മുംബൈ: വിരാട് കൊഹ്ലി-അനുഷ്‌ക ശർമ്മ താരജോഡിയുടെ വിവാഹാഘോഷത്തേക്കാൾ സൈബർലോകം ഇപ്പോൾ വാഴ്‌ത്തുന്നത് മറ്റൊരു പ്രണയനിമിഷത്തെ കുറിച്ചാണ്. രോഹിത്-റിതിക ദമ്പതിളുടെ കാര്യമാണ് പറഞ്ഞു വരുന്നത്. ചരിത്രം കുറിച്ച രോഹിതിന്റെ ഡബിൾ സോഞ്ച്വറിയും അതുകണ്ട് കണ്ണുനിറഞ്ഞ് നിൽക്കുന്ന റിതികയുടെ ചിത്രവുമെല്ലാം സോഷ്യൽ മീഡിയ ഏറ്റെടുത്തതാണ്.

ഇപ്പോഴിതാ റിതികയ്ക്കും രോഹിതിനും അഭിനന്ദനവുമായി ബോളിവുഡ് താരമായ അനുപം ഖേറും രംഗത്തെത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ദമ്പതികളെ അഭിനന്ദിച്ചത്. റിതികയുടേയും രോഹിതിന്റേയും പ്രണയ കഥയുടെ വിശുദ്ധി ഒരു സിനിമയ്ക്കും പകർത്താൻ കഴിയാത്തതാണെന്നായിരുന്നു അനുപമിന്റെ ട്വീറ്റ്.

സെക്കന്റുകൾക്കൊണ്ട് ഒരുപാട് കഥ പറയുന്നതാണ് ഇരുവരുടേയും മുഖഭാവം പകർത്തിയ ക്ലോസപ്പ് ഷോട്ടുകളെന്നും രണ്ടാം വിവാഹവാർഷികം ആഘോഷിക്കുന്നവർക്ക് ആശംസകൾ നേരുന്നതായും അദ്ദേഹം ട്വീറ്റിൽ കുറിക്കുന്നു.

തങ്ങളുടെ വിവാഹത്തിന്റെ രണ്ടാം വാർഷിക ദിനമായിരുന്നു രോഹിത് തന്റെ കരിയറിലെ മൂന്നാമത്തെ ഡബിൾ സെഞ്ച്വറി നേടുന്നത്. മൂന്ന് ഡബിൾ സെഞ്ച്വറി നേടിയ ഏക താരമാണ് രോഹിത്. രോഹിത് ഡബിൾ സെഞ്ച്വറിയടിച്ച വേളയിൽ ക്യാമറക്കണ്ണുകളിൽ നിറഞ്ഞു നിന്നത് ഗ്യാലറിയിൽ വിതുമ്പി നിൽക്കുന്ന റിതികയായിരുന്നു.