ബേസർ: ഇതിഹാസ ടെന്നിസ് താരം റോജർ ഫെഡറർക്ക് സീസണിലെ അവസാന ഗ്രാൻഡ്സ്ലാം ടൂർണമെന്റായ യുഎസ് ഓപ്പൺ നഷ്ടമാവും. കാൽമുട്ടിന് വീണ്ടും ശസ്ത്രക്രിയ വേണ്ടതിനാലാണ് സ്വിസ് താരം ടൂർണമെന്റിൽ നിന്ന് പിന്മാറുന്നത്. അടുത്ത ഓസ്ട്രേലിയൻ ഓപ്പണിനും 40-കാരന്റെ കാര്യം ഉറപ്പില്ല. ഇതിനിടെ നടക്കുന്ന ടൂർണമെന്റുകളിലൊന്നും കളിക്കാനാവില്ലെന്ന് ഫെഡറർ വ്യക്തമാക്കി.

പരിക്കിനെ തുടർന്ന് ഇക്കഴിഞ്ഞ ടോക്യോ ഒളിംപിക്സിൽ നിന്ന് താരം പിന്മാറിയിരുന്നു. വിംബിൾഡണിന് ഇടയിലാണ് പരിക്കേറ്റതെന്നും ഫെഡറർ വ്യക്തമാക്കി. ''ഇക്കഴിഞ്ഞ വിംബിൾഡണിനിടെയാണ് പരിക്കേൽക്കുന്നത്. എന്റെ ഡോക്റ്റർമാർ പറയുന്നത് വീണ്ടും ശസ്ത്രക്രിയക്ക് വിധയനാവണമെന്നാണ്. മാസങ്ങളോളം കോർട്ടിൽ നിന്ന് പുറത്തായിരിക്കും. ശസ്ത്രക്രിയക്ക് ശേഷം പൂർണ ഫിറ്റ്നെസ് നേടിയ ശേഷം മാത്രമേ മത്സരരംഗത്തേക്ക് തിരിച്ചെത്താൻ കഴിയൂ. അതിനെന്ന് കഴിയുമെന്ന് എനിക്കുറപ്പില്ല.'' ഫെഡറർ ഇൻസ്റ്റഗ്രാം ലൈവ് വീഡിയോയിൽ വ്യക്തമാക്കി.

ഈ സീസണിൽ ഫ്രഞ്ച് ഓപ്പണിലും വിംബിൾഡണിലും മാത്രമാണ് ഫെഡറർ കളിച്ചത്. ഫ്രഞ്ച് ഓപ്പണിന്റെ നാലാം റൗണ്ടിൽ പരിക്കിനെ തുടർന്ന് പിന്മാറിയിരുന്നു. വിംബിൾഡണിൽ ക്വാർട്ടർ ഫൈനലിൽ പുറത്തായി.