- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'അത് വെറുതെ കളിച്ചൊരു ഷോട്ടല്ല; ഞാൻ കളിക്കാറുള്ള ഷോട്ട് തന്നെയാണത്; മുൻപ് എത്രയോ തവണ ആ ഷോട്ട് ഞാൻ വിജയകരമായി കളിച്ചിരിക്കുന്നു; ചിലപ്പോൾ അത് ഗാലറിയിലെത്തും, ചിലപ്പോൾ ഔട്ടാകും'; ബ്രിസ്ബെയ്നിലെ പുറത്താകലിൽ വിമർശിച്ച ഗവാസ്കറിന് മറുപടിയുമായി രോഹിത് ശർമ
ബ്രിസ്‌ബെയ്ൻ: ഓസ്‌ട്രേലിയയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ മോശം ഷോട്ട് സിലക്ഷനിൽ പുറത്തായതിൽ മുൻ താരങ്ങളുടെ രൂക്ഷവിമർശനത്തോട് പ്രതികരിച്ച് ഇന്ത്യൻ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രോഹിത് ശർമ. ഓസ്‌ട്രേലിയൻ ബോളിങ് നിരയ്ക്കുമേൽ സമ്മർദ്ദമേറ്റാനുള്ള ശ്രമത്തിനിടെയാണ് പുറത്തായതെന്നും ഇത്തരം വിമർശനങ്ങളിൽ കാര്യമില്ലെന്നും രോഹിത് വ്യക്തമാക്കി. ചില സമയത്ത് ആ ഷോട്ട് ബൗണ്ടറി കടക്കും, മറ്റു ചിലപ്പോൾ പുറത്താകുമെന്നും രോഹിത് പറഞ്ഞു.
ഓസിസ് സ്പിന്നർ നഥാൻ ലയോണിനെ ക്രീസ് വിട്ടിറങ്ങി കളിക്കാനുള്ള ശ്രമത്തിനിടെയാണ് രോഹിത് പുറത്തായത്. പന്തിന്റെ ഗതി നിർണയിക്കുന്നതിൽ പിഴവുപറ്റിയതോടെ ലക്ഷ്യം തെറ്റിയ രോഹിത്തിന്റെ ഷോട്ട് ഡീപ് മിഡ്വിക്കറ്റ് ഏരിയയ്ക്ക് സമീപം മിച്ചൽ സ്റ്റാർക്ക് കയ്യിലൊതുക്കുകയായിരുന്നു. തുടക്കത്തിലെ ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റ് നഷ്ടമായ ഇന്ത്യയെ ചേതേശ്വർ പൂജാരയെ കൂട്ടുപിടിച്ച് കരകയറ്റുന്നതിനിടെയാണ് രോഹിത് വിക്കറ്റ് നഷ്ടപ്പെടുത്തിയത്.
തൊട്ടു മുൻപത്തെ ഓവറിൽ ജോഷ് ഹെയ്‌സൽവുഡിനെതിരെ തകർപ്പൻ സ്‌ട്രൈറ്റ് ഡ്രൈവിലൂടെ ബൗണ്ടറി കണ്ടെത്തിയ രോഹിത്, മറ്റൊരു ബൗണ്ടറിക്കുള്ള ശ്രമത്തിലാണ് വീണുപോയത്. ബ്രിസ്‌ബെയ്‌നിൽ ഇന്ത്യൻ താരത്തിന്റെ അർദ്ധസെഞ്ചുറിക്കായി ആരാധകർ പ്രതീക്ഷയോടെ കാത്തുനിൽക്കെയാണ് അപ്രതീക്ഷിതമായ പുറത്താകൽ. 74 പന്തിൽനിന്ന് 44 റൺസെടുത്ത് നിൽക്കെയാണ് രോഹിതിന്റെ വിക്കറ്റ് നഷ്ടമായത്.. നിരാശനായാണ് രോഹിത് പവലിയനിലേക്ക് മടങ്ങിയതും. രോഹിത് കൂടി പുറത്തായതോടെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 60 റൺസ് എന്ന നിലയിലായി ഇന്ത്യ. അവസാന രണ്ട് സെഷനുകൾ മഴയിൽ മുങ്ങിയതോടെ രണ്ടാം ദിനം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 62 റൺസ് എന്ന നിലയിലാണ് ഇന്ത്യ.
രോഹിത് ശർമയുടെ മോശം ഷോട്ട് സിലക്ഷനെ വിമർശിച്ച് മുൻ താരങ്ങളും കമന്റേറ്റർമാരുമായ സുനിൽ ഗാവസ്‌കർ, സഞ്ജയ് മഞ്ജരേക്കർ തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. തീർത്തും നിരുത്തരവാദിത്തപരമായ രീതിയിലാണ് രോഹിത് പുറത്തായതെന്നായിരുന്നു ഗാവസ്‌കറിന്റെ വിമർശനം.
'എന്തുകൊണ്ടാണ് അത്തരമൊരു ഷോട്ട്? വിശ്വസിക്കാനാകുന്നില്ല. തീർത്തും നിരുത്തരവാദിത്തപരമെന്നേ പറയാനുള്ളൂ. ലോങ് ഓണിൽ ഫീൽഡർ ഉണ്ടായിരുന്നുവെന്ന് ഓർക്കണം. ഡീപ് സ്‌ക്വയർ ലെഗ്ഗിലും ഫീൽഡറുണ്ടായിരുന്നു. അതിനു തൊട്ടുമുൻപാണ് മറ്റൊരു ബൗണ്ടറി നേടിയത്. പിന്നെ ഈ ഷോട്ട് കളിക്കേണ്ട ആവശ്യമെന്തായിരുന്നു? ടീമിലെ മുതിർന്ന താരമാണ് താങ്കൾ. എന്ത് ഒഴികഴിവു പറഞ്ഞിട്ടും കാര്യമില്ല. ഒരു കാര്യവുമില്ലാതെയാണ് വിക്കറ്റ് വലിച്ചെറിഞ്ഞത്' ഗാവസ്‌കർ പറഞ്ഞു.
ടീമിന്റെ പരിചയക്കുറവ് പരിഗണിക്കുമ്പോൾ, പരിചയസമ്പന്നനായ രോഹിത്തിന്റെ ഷോട്ട് മാപ്പർഹിക്കുന്നില്ലെന്നായിരുന്നു സഞ്ജയ് മഞ്ജരേക്കറിന്റെ വിമർശനം. പിന്നാലെ മറുപടിയുമായി രോഹിത് രംഗത്തെത്തി.
'അത് വെറുതെ കളിച്ചൊരു ഷോട്ടല്ല. ഞാൻ കളിക്കാറുള്ള ഷോട്ട് തന്നെയാണത്. മുൻപ് എത്രയോ തവണ ആ ഷോട്ട് ഞാൻ വിജയകരമായി കളിച്ചിരിക്കുന്നു. ഞാൻ ഏറ്റവും ആത്മവിശ്വാസത്തോടെ കളിക്കുന്ന ഷോട്ടുകളിലൊന്നു കൂടിയാണത്' രോഹിത് പറഞ്ഞു.
'ഈ ടീമിൽ എന്റെ ചുമതലയ്ക്ക് അനുസരിച്ചാണ് ഞാൻ കളിക്കുന്നത്. അതിനപ്പുറം വേവലാതികളൊന്നും എനിക്കില്ല. കളത്തിലെത്തിയാൽ തനത് ശൈലിയിൽ കളിക്കും. ബാറ്റു ചെയ്യുമ്പോൾ ബോളർക്കുമേൽ ആധിപത്യം സ്ഥാപിക്കാനാണ് ശ്രമം. എതിരാളികളുടെ ബോളിങ് നിരയ്ക്കു മേൽ സമ്മർദ്ദം ചെലുത്താൻ തന്നെയാണ് ശ്രമിക്കുന്നത്. ചില സമയത്ത് അത്തരം ഷോട്ടുകൾ ബൗണ്ടറി കടക്കും. മറ്റു ചിലപ്പോൾ ഔട്ടാകും. ഇത്തവണ പുറത്തായത് തീർത്തും നിർഭാഗ്യകരമായിപ്പോയി. എങ്കിലും എനിക്കേറെ പ്രിയപ്പെട്ട ഷോട്ടു തന്നെയാണത്. അത് ഞാൻ ഇനിയും കളിക്കും' രോഹിത് പറഞ്ഞു.
സ്പോർട്സ് ഡെസ്ക്