- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഏകദിനത്തിലും വിരാട് കോലി പടിയിറങ്ങി; രോഹിത് ശർമ ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിന്റെ നായകൻ; ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സ്ഥാനം നിലനിർത്തി രഹാനെയും പുജാരയും
ന്യൂഡൽഹി: ട്വന്റി 20 ക്രിക്കറ്റിന് പിന്നാലെ ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീം നായകനായും രോഹിത് ശർമ. ദക്ഷിണാഫ്രിക്ക പര്യടനം ആരംഭിക്കുന്നതിന് മുന്നോടിയായാണ് ബി.സി.സിഐ പുതിയ നായകനെ പ്രഖ്യാപിച്ചത്. സെലക്ഷൻ കമ്മിറ്റിയാണ് രോഹിതിനെ നായകനായി തിരഞ്ഞെടുത്തത്. ഇതോടെ വിരാട് കോലി ഏകദിന നായകസ്ഥാനത്തുനിന്ന് പടിയിറങ്ങും. ടെസ്റ്റ് ക്രിക്കറ്റിൽ മാത്രമായിരിക്കും കോലി ഇന്ത്യയുടെ നായകനാകുക.
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെയും പ്രഖ്യാപിച്ചു. മൂന്ന് മത്സര ടെസ്റ്റ് പരമ്പരക്കായി 18 അംഗ ടീമിനെയാണ് സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. വിരാട് കോലി നായകനാകുന്ന ടീമിൽ രോഹിത് ശർമയാണ് വൈസ് ക്യാപ്റ്റൻ.
ടെസ്റ്റ് ക്രിക്കറ്റിൽ അജിങ്ക്യ രഹാനെയ്ക്ക് പകരമാണ് രോഹിത് ശർമയെ സഹനായകനായി തിരഞ്ഞെടുത്തത്. ഡിസംബർ 26 നാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ക്രിക്കറ്റ് പര്യടനം ആരംഭിക്കുക. ആദ്യം ടെസ്റ്റ് മത്സരങ്ങളാണ് നടക്കുക.
പരിക്കുമൂലം രവീന്ദ്ര ജഡേജ, ശുഭ്മാൻ ഗിൽ, അക്ഷർ പട്ടേൽ, രാഹുൽ ചാഹർ എന്നിവരെ ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കി. ടെസ്റ്റ് പരമ്പരക്കുശേഷം നടക്കുന്ന ഏകദിന പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടില്ല.
സമീപകാലത്ത് ഫോമിലല്ലാതിരുന്ന നിലവിലെ വൈസ് ക്യാപ്റ്റൻ അജിങ്ക്യാ രഹാനെ ടെസ്റ്റ് ടീമിൽ സ്ഥാനം നിലനിർത്തി. ഫോമിലല്ലാത്തതിന്റെ പേരിൽ രഹാനെക്കൊപ്പം വിമർശനങ്ങൾക്ക് നടുവിൽ നിൽക്കുന്ന ചേതേശ്വർ പൂജാരയും 18 അംഗ ടീമിലുണ്ട്. പരിക്കുമൂലം ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായ ഓപ്പണർ കെ എൽ രാഹുൽ തിരിച്ചെത്തി.
ശ്രേയസ് അയ്യരും ജയന്ത് യാദവും ടീമിൽ സ്ഥാനം നിലനിർത്തിയപ്പോൾ ന്യൂസിലൻഡിനെതിരായ പരമ്പരയിൽ പരിഗണിക്കാതെ ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തിയ യുവനിരയിൽ ഉൾപ്പെട്ട ഹനുമാ വിഹാരി സീനിയർ ടീമിൽ തിരിച്ചെത്തി. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ ടീമിലുണ്ടായിരുന്ന സൂര്യകുമാർ യാദവിനെ ഒഴിവാക്കി. പേസർമാരായി ഇഷാന്ത് ശർമ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നിവരാണ് ടീമിലുള്ളത്. വൃദ്ധിമാൻ സാഹ രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലെത്തിയപ്പോൾ ശ്രീകർ ഭരത് പുറത്തായി.
ഇന്ത്യൻ ടെസ്റ്റ് ടീം: വിരാട് കോലി (നായകൻ), രോഹിത് ശർമ (സഹനായകൻ), കെ.എൽ.രാഹുൽ, മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യർ, ഹനുമ വിഹാരി, ഋഷഭ് പന്ത്, വൃദ്ധിമാൻ സാഹ, ആർ അശ്വിൻ, ജയന്ത് യാദവ്, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ശാർദുൽ ഠാക്കൂർ, മുഹമ്മദ് സിറാജ്.
18 അംഗ ടീമിന് പുറമെ റിസർവ താരങ്ങളായി നവദീപ് സെയ്നി ഇടംകൈയൻ സ്പിന്നർ സൗരഭ് കുമാർ, പേസർ ദീപക് ചാഹർ, ഇടംകൈയൻ പേസറായ അർസാൻ നാഗ്വാസ്വാല എന്നിവരെയും തെരഞ്ഞെടുത്തിട്ടുണ്ട്. ഈ മാസം 26ന് സെഞ്ചൂറിയിനിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. ജനുവരി മൂന്ന് മുതൽ വാണ്ടറേഴ്സിൽ രണ്ടാം ടെസ്റ്റും 11 മുതൽ കേപ്ടൗണിൽ മൂന്നാം ടെസ്റ്റും നടക്കും. മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
സ്പോർട്സ് ഡെസ്ക്