- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിരാട് കോലി നായകസ്ഥാനം ഒഴിയുന്നു; ബാറ്റിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നീക്കം; ട്വന്റി 20 ലോകകപ്പിന് ശേഷം രോഹിത് ശർമ ഇന്ത്യയുടെ ഏകദിന-ട്വന്റി 20 ടീം നായകനായേക്കുമെന്ന് റിപ്പോർട്ട്; രോഹിതിന് അനുകൂലമാകുന്നത് ഐ.പി.എല്ലിലെ കിരീട നേട്ടമടക്കമുള്ള പ്രകടനങ്ങൾ
മുംബൈ: യുഎഇയിൽ ഒക്ടോബർ-നവംബർ മാസങ്ങളിലായി നടക്കുന്ന ട്വന്റി 20 ലോകകപ്പിന് ശേഷം വിരാട് കോലി ഇന്ത്യയുടെ ഏകദിന - ട്വന്റി 20 ടീമുകളുടെ നായകസ്ഥാനം ഒഴിയുമെന്ന് റിപ്പോർട്ട്. ബാറ്റിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കോലിയുടെ നീക്കം.
ഇതോടെ രോഹിത് ശർമ്മ ഏകദിനത്തിലും ട്വന്റി 20യിലും ടീം ഇന്ത്യയെ നയിക്കുമെന്നാണ് ദേശീയമാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. മൂന്ന് ഫോർമാറ്റിലെയും ക്യാപ്റ്റൻസി ബാറ്റിംഗിനെ ബാധിക്കുന്നതായാണ് കോലിയുടെ വിലയിരുത്തൽ.
എം.എസ്.ധോനി വിരമിച്ച ശേഷം ഇന്ത്യയെ നയിക്കുന്നത് കോലിയാണ്. 2014 മുതൽ ടെസ്റ്റ് ടീമിന്റെയും 2017 മുതൽ ഏകദിന ട്വന്റി-20 ടീമിന്റെയും നായകനാണ് കോലി. കോലിയുടെ കീഴിൽ ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാൽ ടീമിന് വേണ്ടി ഐസിസി കിരീടങ്ങളൊന്നും സ്വന്തമാക്കാൻ താരത്തിന് സാധിച്ചിട്ടില്ല.
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം കോലി രോഹിത്തുമായും ടീം അധികൃതരുമായും ചർച്ച നടത്തിയിട്ടുണ്ട്. കോലിയുടെ ആഗ്രഹപ്രകാരമാണ് രോഹിത് നായകസ്ഥാനത്തേക്ക് വരുന്നതെന്ന് ബി.സി.സിഐ വൃത്തങ്ങൾ സൂചന നൽകി. ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിനുവേണ്ടിയാണ് കോലി ഈ തീരുമാനമെടുത്തത്. ട്വന്റി 20 ലോകകപ്പിന് പിന്നാലെ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകും.
നായകസ്ഥാനം കൈമാറുന്നത് സംബന്ധിച്ച് രോഹിത്തും ടീം മാനേജ്മെന്റുമായി കോലി കഴിഞ്ഞ കുറച്ച് മാസങ്ങളായി ചർച്ച ചെയ്തുവരികയാണ് എന്ന് റിപ്പോർട്ടിൽ പറയുന്നു. 2022ലും 2023ലും നടക്കുന്ന ലോകകപ്പുകളിൽ ബാറ്റിംഗിൽ ടീമിന് കൂടുതൽ സംഭാവന നൽകാൻ ഇതിലൂടെ കോലി ലക്ഷ്യമിടുന്നു.
'വൈറ്റ് ബോൾ നായകസ്ഥാനം ഒഴിയുന്നത് സംബന്ധിച്ച് വിരാട് കോലി തന്നെ പ്രഖ്യാപനം നടത്തും. ബാറ്റിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാന്റെ ഫോമിലേക്ക് മടങ്ങിയെത്താനുമാണ് അദേഹത്തിന്റെ ആലോചന' എന്ന് ബിസിസിഐയോട് ചേർന്ന വൃത്തങ്ങൾ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിന്റെ നായകനായി മികച്ച പ്രകടനമാണ് രോഹിത് കാഴ്ചവെച്ചത്. അഞ്ചുതവണ രോഹിത് ടീമിനൊപ്പം ഐ.പി.എൽ കിരീടം നേടി. കോലി ഇതുവരെ ഒരു ഐ.പി.എൽ കിരീടം പോലും നേടിയിട്ടില്ല. രോഹിതിനെ ട്വന്റി-20 ടീമിന്റെ നായകനാക്കണമെന്ന ആവശ്യം നേരത്തേ ഉയർന്നിരുന്നു.
ക്യാപ്റ്റൻസിയിൽ വിജയിക്കുമ്പോഴും സമീപകാലത്ത് ബാറ്റിംഗിൽ കോലിക്ക് താളം നഷ്ടപ്പെട്ടിരിക്കുകയാണ്. അതേസമയം മുപ്പത്തിനാലുകാരനായ രോഹിത് ശർമ്മ കരിയറിലെ മികച്ച ഫോമിലാണ് ബാറ്റ് വീശുന്നത്.
കോലിയുടെ കീഴിൽ ഇന്ത്യ 95 ഏകദിനങ്ങളിൽ കളിച്ചു. 65 മത്സരങ്ങളിൽ വിജയിച്ചപ്പോൾ 27 മത്സരങ്ങളിൽ പരാജയപ്പെട്ടു. 45 ട്വന്റി 20 മത്സരങ്ങളിലാണ് കോലി ഇന്ത്യയെ നയിച്ചത്. അതിൽ 27 മത്സരങ്ങളിൽ വിജയിച്ചപ്പോൾ 14 മത്സരങ്ങളിൽ തോൽവി വഴങ്ങി. ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച നായകനാണ് കോലി. 65 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച കോലി 38 വിജയങ്ങളാണ് സ്വന്തമാക്കിയത്.
'രോഹിത് ശർമ്മ നിശ്ചിത ഓവർ ക്രിക്കറ്റിലെ നായകസ്ഥാനം ഏറ്റെടുക്കാൻ ഉചിതമായ സമയമാണിത്. രോഹിത്തും കോലിയും തമ്മിൽ നല്ല ബന്ധമായതിനാൽ ഇന്ത്യൻ ടീമിന് ഗുണകരമാകും. മൂന്ന് ഫോർമാറ്റിലെയും നായകസ്ഥാനം തന്റെ ബാറ്റിംഗിനെ ബാധിക്കുന്നതായി കോലിക്കറിയാം. ബാറ്റിംഗിൽ ടീമിന് കൂടുതൽ സംഭാവന നൽകേണ്ടതിനാൽ വിശ്രമം കോലിക്ക് അനിവാര്യമാണ്. രോഹിത് വൈറ്റ്ബോൾ നായകനായി ചുമതലയേൽക്കുകയാണെങ്കിൽ വിരാടിന് ഇന്ത്യയെ ടെസ്റ്റിൽ തുടർന്നും നയിക്കുകയും ട്വന്റി 20, ഏകദിന ഫോർമാറ്റുകളിൽ ബാറ്റിംഗിൽ കൂടുതൽ ശ്രദ്ധിക്കുകയും ചെയ്യാം. വെറും 32 വയസുള്ള കോലിയുടെ ഫിറ്റ്നസ് കണക്കിലെടുക്കുമ്പോൾ കുറഞ്ഞത് അഞ്ചാറ് വർഷമെങ്കിലും കളിക്കാൻ കഴിയും' എന്നും ഇന്ത്യൻ ടീമിനോട് ചേർന്ന വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
സ്പോർട്സ് ഡെസ്ക്