കൊച്ചി: മാസങ്ങളോളം പൊലീസിനെ വലച്ച മോഷ്ടാവും സഹായിയും ഒടുവിൽ അറസ്റ്റിലായി. വിവിധ സംസ്ഥാനങ്ങളിലായി ഒളിസ്ഥലങ്ങൾ മാറി മാറി വന്ന് കട്ടപ്പന കൊച്ചുതോവള നെടിയചിറതറയിൽ അഭിജിത് രാജു (24), വടക്കേക്കര നീണ്ടൂർ പതിശേരി ടി.എസ്. രോഹിത് (24) എന്നിവരാണ് അറസ്റ്റിലായത്. നെഹ്റു പാർക്കിൽ പ്രവർത്തിക്കുന്ന മിസ്റ്റർ മൊബൈൽസ് എന്ന സ്ഥാപനത്തിൽനിന്ന് മൂന്നു ലക്ഷത്തോളം രൂപയുടെ മൊബൈൽ ഫോണുകളടക്കം മോഷ്ടിച്ച കേസിലാണ് ഇവർ പിടിയിലായത്.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മോഷ്ടാക്കളെ എത്തിച്ച് മോഷണങ്ങൾക്ക് നേതൃത്വം കൊടുക്കുന്നയാളാണ് അഭിജിത്ത് എന്ന് പൊലീസ് പറഞ്ഞു. മൊബൈൽകട കുത്തിത്തുറന്നു നടത്തിയ മോഷണത്തിലും പിറവത്തെ പള്ളിയിൽ നടന്ന മോഷണത്തിലും രാമമംഗലത്ത് വയോധികനെ ആക്രമിച്ചു മോഷണം നടത്തിയ കേസിലും ഒന്നാം പ്രതിയായ രോഹിത് ടെലിഫിലിമുകളിലും പരസ്യങ്ങളിലും അഭിനയിക്കുന്ന ആളാണ്
കഴിഞ്ഞ ജൂൺ 12നായിരുന്നു മൂന്ന് മോഷണങ്ങളും നടന്നത്.

തമിഴ്‌നാട്ടിൽ നിന്നുള്ള അഭിഭാഷകനടക്കം മൂന്നു പേർ നേരത്തേ പിടിയിലായിരുന്നു. എന്നാൽ തമിഴ്‌നാട്, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിൽ വിവിധയിടങ്ങളിൽ ഒളിവിൽ താമസിച്ചിരുന്ന അഭിജിത്തിനെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് അന്വേഷണസംഘം മാസങ്ങളോളം നടത്തിയ ശ്രമത്തിനൊടുവിലാണ് ഇരുവരും പിടിയിലായത്. സിനിമ തിരക്കഥയെ വെല്ലുന്ന രീതിയിലാണ് തന്റെ ഒലിവ് ജീവിതത്തിൽ രോഹി് തന്ത്രങ്ങൾ മെനഞ്ഞത്

മുൻകാമുകിയെ ഫോണിൽ വിളിച്ച് അഭിജിത്ത് സംസാരിക്കാറുണ്ട്. ഒളിവിൽ കഴിഞ്ഞപ്പോഴും ഇത് തുടരുന്നുണ്ടായിരുന്നു. ഈ ഫോൺവിളിയാണ് അഭിജിത്തിനെ കുടുക്കിയത്. എന്നാൽ ഒരു ഫോൺ നമ്പർ കുറച്ച് ദിവസങ്ങൾ മാത്രമാണ് അഭിജിത്ത് ഉപയോഗിക്കുക, ഇത് പൊലീസിനെ കുഴപ്പത്തിലാക്കിയിരുന്നു. സിനിമ മേഖലയിൽ നിരവധി ബന്ധങ്ങൾ യുവാവിനുണ്ടായിരുന്നു.

വിവിധ സ്ഥലങ്ങളിൽ നിന്നു ശേഖരിച്ച ഫോൺ നമ്പറുകളിലേക്കും പുറത്തേക്കുമുള്ള വിളികൾ പിന്തുടർന്നുള്ള അന്വേഷണങ്ങളെല്ലാം വിഫലമായി. ഒടുവിലാണു സുഹൃത്തുക്കളിൽ നിന്നു മുൻ കാമുകിയുടെ വിവരങ്ങൾ പൊലീസിനു ലഭിച്ചത്. പിന്നീട് പൊലീസ് ഇവരെ പിന്തുടർന്നു. ഇവരുടെ ഫോൺ പരിശോധിച്ചതിൽ നിന്നു ലഭിച്ച നമ്പർ പിന്തുടർന്നതോടെയാണു വൈറ്റിലയിൽ നിന്ന് ഇയാൾ പിടിയിലായത്.