മുംബൈ: ഐപിഎൽ പതിനഞ്ചാം സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പ്രതീക്ഷകൾ തച്ചുതകർക്കാൻ മുംബൈ ഇന്ത്യൻസ് ഇന്നിറങ്ങുമ്പോൾ ശ്രദ്ധാകേന്ദ്രം നായകൻ രോഹിത് ശർമ്മ ഫോമിലേക്ക് മടങ്ങിയെത്തിയ രോഹിത്തിന് മുന്നിൽ ഒന്നിലധികം നാഴികക്കല്ലുകളാണ് ഇന്ന് കാത്തിരിക്കുന്നത്.

88 റൺസ് കൂടി നേടിയാൽ ടി20യിൽ മുംബൈ ഇന്ത്യൻസ് കുപ്പായത്തിൽ രോഹിത്തിന് 5000 റൺസ് പൂർത്തിയാക്കാം. 4912 റൺസാണ് ഇപ്പോൾ രോഹിത്തിന്റെ പേരിനൊപ്പമുള്ളത്. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ കൂടുതൽ റൺസ് നേടുന്ന താരമാകാൻ ഹിറ്റ്മാന് ഒരു റൺ കൂടി മതി. 12 റൺസ് കൂടി നേടിയാൽ ഐപിഎല്ലിൽ ഏതെങ്കിലുമൊരു ടീമിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമാകാം. ചെന്നൈ സൂപ്പർ കിങ്സിനെതിരെ 1029 റൺസ് നേടിയിട്ടുള്ള ശിഖർ ധവാന്റെ പേരിലാണ് നിലവിലെ റെക്കോർഡ്. ടി20 ക്രിക്കറ്റിൽ 900 ഫോറുകൾ തികയ്ക്കാൻ രോഹിത്തിന് ഏഴ് ബൗണ്ടറികൾ കൂടി മതിയെന്നതും ശ്രദ്ധേയം.

മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്കാണ് മുംബൈ ഇന്ത്യൻസ്-കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കളി തുടങ്ങുക. പ്ലേഓഫ് കാണില്ലെന്ന് ഇതിനകം ഉറപ്പായ മുംബൈ കഴിഞ്ഞ രണ്ട് മത്സരങ്ങളും ജയിച്ചാണ് വരുന്നതെങ്കിലും സൂപ്പർതാരം കെയ്‌റോൺ പൊള്ളാർഡിനെ പ്ലേയിങ് ഇലവനിൽ നിന്ന് ഒഴിവാക്കിയേക്കും. അവസാന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ഓപ്പണർമാരായ രോഹിത് ശർമ്മയും ഇഷാൻ കിഷനും ഫോമിലേക്ക് തിരിച്ചെത്തിയത് മുംബൈക്ക് ആശ്വാസമാണ്. മത്സരം മുംബൈ അഞ്ച് വിക്കറ്റിന് ജയിച്ചപ്പോൾ ഇരുവരും 74 റൺസ് ചേർത്തിരുന്നു.