മുംബൈ: ഏകദിനത്തിൽ ഡബിൾ സെഞ്ച്വറിയിൽ ട്രിപ്പിൾ തികച്ച രോഹിത് ശർമ്മയെ എങ്ങനെയൊക്കെ വാഴ്‌ത്തണമെന്ന് അറിയാതെ വിഷമിക്കുകയാണ് ആരാധകർ. രോഹിത്തിന്റെ ഈ അപൂർവ്വ നേട്ടത്തെ ട്വിറ്റർ ലോകം ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. മൂന്ന് വട്ടം 200ൽ കയറിയ രോഹിതിന്റെ മുഖം റിസർവ് ബാങ്ക് പുതുതായി ഇറക്കിയ 200 രൂപയിൽ ചേർക്കണമെന്ന ആവശ്യമാണ് ട്വിറ്റർ ലോകം മുന്നോട്ട് വെച്ചിരികകുന്നത്.

ഈ അവശ്യം മുന്നോട്ട് വെച്ച ആരാധകർ ഫോട്ടോഷോപ്പിൽ രോഹിത്തിന്റെ ചിത്രം ചേർത്ത 200 രൂപ നോട്ടും ട്വിറ്ററിലൂടെ ഇറക്കി. ഈ ചിത്രം വൈറലായിരിക്കുകയാണ്. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിൽ അവിശ്വസനീയമായി ഡബിൾ സെഞ്ച്വറികൾ അടിച്ചുകൂട്ടുന്ന രോഹിത്ത് ക്രിക്കറ്റ് മഹാരഥന്മാരുടെ ഗണത്തിലേക്കാണ് വാഴ്‌ത്തപ്പെടുന്നത്.

2013 ൽ ടീമിലേക്ക് തിരിച്ചെത്തിയ ശേഷം രോഹിത്തിന്റെ ഏകദിനത്തിലെ ഉയർന്ന സ്‌കോറുകൾ 264, 209, 208 നോട്ടൗട്ട്,171 നോട്ടൗട്ട്, 150, 147, 141 നോട്ടൗട്ട്, 138, 137 ഇങ്ങനെ പോകുന്നു. രോഹിത്ത് ഡബിൾ സെഞ്ചറി അടിച്ചുകൂട്ടുന്നതിനെ കാറുകൾ വാങ്ങുന്നതിനോട് താരതമ്യം ചെയ്താണ് ഓപ്പണിങ് പങ്കാളിയായ ശിഖർ ധവാൻ ട്വീറ്റ് ചെയ്തത്. നേരെ ഷോറൂമിലേക്ക് പോയി കാർ വാങ്ങുന്നത് പോലെയാണ് രോഹിത്ത് ക്രീസിലെത്തി ഇരട്ട സെഞ്ച്വറി നേടുന്നതെന്നാണ് ധവാന്റെ പക്ഷം