മെൽബൺ: രാജ്യമെമ്പാടും പടർന്നിരിക്കുന്ന സാൽമൊനെല്ല പകർച്ചവ്യാധിയുടെ ഉറവിടം തേടുകയാണ് ഓസ്‌ട്രേലിയൻ ആരോഗ്യവകുപ്പ് അധികൃതർ. കേടായ റോക്ക്‌മെലൻ വഴിയാണ് ബാക്ടീരിയ പടർന്നതെന്ന സംശയം ബലപ്പെട്ടതോടെ വിപണിയിൽ നിന്ന് ഇവ തിരിച്ചുവിളിച്ചിട്ടുമുണ്ട്.

കഴിഞ്ഞ ഏഴ് ആഴ്ചകളിലായി കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 86 പേരാണ് സാൽമൊനെല്ലാ ബാക്ടീരിയ ബാധയേറ്റിരിക്കുന്നത്. ഇതിൽ പകുതിയോളം ന്യൂസൗത്ത് വേൽസിലാണെന്നാണ് റിപ്പോർട്ടുകൾ. റോക്ക് മെലൻ ആണ് ബാക്ടീരിയയുടെ ഉത്ഭവ സ്ഥാനമെന്ന സംശയത്തിൽ നോർത്തേൺ ടെറിട്ടറി ആസ്ഥാനമായ കമ്പനിയായ റെഡ് ഡേർട്ട് മെലൻസ് വിപണിയിൽ നിന്ന് തങ്ങളുടെ ഉത്പന്നം തിരിച്ചുവിളിച്ചിട്ടുണ്ട്.

പകർച്ചവ്യാധിയുടെ ഉറവിടം കണ്ടെത്താനുള്ള അക്ഷീണശ്രമത്തിലാണ് ന്യൂസൗത്ത് വേൽസ് ഹെൽത്ത് അഥോറിറ്റിയെന്ന് ഡയറക്ടർ ഓഫ് ഹെൽത്ത് പ്രൊട്ടക്ഷൻ ഡോ. ജറമി മക്അനുൾട്ടി വ്യക്തമാക്കി. എൻഎസ്ഡബ്ല്യൂ ഫുഡ് അഥോറിറ്റിയുമായി സഹകരിച്ചാണ് സാൽമൊനെല്ലയ്‌ക്കേതിരേ പോരാടുന്നത്. പകർച്ചവ്യാധിയുടെ ഉറവിടം സാൽമൊനെല്ലയാണെന്നുള്ള സംശയം നിലനിൽക്കേ വീട്ടിൽ ഇതുവാങ്ങി വച്ചിട്ടുള്ളവർ കഴിക്കരുതെന്ന് ഡോ. മക്‌നുൾട്ടി നിർദേശിക്കുന്നുണ്ട്.

ഇതുസംബന്ധിച്ചുള്ള പരീക്ഷണങ്ങളും അന്വേഷണങ്ങളും തുടർന്നു വരുന്നതിനാൽ കുട്ടികൾ, പ്രായമുള്ളവർ, ഗർഭിണികൾ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ തുടങ്ങിയവർ കുറച്ചു നാളത്തേക്ക് റോക്ക്‌മെലൻ കഴിക്കരുതെന്നാണ് കർശന നിർദ്ദേശം.