ചെന്നൈ; സുന്ദരനായ വില്ലനായിരുന്നു രഘുവരൻ. അഭിനയതികവിന്റെ വില്ലൻ വേഷങ്ങൾ. തെന്നിന്ത്യയെ മൊത്തം കൈയിലെടുത്ത നടിയായിരുന്നു രോഹിണി. ഈ വില്ലനും നായികയും വിവാഹിതരായി. പിന്നീട് രഘുവരൻ വിടവാങ്ങി. ഇവരുടെ ജീവിതത്തിൽ എന്താണ് സംഭവിച്ചത്. തുറന്നു പറയുകയാണ് രോഹിണി.

രഘുവരനെ പ്രണയിച്ച രോഹിണി പിന്നീട് അദ്ദേഹത്തെ തന്നെ വിവാഹം കഴിക്കുകയും ചെയ്തു. പ്രണയിച്ച് വിവാഹം കഴിച്ച ആ താരദമ്പതികൾ 2004 വഴിപിരിയുകയും ചെയ്തു. രോഹിണിയുമായി വേർപിരിഞ്ഞ് നാല് വർഷത്തിന് ശേഷം 2008ൽ രഘുവരൻ മരണമടഞ്ഞു. താരദമ്പതികൾക്ക് ഒരു മകനുണ്ട് റിഷി വരൻ. രഘുവരനുമായി വേർപിരിഞ്ഞ ശേഷം എന്തുകൊണ്ട് മറ്റൊരു വിവാഹത്തിന് ശ്രമിച്ചില്ലെന്ന ചോദ്യത്തിനാണ് രോഹിണി മറുപടി പറയുന്നത്.

എനിക്കൊരു രണ്ടാനമ്മയുണ്ടായിരുന്നു. എന്റെ ചെറുപ്പത്തിൽ അമ്മ മരിച്ചതാണ്. അതുകൊണ്ട് ഒരു രണ്ടാനച്ഛൻ ഉണ്ടായാൽ അത് റിഷിയെ എങ്ങനെ ബാധിക്കുമെന്ന് എനിക്ക് ഭയമുണ്ട്. ഇപ്പോൾ ഞങ്ങൾക്കിടയിൽ ആരുമില്ല. നല്ല സ്വാതന്ത്ര്യമുണ്ട്. രണ്ടു പേരെയും നോക്കിക്കോളാം എന്ന് പറഞ്ഞ് വരുന്ന ഒരാളെയും കണ്ടിട്ടുമില്ല-രോഹിണി പറഞ്ഞു. രഘുവരൻ നല്ല സ്നേഹമുള്ള ആളായിരുന്നെന്നും രോഹിണി പറഞ്ഞു. അഡിക്ഷൻ എന്ന രോഗമാണ് പ്രശ്നമായത്. ഞാൻ ആ മനോഭാവത്തോട് തോറ്റുപോയി.

രഘുവിനെ അതിൽ നിന്ന് പുറത്തുകൊണ്ടു വരാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മകനേയും അത് ബാധിക്കുമെന്ന് തോന്നിയപ്പോഴാണ് പിരിഞ്ഞത്. രഘുവിനേയും രക്ഷിക്കണമെന്ന് വിചാരിച്ചെങ്കിലും അഞ്ച് വയസുള്ള മകനായിരുന്നു പ്രാധാന്യം നൽകിയത്. തന്റെ ആദ്യ പ്രണയമായിരുന്നു രഘുവെന്നും രോഹിണി പറഞ്ഞു.