പാരീസ്: ദൈർഘ്യമേറിയ മത്സരങ്ങൾ കളിക്കാൻ സാധിക്കുന്നില്ലെങ്കിൽ ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറുമെന്ന് ഇതിഹാസ താരം റോജർ ഫെഡറർ. കാൽമുട്ടിലെ ശസ്ത്രക്രിക്ക് ശേഷം ദൈർഘ്യമേറിയ മത്സരങ്ങൾ കളിക്കുന്നതിൽ താരത്തിന് ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ടൂർണ്ണമെന്റിൽ നിന്ന് മാറുന്നതിന്റെ സൂചനകൾ ഫെഡറർ നൽകിയത്. ടൂർണമെന്റിന്റെ കാഠിന്യം കൈകാര്യം ചെയ്യാൻ കാൽമുട്ടിന് കഴിയുന്നില്ലെങ്കിൽ പിന്മാറുമെന്നാണ് താരം പറഞ്ഞത്.

''കളി തുടരണമോ വേണ്ടയോ എന്ന് എനിക്ക് തീരുമാനിക്കേണ്ടതുണ്ട്. കാൽമുട്ടിന് കൂടുതൽ സമ്മർദം കൊടുക്കുന്നത് വെല്ലുവിളിയാവുമോ? വിശ്രമം എടുക്കേണ്ട സമയമാണോ എന്നെല്ലാം അറിയണം. ഓരോ മത്സരത്തിന് ശേഷവും ഞാൻ കാൽമുട്ടിന്റെ അവസ്ഥ വിലയിരുത്തണം. ഓരോ ദിവസവും ഞാൻ ഉറക്കം ഉണരുന്നത് എന്റെ കാൽമുട്ടിന്റെ അവസ്ഥ എങ്ങനെയുണ്ടെന്ന് നോക്കിയാണ്.'' - ഫെഡറർ പറഞ്ഞു.

വലത് കാൽമുട്ടിന് രണ്ടു ശസ്ത്രക്രിയകൾക്ക് വിധേയനായ ശേഷം കഴിഞ്ഞ 18 മാസത്തിനിടെ ഫെഡറർ കളിച്ച ഏറ്റവും ദൈർഘ്യമേറിയ മത്സരമായിരുന്നു കഴിഞ്ഞ ദിവസത്തേത്.വലത് കാൽമുട്ടിന് കഴിഞ്ഞ വർഷം ഫെഡറർ രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയനായിരുന്നു.മൂന്നാം റൗണ്ടിൽ ഡൊമിനിക് കൊപ്ഫെയ്ക്കെതിരായ ഫെഡററുടെ നാലു സെറ്റ് നീണ്ട മത്സരം മൂന്ന് മണിക്കൂറും 35 മിനിറ്റുമാണ് നീണ്ടത്. 7-6(5), 67 (3), 76 (4), 75 എന്ന സ്‌കോറിന് ഫെഡറർ മത്സരം ജയിക്കുകയും ചെയ്തു.

ഇത് 68-ാം തവണയാണ് ഫെഡറർ ഒരു ഗ്രാൻഡ്സ്ലാം ടൂർണമെന്റിന്റെ അവസാന 16-ൽ ഇടംപിടിക്കുന്നത്.2015-ന് ശേഷം ഇത് രണ്ടാം തവണ മാത്രമാണ് ഫെഡറർ റോളണ്ട് ഗാരോസിൽ മത്സരിക്കുന്നത്. വരുന്ന ഓഗസ്റ്റ് എട്ടിന് താരത്തിന് 40 വയസ് തികയും