ചാരക്കേസിൽ കുടുങ്ങിയ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതം പറയുന്ന റോക്ട്രി - ദ നമ്പി ഇഫക്ടിന്റെ ടീസർ പുറത്ത്. നമ്പി നാരായണനെ വെള്ളിത്തിരയിൽ അവതരിപ്പിക്കുന്ന മാധവന്റെ ശബ്ദമാണ് ടീസറിൽ നിറയുന്നത്.

'20 വർഷത്തിന് മുൻപ് ഈ വിജയം നമുക്കു സാധിക്കുമെന്ന് ഞാൻ പറഞ്ഞു. എന്റെ പേര് നമ്പി നാരായണൻ. ഞാൻ റോക്കറ്റ്രിയിൽ 35 വർഷവും ജയിലിൽ 50 ദിവസവും ജീവിച്ചു. ആ 50 ദിവസത്തിൽ രാജ്യത്തിനുണ്ടായ നഷ്ടത്തെക്കുറിച്ചാണ് ഈ കഥ. എന്നെക്കുറിച്ചല്ല' എന്നും ടീസറിൽ പറയുന്നു.

കഴിഞ്ഞ ദിവസം ചിത്രത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോ മാധവൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. മാധവൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നതുകൂടി ഇതിന്റെ പ്രത്യേകതയാണ്. മാധവൻ, ആനന്ദ് മഹാദേവൻ എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിന്ദി, ഇംഗ്ലീഷ്, തമിഴ് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം ഐഎസ്ആർഒ ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ കഥയാണ് പറയുന്നത്.