ബീജിങ്: ഇസ്ലാമിക വിശ്വാസപ്രകാരം മദ്യമോ സിഗററ്റോ വർജിച്ച് ജീവിക്കുന്ന ചൈനയിലെ മുസ്ലീങ്ങളെ ഭീകരരായി കണക്കാക്കി ജയിലിൽ അടക്കുന്ന കടുത്ത നടപടിക്കൊരുങ്ങുകയാണ് ചൈനീസ് ഭരണകൂടം. ചൈനയിലെ ഏറ്റവും പടിഞ്ഞാറുള്ള സിൻജിയാൻഗ് റീജിയണിലെ ഹാമി സിറ്റിയിലെ ഗവൺമെന്റാണ് ഇവിടുത്തെ ന്യൂനപക്ഷമായ ഉയ്ഗൂർ മുസ്ലീങ്ങൾക്കെതിരെ ഈ കടുത്ത നടപടിക്കൊരുങ്ങുന്നത്. ഇത്തരത്തിൽ മതപരമായ കാരണങ്ങളാൽ ലഹരി സാധനങ്ങൾ വർജിച്ചവരെ കുറിച്ച് അറിഞ്ഞാൽ അത് ഗവൺമെന്റിനെ അറിയിക്കണമെന്നാണ് ഉയ്ഗൂർ സമൂഹത്തിൽ പെട്ടവർക്ക് തന്നെ സർക്കാർ കടുത്ത ഉത്തരവേകിയിരിക്കുന്നത്.

പുതിയ ഉത്തരവ് പ്രകാരം മതപരമായ കാരണങ്ങളാൽ മദ്യമോ സിഗററ്റോ തൊടാത്തവർ 30 ദിവസങ്ങൾക്കകം അധികൃതർക്ക് കീഴടങ്ങിയിരിക്കണം. അല്ലെങ്കിൽ പൊലീസ് ഇവരെ തെരഞ്ഞ് കണ്ടെത്തി ജയിലിൽ അടക്കുന്നതായിരിക്കും. ചുരുക്കിപ്പറഞ്ഞാൽ ഇസ്ലാമിക വേട്ടയ്ക്ക് പുതിയ മാനദണ്ഡങ്ങൾ നൽകിയിരിക്കുകയാണ് ചൈനീസ് ഭരണകൂടം. ബുദ്ധ മതക്കാരാൽ മ്യാന്മാറിൽ നിന്നും അടിച്ച് പുറത്താക്കപ്പെട്ട രോഹിൻഗ്യകളുടെ കഥ ലോകം അറിയുമ്പോൾ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഉയ്ഗൂർ മുസ്ലീങ്ങളുടെ യാതനകളുടെ കഥയാണിത്.

സിൻജിയാൻഗിലുള്ള മുസ്ലിം ന്യൂനപക്ഷത്തിനെതിരെയും മറ്റ് എത്നിക് വിഭാഗങ്ങൾക്കെതിരെയും ചൈനീസ് സർക്കാർ സ്വീകരിച്ച് വരുന്ന മനുഷ്യത്വ വിരുദ്ധമായ നടപടികൾ അന്താരാഷ്ട്രതലത്തിൽ കടുത്ത വിമർശനങ്ങൾക്ക് വിധേയമാകുന്ന അവസരത്തിലാണ് പുതിയ കടുത്ത നടപടിയെക്കുറിച്ചുള്ള റിപ്പോർട്ടും പുറത്ത് വന്നിരിക്കുന്നതെന്നത് നിർണാകമാണ്. മില്യൺ കണക്കിന് ഉയ്ഗൂർ മുസ്ലീങ്ങളെ റീ-എഡ്യുക്കേഷൻ സെന്ററുകളിൽ പാർപ്പിച്ചിട്ടുണ്ട്. മതപരമായ തീവ്രവാദത്തിൽ നിന്നും ഇവരെ പിന്തിരിപ്പിക്കുന്നിതിന് വേണ്ടിയാണ് ഇത്തരം സെന്ററുകളിൽ ഇവരെ എത്തിച്ചിരിക്കുന്നതെന്നാണ് ചൈന ഈ പ്രവർത്തിയെ ന്യായീകരിച്ചിരിക്കുന്നത്.

വിദേശത്തുള്ള മുസ്ലിം തീവ്രവാദികൾ, പരമ്പരാഗത മുസ്ലീങ്ങൾ തുടങ്ങിയവരുമായി ഇടപഴകുന്നതിനെതിരെ ഉയ്ഗൂർ മുസ്ലീങ്ങൾക്ക് ചൈനീസ് ഭരണകൂടം കടുത്ത മുന്നറിയിപ്പാണേകിയിരിക്കുന്നത്. മതപരമായ വിശ്വാസങ്ങളാൽ ഹറാം ആണെന്ന് വിലയിരുത്തി ഗവൺമെന്റ് നൽകുന്ന പാർപ്പിട സൗകര്യം, മദ്യം, സിഗററ്റ് തുടങ്ങിയവ നിഷേധിക്കുന്ന ഉയ്ഗൂർ മുസ്ലീങ്ങളെ പറ്റി വിവരം നൽകണമെന്നാണ് ഗവൺമെന്റ് കടുത്ത നിർദേശമേകിയിരിക്കുന്നത്. വിവാഹവേളയിൽ നൃത്തം ചവിട്ടുന്നതിൽ നിന്നും വിട്ട് നിൽക്കുന്ന മുസ്ലീങ്ങളെ പറ്റി വിവരം നൽകാനും അധികൃതർ ഉത്തരവിട്ടിട്ടുണ്ട്.