മുംബൈ: ഐപിഎല്ലിൽ മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന്റെ തുടർതോൽവികൾ നായകൻ രോഹിത് ശർമ മാനസീകമായി തകർത്തെന്ന് മുൻ വിൻഡീസ് താരവും കമന്റേറ്ററുമായ ഇയാൻ ബിഷപ്. എട്ട് മത്സരങ്ങളിൽ തോറ്റ മുംബൈയ്ക്ക് സീസണിൽ ഒരു കളിപോലും ജയിക്കാനായിട്ടില്ല. രോഹിത് ശർമ എട്ട് കളികളിൽ നിന്നും ആകെ 153 റൺസ് മാത്രം സ്‌കോർ ചെയ്തപ്പോൾ ശരാശരി 20 ലും താഴെയെത്തി.

അഞ്ചു തവണ മുംബൈയെ ചാമ്പ്യന്മാരാക്കിയ നായകന് ടീമിനെ ജയിപ്പിക്കാൻ കഴിയുന്നില്ല. ഇത്തവണ ടീമിലെത്തിയ കളിക്കാരുടെ മികവില്ലായ്മയാണ് പരാജയത്തിന് പ്രധാന കാരണം. കഴിഞ്ഞ സീസണിലെ പല കളിക്കാരേയും ഒഴിവാക്കിയതും തിരിച്ചടിയായി. ഇന്ന് രാജസ്ഥാൻ റോയൽസിനെതിരേയാണ് മുംബൈ ഇന്ത്യൻസിന്റെ അടുത്ത മത്സരം.

ഐപിഎൽ 15-ാം സീസണിൽ തുടർതോൽവികൾ ഏറ്റുവാങ്ങിയ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിലെത്തില്ലെന്ന കാര്യം ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. എട്ടു തോൽവികളുടെ ആഘാതം മുംബൈയെ ഏറെക്കാലം വേട്ടയാടും. കോടികൾ നൽകി ടീമിലെത്തിച്ച കളിക്കാർ നിരാശപ്പെടുത്തിയപ്പോൾ നിരന്തരം പ്ലേയിങ് ഇലവനിൽ മാറ്റം വരുത്തിയാണ് ക്യാപ്റ്റൻ രോഹിത് ശർമ കളിക്കിറങ്ങിയത്. ഓരോ മത്സരം കഴിയുമ്പോഴും ആത്മവിശ്വാസത്തോടെ സംസാരിച്ചെങ്കിലും തോൽവി രോഹിത് ശർമയെ തകർത്തെന്നാണ് ഇയാൻ ബിഷപ് പറയുന്നത്. സ്റ്റാർ സ്പോർട്സ് ചാനലിലെ സംവാദത്തിനിടെയാണ് ഇയാൻ ബിഷപ് തുറന്നു പറഞ്ഞത്.

'മുംബൈയുടെ കഴിഞ്ഞ മത്സരത്തിനു ശേഷം രോഹിത്തുമായി ഞാൻ സംസാരിച്ചിരുന്നു. ഹൃദയം തകർന്നവനെപ്പോലെയായാരുന്നു രോഹിത്ത്. മികച്ച പൈതൃകം ആവകാശപ്പെടാവുന്ന ടീമാണു മുംബൈ എന്നതിനാൽ രോഹിത്തിന്റെ മാനസികാവസ്ഥ മനസ്സിലാക്കാവുന്നതാണ്.

വ്യക്തിഗത മാറ്റങ്ങളാണു മുംബൈയ്ക്കു വേണ്ടത്. അവർ ടിം ഡേവിഡിനെ കളത്തിലിറക്കണം എന്നാണ് എന്റെ അഭിപ്രായം. ഡേവിഡിന് കൂടുതൽ അവസരങ്ങൾ ലഭിക്കാതിരുന്നത് എന്നെ ആശ്ചര്യപ്പെടുത്തുന്നു. ബാറ്റിങ് നിരയുടെ ഉത്തരവാദിത്തം ആരെങ്കിലും ഏറ്റെടുക്കേണ്ടത് അനിവാര്യമാണ്. സൂര്യകുമാർ യാദവ് നന്നായിത്തന്നെയാണു കളിക്കുന്നത്.

നിർണായക സമയത്ത് ബോളർമാർ കൂടുതൽ റൺസ് വഴങ്ങുന്നതാണ് അവർക്കു തിരിച്ചടിയാകുന്നത്. പക്ഷേ, ഇത് എങ്ങനെ മറികടക്കാമെന്ന് അവർ ചിന്തിച്ചേ മതിയാകൂ, വരും സീസണുകൾ ലക്ഷ്യമിട്ട് താരങ്ങളെ ഒരുക്കി എടുക്കുക എന്നതും അനിവാര്യമാണ്' ഇയാൻ ബിഷപ് പറഞ്ഞു. അവരുടെ ടീമിൽ കാര്യമായ മാറ്റം വേണമെന്നാണ് തനിക്ക് തോന്നുന്നത്. ടിം ഡേവിഡിനെ അവർ കളിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

അവരുടെ ബാറ്റിങ് ലൈനപ്പിൽ നന്നായി സ്‌കോർ ചെയ്യുന്ന ഒരു ബാറ്ററുടെ കുറവുണ്ട്. സൂര്യകുമാർ യാദവ് അവർക്കൊപ്പമുണ്ട്. അദ്ദേഹം ഭേദപ്പെട്ട നിലയിൽ കളിക്കുകയും ചെയ്യുന്നു. മുംബൈയുടെ ബൗളിങ് ലൈനപ്പിലും കുഴപ്പങ്ങളുണ്ട്. ബൗളർമാർ കൂടുതൽ റൺസ് വിട്ടുകൊടുക്കുന്നു എന്നതാണ് പ്രധാന പോരായ്മ. ബൗളർമാരുടെ പ്രകടനം ഈ സീസണിൽ നിരാശപ്പെടുത്തുന്നു. ബൗളർമാർ തിരിച്ചുവരുമെന്ന പ്രതീക്ഷയും ബിഷപ്പ് പങ്കുവെക്കുന്നുണ്ട്.

മുന്നിൽ നിന്നും നയിക്കാൻ രോഹിത്തിന് കഴിയാത്തത് ടീമിനെ പ്രതിസന്ധിയിലാക്കുന്നു. അഞ്ചു തവണ മുംബൈയെ ചാമ്പ്യന്മാരാക്കിയ ബാറ്ററാണ് രോഹിത്. അതുകൊണ്ടുതന്നെ ഇത്തവണ രോഹിത്തിന്റെ പ്രകടനം ടീമിനെ കാര്യമായി ബാധിച്ചിട്ടുണ്ട്.

മെഗാ ലേലത്തിൽ മുംബൈയുടെ ഇടപെടൽ പരാജയമാണെന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു. ഈ വിമർശനം ശരിവെക്കുന്നതാണ് മുംബൈയുടെ പ്രകടനവും. ടീം ഉടമ തന്നെ കളിക്കാർക്ക് പിന്തുണയുമായി എത്തിയിട്ടും കളിക്കാർക്ക് ടീമിനെ വിജയത്തിലേക്ക് നയിക്കാനാകുന്നില്ല. ശനിയാഴ്ച രാജസ്ഥാൻ റോയൽസിനെതിരെ മുംബൈ കളിക്കിറങ്ങുന്നുണ്ട്. ടീമിൽ കാര്യമായ മാറ്റങ്ങളോടെയാകും മുംബൈ എത്തുക.

(മെയ് ദിനവും മറുനാടൻ മലയാളിയുടെ വാർഷികവും പ്രമാണിച്ച് മറുനാടൻ മലയാളിയുടെ ഓഫീസിന് അവധി ആയതിനാൽ നാളെ(01 -05 -2022) അപ്ഡേഷൻ ഉണ്ടായിരിക്കില്ല - എഡിറ്റർ)