- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'സാങ്കേതികമായി ഉയർന്ന നിലവാരമുള്ള താരം; ഒരു മത്സരം വിജയിപ്പിക്കാനുള്ള കരുത്തുണ്ട്; ബാക്ക്ഫുട്ടിൽ കളിക്കും; ഓസ്ട്രേലിയൻ പിച്ചുകളിൽ ഉപകരിക്കും; ലോകകപ്പ് പദ്ധതികളുടെ ഭാഗം'; ഇന്ത്യൻ ടീമിന്റെ ഭാവി പദ്ധതികളിൽ സഞ്ജുവിന് സ്ഥാനമുണ്ടെന്ന് രോഹിത് ശർമ

ലക്‌നൗ: ഓസ്‌ട്രേലിയയിൽ ഈ വർഷം നടക്കുന്ന ട്വന്റി20 ലോകകപ്പിൽ മലയാളി താരം സഞ്ജു സാംസണിന്റെ ചില 'സ്‌പെഷൽ ഷോട്ടുകൾ' ഒരുപാട് ഉപകാരപ്പെടുമെന്നും ഇന്ത്യൻ ടീമിന്റെ ഭാവി പദ്ധതികളിൽ സഞ്ജുവിന് സ്ഥാനമുണ്ടെന്നും വ്യക്തമാക്കി നായകൻ രോഹിത് ശർമ.
ഫോമിലാകുന്ന സമയത്ത് സഞ്ജു കളിക്കുന്ന പല ഷോട്ടുകളും കളിക്കാൻ ഏറെ ബുദ്ധിമുട്ടുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയ രോഹിത്, ഓസ്‌ട്രേലിയയിൽ പോകുമ്പോൾ അത്തരം ഷോട്ടുകൾ ടീമിന് ഉപകരിക്കുമെന്ന് അഭിപ്രായപ്പെട്ടു. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ട്വന്റി20 പരമ്പര വ്യാഴാഴ്ച ലക്‌നൗവിൽ ആരംഭിക്കാനിരിക്കെയാണ് ഇന്ത്യയുടെ ലോകകപ്പ് പദ്ധകകളിൽ സഞ്ജുവിന് കൃത്യമായ സ്ഥാനമുണ്ടെന്ന് രോഹിത്ത് വ്യക്തമാക്കിയത്.
റിഷഭ് പന്ത്, സൂര്യകുമാർ യാദവ് എന്നിവരുടെ അഭാവത്തിൽ ശ്രീലങ്കയ്ക്കെതിരെ ആദ്യ മത്സരത്തിൽ സഞ്ജു കളിക്കാൻ സാധ്യതയേറെയാണ്. ക്യാപ്റ്റന്റെ വാക്കുകൾ നൽകുന്ന സൂചനും അതാണ്. രോഹിത് പറഞ്ഞതിങ്ങനെ... ''സാങ്കേതികമായി ഉയർന്ന നിലവാരമുള്ള താരങ്ങളിൽ ഒരാളാണ് സഞ്ജു. തീർച്ചയായും അദ്ദേഹം ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പ് പദ്ധതികളുടെ ഭാഗമാണ്.
ഐപിഎൽ മത്സരങ്ങളിൽ സഞ്ജുവിന്റെ കഴിവ് നമ്മൾ കണ്ടെതാണ്. മുന്നോട്ടുപോവാനുള്ള എല്ലാ കഴിവും സഞ്ജുവിനുണ്ട്. കഴിവുള്ള നിരവധി താരങ്ങളുണ്ട്. എന്നാലത് എങ്ങനെ ഉപയോഗിക്കുമെന്നുള്ളതിലാണ് കാര്യം. ഇപ്പോൾ സഞ്ജുവിന് അറിയാം തന്റെ കഴിവ് ഏത് തരത്തിൽ ഉപയോഗിക്കണമെന്ന്. ഒരു മത്സരം വിജയിപ്പിക്കാനുള്ള കരുത്ത് സഞ്ജുവിനുണ്ട്. അവന് ആത്മവിശ്വാം നൽകുക മാത്രമാണ് വേണ്ടത്.
ഭാവി പദ്ധതികളിൽ സഞ്ജുവിന് സ്ഥാനമുണ്ട്. അതുകൊണ്ടുതന്നെയാണ് ഇപ്പോൾ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സഞ്ജു ഗംഭീരമായി ബാക്ക്ഫുട്ടിൽ കളിക്കും. ഐപിഎൽ അദ്ദേഹത്തിന്റെ പുൾ ഷോട്ടുകൾ, കട്ട ഷോട്ടുകൾ, ബൗളർമാരുടെ തലയ്ക്കു മുകളിലൂടെ പറക്കുന്ന ലോഫ്റ്റുകൾ. ഇത്തരം ഷോട്ടുകളൊന്നും കളിക്കുക എളുപ്പമല്ല. എന്നാൽ സഞ്ജുവിന് അത് കഴിയുന്നു. ഓസ്ട്രേലിയൻ പിച്ചുകളിൽ ഇത്തരം ശൈലിയാണ് വേണ്ടെതെന്ന് ഞാൻ വിശ്വസിക്കുന്നു. അവൻ എല്ലാവിധ ആശംസകളും നൽകുന്നു. അതോടൊപ്പം കഴിവിനോട് നീതി പുലർത്താൻ സഞ്ജുവിന് സാധിക്കട്ടെ.'' രോഹിത് പറഞ്ഞു.
ആദ്യ ട്വന്റി 20യിൽ ഇഷാൻ കിഷനൊപ്പം റിതുരാജ് ഗെയ്കവാദ് ഓപ്പണറായേക്കും. കോലിയുടെ അഭാവത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ മൂന്നാം സ്ഥാനത്തേക്കിറങ്ങും. പിന്നാലെ ശ്രേയസ് അയ്യർ ക്രീസിലെത്തും. വിൻഡീസിനെതിരെ അവസാന ട്വന്റി 20യിൽ ശ്രേയസ് മൂന്നാമനും രോഹിത് നാലാമനായിട്ടാണ് കളിച്ചിരുന്നത്. പിന്നാലെ സഞ്ജു. മധ്യനിര തകരാതെ കാക്കുകയെന്ന ഉത്തരവാദിത്തമാണ് സഞ്ജുവിന്. അഞ്ചാമതായിട്ടാണ് സഞ്ജു ബാറ്റിംഗിനെത്തുക. ശ്രേയസിന്റേയും സഞ്ജുവിന്റേയും ബാറ്റിങ് സ്ഥാനം മാറാനും സാധ്യതയേറെയാണ്. റിഷഭ് പന്ത് ടീമിലില്ലാത്തതിനാൽ വിക്കറ്റ് കീപ്പറുടെ ചുമതല സഞ്ജുവിന് നൽകാൻ സാധ്യതയുണ്ട്. എന്നാൽ ഒന്നാം വിക്കറ്റ് കീപ്പറായി ഇഷാൻ കിഷനെയാകും പരിഗണിക്കുക.
ഈ വർഷം അവസാനം ഓസ്‌ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ തിരഞ്ഞെടുക്കും മുൻപ്, പരമാവധി യുവതാരങ്ങൾക്ക് അവസരം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് സിലക്ടർമാരും ടീം മാനേജ്‌മെന്റും. ലോകകപ്പിനുള്ള 15 അംഗ ടീമിനെ രൂപപ്പെടുത്താനുള്ള പദ്ധതികളിൽ സഞ്ജുവിനും വ്യക്തമായ ഇടമുണ്ടെന്ന് ചീഫ് സിലക്ടർ ചേതൻ ശർമ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഓൾറൗണ്ടർ വെങ്കടേഷ് അയ്യരാണ് തുടർന്ന് ക്രീസിലെത്തുക. ടീമിനെ സന്തുലിതമാക്കുന്നത് വെങ്കടേഷ് ആയിരിക്കും. പരിക്ക് മാറി തിരിച്ചെത്തിയ രവീന്ദ്ര ജഡേജയും ടീമിൽ സ്ഥാനം പിടിക്കും. താരം നാല് ഓവർ എറിയുന്നതിനൊപ്പം ഫീൽഡിംഗിലും ബാറ്റിങ് നിരയ്ക്കും കരുത്ത് പകരും. ഹർഷൽ പട്ടേൽ വാലറ്റത്തിന് കരുത്ത്. സീനിയർ പേസർ ഭുവനേശ്വർ കുമാർ പേസ് വകുപ്പിന് കരുത്ത് നൽകും. വിശ്രമത്തിന് ശേഷം ടീമിൽ തിരിച്ചെത്തിയ ജസ്പ്രിത് ബുമ്രയാണ് ബൗളിങ് വകുപ്പ് നയിക്കുക. വൈസ് ക്യാപ്റ്റനും അദ്ദേഹം തന്നെ. ടീമിലെ രണ്ടാം സ്പിന്നറായി യൂസ്വേന്ദ്ര ചാഹൽ ടീമിലുണ്ടാവും.


