽ തന്നെ ആശുപത്രിയോട് ബൈ ബൈ പറയാം. ഒന്നോ രണ്ടോ ആഴ്്ച കഴിഞ്ഞാൽ പഴയ ജീവിതത്തിലേക്കു തിരിച്ചു പോകാനാവും. എന്നു വച്ചാൽ ഓരോരുത്തർക്കും അവരവരുടെ ജോലികളിൽ തിരികെ പ്രവേശിക്കാമെന്നർത്ഥം. അൽപ്പം കൂടി ക്ഷമിച്ചാൽ റോബോട്ടിക് സർജറിയിൽ നിന്നുണ്ടായ ചെറിയ മുറിവുകളുടെ പാടുകൾ വരെ നിങ്ങളെ വിട്ടുപോകും.

റോബോട്ടിക്‌സ് കീശ കാലിയാക്കില്ല

ശുപത്രി ചെലവുകൾ ഉൾപ്പടെ ഒരു ലക്ഷം രൂപ മുതൽ രണ്ടര ലക്ഷം രൂപ വരെയാണ് അമൃതയിൽ റോബോട്ടിക് തൊറാസിക് സർജറിക്ക് ചെലവ് വരിക. ചെറിയ സർജറി മുതൽ സങ്കീർണ്ണമായ സർജറി വരെ ഈ തുകയിലൊതുങ്ങും. ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാമെന്നതിനാൽ സാധാരണക്കാർക്കും റോബോട്ടിക്‌സാണ് ഉത്തമം. സർജറിക്ക് ചെലവ് അധികമാകില്ലെങ്കിലും റോബോട്ടിന്റെ വില അങ്ങിനെയല്ല. പതിനെട്ടു കോടി രൂപയാണ് കൺസോൾ ഉൾപ്പെടുന്ന ഒരു റോബോട്ടിന്റെ വില. കാലിഫോർണിയയിലെ ഇന്റ്റ്റിയൂറ്റീവ് സർജിക്കൽസ് മാത്രമാണ് ലോകത്ത് ഇത്തരം റോബോട്ടുകളെ നിർമ്മിക്കുന്നത്. ഡാവിഞ്ചി എന്നാണ് റോബോട്ടിന്റെ പേര്. പേറ്റന്റ് കാലാവധി കഴിയുന്നതോടെ മറ്റു കമ്പനികളും റോബോട്ടുകളെ നിർമ്മിച്ചു തുടങ്ങിയാൽ വിലയിൽ കാര്യമായ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ.

റോബോട്ടിക്‌സ് ഏതൊക്കെ ആശുപത്രികളിൽ

കേരളത്തിൽ അമൃത ഹോസ്പിറ്റലിലും ആസ്റ്റർ മെഡിസിറ്റിയിലും കോഴിക്കോട് മിംസിലും മാത്രമേ റോബോട്ടിക് സർജറി ചെയ്യുന്നുള്ളൂ. റോബോട്ടിക്‌സിൽ തൊറാസിക് സർജറി ചെയ്യുന്നത് അമൃതയിൽ മാത്രമാണ്. ഒരു വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 4 ആശുപത്രികളിലേക്കു കൂടി റോബോട്ടുകളെത്തും. ചെന്നൈയിലെ അപ്പോളോ ഹോസ്പിറ്റൽ, ഡൽഹിയിലെ സർ ഗംഗാറാം ഹോസ്പിറ്റൽ, മേദാന്ത ഹോസ്പിറ്റൽ, മുംബൈയിലെ ടാറ്റ മെമോറിയൽ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ മാത്രമാണ് കേരളത്തിന് പുറത്ത് റോബോട്ടിക് തൊറാസിക് സർജറി ചെയ്യുന്നത്.

അമേരിക്കയിലും യുകെയിലുമൊക്കെ വിദഗ്ധ ചികിത്സയ്ക്കായി പോയാലും റോബോട്ടിക്‌സാണ് അവിടെയും നിങ്ങളെ കാത്തിരിക്കുന്നത്. ചെലവ് പതിന്മടങ്ങു വർദ്ധിക്കുമെന്നു മാത്രം. വിദേശത്ത് ലഭ്യമാവുന്ന ഈ അതിവിദഗ്ദ റോബോട്ടിക് ചികിത്സ നമ്മുടെ കൊച്ചുകേരളത്തിന്റെ മധ്യഭാഗത്ത് ലഭിക്കുന്നുവെന്നത് ചെറിയ കാര്യമല്ല. എന്നിട്ടും നമ്മൾ റോബോട്ടിന്റെ പ്രവർത്തനത്തെ കുറിച്ച് തെറ്റായ ധാരണകൾ പുലർത്തി റോബോട്ടിക് സർജറിയെ അവഗണിക്കുകയാണ്. റോബോട്ടിക് സർജറിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഡോ. കെ ആർ ബാലസുബ്രഹ്മണ്യവുമായി ബന്ധപ്പെടാം. ഫോൺ. 8547868097.

ഇ-മെയിൽ: drbala21101@gmail.com 

ക്യാപ്ഷൻ:-

ചിത്രം 1: റോബോട്ടിക് തൊറാസിക് സർജൻ ഡോ. കെ ആർ ബാലസുബ്രഹ്മണ്യം സർജറി ചെയ്യാൻ സഹായിക്കുന്ന റോബോട്ടിനും കൺസോളിനുമൊപ്പം.

ചിത്രം 2 : റോബോട്ടിക് തൊറാസിക് സർജറിക്കു ശേഷമുള്ള മുറിപ്പാടുകൾ.

ചിത്രം. 2: റോബോട്ടിക് തൊറാസിക് സർജറിക്ക് സഹായിക്കാൻ ശരീരത്തിന്റെ ഉള്ളിലേക്ക് കടത്തിവിടുന്ന റോബോട്ടിക് ഇൻസ്ട്രുമെന്റ്.