കൊൽക്കത്ത: വിരാട് കോലിയുടെ മോശം ഫോമിനെ കുറിച്ചുള്ള ചോദ്യങ്ങളിൽ മാധ്യമ പ്രവർത്തകരോട് കടുത്ത ഭാഷയിൽ പ്രതികരിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ.

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും കളിച്ച കോലിക്ക് വെറും 26 റൺസ് മാത്രമായിരുന്നു നേടാനായത്. ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് രോഹിത് മാധ്യമങ്ങളോട് കടുത്ത ഭാഷയിൽ തന്നെ മറുപടി പറഞ്ഞത്.

മുൻ ക്യാപ്റ്റൻ വിരാട് കോലിക്ക് ശക്തമായ പ്രതിരോധം തീർത്താണ് മാധ്യമങ്ങളോട് രോഹിത് ശർമ പ്രതികരിച്ചത്. കോലിയുടെ മാനസികാവസ്ഥ എറ്റവും മികച്ചതാണെന്നും മാധ്യമങ്ങൾ കുറച്ചു കാലത്തേക്കു മിണ്ടാതിരുന്നാൽ കോലി പഴയതുപോലെയാകും എന്നും അഭിപ്രായപ്പെട്ടു.

''ഇതെല്ലാം തുടങ്ങിയത് നിങ്ങളാണ് (മാധ്യമങ്ങൾ) എന്നാണ് ഞാൻ കരുതുന്നത്. കോലി മികച്ച മാനസികാവസ്ഥയിൽ തന്നെയാണ്. സമ്മർദ്ദം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അദ്ദേഹത്തിനറിയാം. നിങ്ങൾക്ക് അൽപ്പനേരം മിണ്ടാതിരിക്കാൻ കഴിയുമെങ്കിൽ, എനിക്ക് ഉറപ്പുണ്ട് അദ്ദേഹത്തിനത് ആശ്വാസമായിരിക്കും.'' - രോഹിത് പറഞ്ഞു.

വെസ്റ്റ് ഇൻഡീസിനെതിരെ ബുധനാഴ്ച തുടങ്ങുന്ന ട്വന്റി20 പരമ്പരയ്ക്കു മുന്നോടിയായി നടത്തിയ മാധ്യമ സമ്മേളനത്തിലാണു രോഹിത്തിന്റെ പ്രതികരണം. വിരാട് കോലിയുടെ പ്രകടനം മെച്ചപ്പെടുത്താൻ കോച്ചിനും ക്യാപ്റ്റനും എന്താണു ചെയ്യാനാകുക എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു രോഹിത്. വിരാട് കോലിയെക്കുറിച്ചുള്ള ചോദ്യങ്ങൾ മാധ്യമപ്രവർത്തകർ ആവർത്തിച്ചതോടെ അൽപം കടുത്ത സ്വരത്തിലായിരുന്നു രോഹിത്തിന്റെ പ്രതികരണം.

'പ്രശ്‌നങ്ങൾക്കുള്ള പരിഹാരം നിങ്ങളിൽനിന്നുതന്നെ തുടങ്ങട്ടെ. കുറച്ചു നാളത്തേക്കു നിങ്ങൾ മിണ്ടാതിരുന്നാൽ കോലി പഴയ പടിയാകും. മാധ്യമ വിചാരണ ഒഴിവാക്കിയാൽ മറ്റു കാര്യങ്ങൾ ഞങ്ങൾ നോക്കിക്കൊള്ളാം. കോലിയുടെ മാനസികാവസ്ഥ ഏറ്റവും മികച്ചതുതന്നെയെന്ന് എനിക്കു പറയാനാകും. 10 വർഷത്തിലേറെയായി രാജ്യാന്തര ക്രിക്കറ്റിൽ സജീവമാണല്ലോ കോലി.

രാജ്യാന്തര ക്രിക്കറ്റിൽ ഇത്രയധികം നാൾ പിന്നിട്ട ഒരാൾക്ക് സമ്മർദത്തെ എങ്ങനെ അതിജീവിക്കണമെന്നു കൃത്യമായ ബോധ്യമുണ്ടാകും. നിങ്ങൾ അൽപം സംയമനം പാലിച്ചാൽ എല്ലാം ശരിയാകും' രോഹിത്തിന്റെ വാക്കുകൾ.

ബുധനാഴ്ച വൈകിട്ട് 7.30നാണ് ഇന്ത്യ വിൻഡീസ് പരമ്പരയിലെ ആദ്യ ട്വന്റി20 മത്സരം നടക്കുക. പരുക്കേറ്റ കെ.എൽ. രാഹുലിനു പരമ്പര നഷ്ടമാകുന്ന സാഹചര്യത്തിൽ, ഋഷഭ് പന്തിനെ പരമ്പരയിലെ വൈസ് ക്യാപ്റ്റനായി ബിസിസിഐ പ്രഖ്യാപിച്ചു. കാലിനേറ്റ പരുക്കിനെത്തുടർന്ന് ഓൾറൗണ്ടർ വാഷിങ്ടൻ സുന്ദറിനും പരമ്പര നഷ്ടമാകും. സുന്ദറിനു പകരം കുൽദീപ് യാദവിനെ ടീമിൽ ഉൾപ്പെടുത്തിയതായും ബിസിസിഐ അറിയിച്ചു.