- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഗരങ്ങളിലെ എലിയും മരപ്പട്ടിയും അടങ്ങിയ ഇരകൾ സമൃദ്ധം; കാട്ടിൽ നിന്ന് നഗരത്തിലേക്ക് ചേക്കേറി മലമ്പാമ്പുകൾ; നഗരത്തിലെ കുറ്റിക്കാടുകൾ മലമ്പാമ്പുകൾക്കും മൂർഖനും പുതിയ താവളം; മുന്നറിയിപ്പ് നൽകി വനംവകുപ്പും

പത്തനംതിട്ട: മലമ്പാമ്പുകൾ നഗരങ്ങളിലേക്കെത്തുന്നു. അടുത്തിടെ കേരളത്തിലെ മൂന്ന് പ്രധാന നഗരങ്ങളിൽ മലമ്പാമ്പുകളെ (പെരുമ്പാമ്പുകൾ) കൂടുതലായി കണ്ടെത്തി.കോഴിക്കോട്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് അഞ്ചുവർഷമായി മലമ്പാമ്പുകളുടെ സാന്നിധ്യം കൂടിയത്. വനംവകുപ്പിന്റെ സ്‌നേക് റെസ്‌ക്യൂ ട്രെയിനിങ് വിഭാഗം നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്.
ഈ നഗരങ്ങളിൽ ശരാശരി 25-നുമുകളിൽ പെരുമ്പാമ്പുകളെ കണ്ടെത്തിയതായാണ് വിവരം. മുമ്പ് ഇത്തരം പാമ്പുകളെ മലയോരങ്ങളിൽമാത്രമേ കണ്ടിരുന്നുള്ളൂ. വനപ്രദേശത്തോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളിൽ കണ്ടുവന്നിരുന്ന പെരുമ്പാമ്പുകൾ ഗ്രാമങ്ങളിൽപ്പോലും അപൂർവമായേ എത്തിയിരുന്നുള്ളൂ. കഴിഞ്ഞകാലങ്ങളിലുണ്ടായ പ്രളയം, പെരുമ്പാമ്പുകളെ നഗരങ്ങളിലെത്തിച്ചെന്നാണ് വിലയിരുത്തൽ.
കോഴിക്കോട് നഗരത്തിൽ വയനാടൻ മലകളിൽനിന്നാണ് പെരുമ്പാമ്പുകൾ എത്തിച്ചേർന്നത്.
നഗരങ്ങളിൽ പാർക്കാനുള്ള സ്ഥലസൗകര്യവും ഇവയ്ക്ക് അനുകൂലമാകുന്നു.നഗരങ്ങളിൽ കാടുപിടിച്ച് ഒറ്റപ്പെട്ടുകിടക്കുന്ന സ്ഥലങ്ങൾ ഇവയുടെ ആവാസവ്യവസ്ഥയ്ക്കിണങ്ങുന്നു. നഗരങ്ങളിലെ മറ്റൊരു അനുകൂലഘടകം ഇവയ്ക്ക് ആവശ്യമായ തീറ്റ കിട്ടുന്നു എന്നുള്ളതാണ്. എലി, മരപ്പട്ടി എന്നീ ഇരകൾ നഗരത്തിൽ കൂടുതലുണ്ട്.
ഇടക്കാലത്ത് കുറവായിരുന്ന മൂർഖൻപാമ്പുകളുടെ എണ്ണവും ഇപ്പോൾ കൂടുകയാണ്. പത്ത് മൂർഖൻപാമ്പിന് ഒരു അണലി എന്നാണ് പുതിയ കണക്ക്. എല്ലായിടത്തും മൂർഖൻപാമ്പുകളുണ്ട്. കാടുകളിൽ മുള പൂക്കുന്നതും മുളയരി ഇഷ്ടംപോലെ ലഭിക്കുന്നതും എലികൾക്ക് വളരാൻ അനുകൂലമാണ്. ഇരകളായ എലികളുടെ എണ്ണം വർധിക്കുന്നത് മൂർഖൻപാമ്പുകൾക്കും ഗുണമാകുന്നു. ഉൾക്കാടുകളിൽ കാണുന്ന രാജവെമ്പാല സാധാരണ പുറംനാടുകളിൽ എത്തുന്നത് ഇരയെത്തേടിയുള്ള പരക്കംപാച്ചിലിനിടയിലാണ്.
കാലാവസ്ഥാവ്യതിയാനവും മലമ്പാമ്പുകൾക്ക് നഗരങ്ങളിലെത്താനുള്ള അനുകൂലഘടകമായി. കോഴിക്കോട് നഗരപ്രദേശങ്ങളിലാണ് മലമ്പാമ്പുകൾ കൂടുതലായി ഉള്ളത്. ആലപ്പുഴയും കൊല്ലവും ഇവയ്ക്കനുകൂലമാണ്. പാമ്പുകളെ അടുത്തറിയാനുള്ള ശാസ്ത്രീയപഠനമാണ് വനംവകുപ്പ് നടത്തുന്നത്.-വൈ.മുഹമ്മദ് അൻവർ, നോഡൽ ഓഫീസർ, സ്‌നേക്ക് റെസ്‌ക്യൂ ട്രെയിനിങ്, വനംവകുപ്പ്.


