ധാക്ക: ഒരു നേരത്തെ ഭക്ഷണം യാചിച്ച് അഭയം തേടി എത്തുന്ന റോഹിങ്ക്യാകളെ എന്തു ചെയ്യണമെന്നറിയാതെ ബംഗ്ലാദേശുകാർ വലയുന്നു. ലക്ഷക്കണക്കിന് ആൾക്കാർ അഭയം തേടി എത്തിയതോടെ ഇവരെ തമാസിപ്പിക്കാനും ഭക്ഷണം കണ്ടെത്താനും വലയുകയാണ് ബംഗ്ലാദേശ് സർക്കാർ. മ്യന്മാറിൽ നിന്നും അതിർത്തി കടന്ന് ഇപ്പോഴും റോഹിങ്ക്യാകൾ കൂട്ടത്തോടെ എത്തിക്കൊണ്ടിരിക്കുകയാണ്. ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി വഴക്ക് കൂടുന്ന കാഴ്ചയും കാണാം. 

കുട്ടികളും സ്ത്രീകളും കൈകൾ മലർത്തി ഭക്ഷണത്തിനായി യാചിക്കുന്ന കാഴ്ച ആരുടെയും കണ്ണ് നനയിക്കുന്നതാണ്. കഴിഞ്ഞ രണ്ടാഴ്‌ച്ചയ്ക്കുള്ളിൽ അര ദശലക്ഷത്തോളം റോഹിങ്ക്യാകൾ അഭയം തേടി കോക്‌സ് ബസാറിൽ എത്തിയതായാണ് യുഎൻ ഏജൻസിയുടെ റിപ്പോർട്ട്. ഒരു ലക്ഷത്തോളം റോഹിങ്ക്യാകൾ ബുദ്ധിസ്റ്റ്് വിപ്ലവം തുടങ്ങിയപ്പോൾ തന്നെ ബംഗ്ലാദേശിൽ എത്തിയിരുന്നു. റോഹിങ്ക്യാകൾക്കെതിരെ മ്യന്മാറിലെ ഭൂരിപക്ഷമായ ബുദ്ധന്മാർ കടുത്ത ആക്രമണമാണ് അഴിച്ചു വിടുന്നത്. 

ഓഗസ്റ്റ് 25ന് രാഖിൻ സംസ്ഥാനത്ത് ഉണ്ടായ കലാപത്തെ തുടർന്ന് നാടുവിട്ടവരാണ് പുതുതായി എത്തിയവരിൽ പലരും. ഇതോടെ ബംഗ്ലാദേശ് സർക്കാർ ആശങ്കയിലായിരിക്കുകയാണ്. ബിസ്‌ക്കറ്റും അരിയും ഒക്കെ വിതരണം ചെയ്യുന്നുണ്ട്. ക്യൂ നിന്ന് ഭക്ഷണം വാങ്ങാൻ എത്തുന്നവരും നിരവധിയാണ്. അതേസമയം അതിർത്തി അടച്ചിട്ട് ഇന്ത്യ റോഹിങ്ക്യക്കാർ ഇങ്ങോട്ടേക്ക് കടന്നു വരുന്നതിന് തടയിട്ടിട്ടുണ്ട്. അതിന് പുറമേ റോഹിങ്ക്യൻ മുസ്ലിംങ്കൾക്കെതിരെ കടുത്ത അവഗണനയാണ് സൗദി അടക്കമുള്ള മുസ്ലിം രാജ്യങ്ങൾ നടത്തുന്നത്.